ന്യൂഡൽഹി ∙ ഖലിസ്ഥാൻ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’ സംഘടനയുടെ നേതാവുമായ അമൃത്പാൽ സിങ്ങിനെ കണ്ടെത്താനുള്ള ശ്രമം അഞ്ചാം ദിവസവും ഫലം കണ്ടില്ല. അമൃത്പാലിനെതിരെ ലുക്ക് ഒൗട്ട് നോട്ടിസ് പുറപ്പെടുവിച്ച പൊലീസ് തിരച്ചിൽ തുടരുകയാണ്. ഇയാൾ പഞ്ചാബ് വിടാനുള്ള സാധ്യത കണക്കിലെടുത്ത് അയൽ സംസ്ഥാനങ്ങളിലേക്കും തിരച്ചിൽ വ്യാപിപ്പിച്ചു.
പൊലീസിനെ വെട്ടിച്ചു കടക്കാൻ അമൃത്പാൽ ഉപയോഗിച്ച ബൈക്ക് ജലന്തറിലെ ദാരാപുർ ഗ്രാമത്തിനു സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെടുത്തു. ജലന്തറിലെ ഫില്ലൗർ ഭാഗത്തേക്കാണ് ഇയാൾ പോയതെന്നാണു നിഗമനം. അമൃത്സറിലെ ജല്ലൂപുരിലുള്ള അമൃത്പാലിന്റെ വസതിയിലെത്തിയ പൊലീസ് അമ്മയെയും ഭാര്യയെയും ചോദ്യം ചെയ്തു.
ഈ വിഷയത്തെച്ചൊല്ലി പഞ്ചാബ് നിയമസഭ ബഹളത്തിൽ മുങ്ങി. ക്രമസമാധാന നിലയെക്കുറിച്ച് ചർച്ചയാവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിനു സ്പീക്കർ അനുമതി നിഷേധിച്ചതിനെത്തുടർന്ന് കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. അമൃത്പാലിനെതിരായ നടപടിയുടെ പേരിൽ നിരപരാധികളായ സിഖ് യുവാക്കളെ അറസ്റ്റ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് അകാലിദൾ എംപി: മൻപ്രീത് സിങ് അയാലി ആവശ്യപ്പെട്ടു.

English Summary: Search continues for Amritpal Singh