സി.പി.ജോഷി അടക്കം ബിജെപിക്ക് 4 പുതിയ സംസ്ഥാന അധ്യക്ഷന്മാർ

bjp-joshi
1. സി.പി.ജോഷി, 2. മൻമോഹൻ സമൽ, 3.വീരേന്ദ്ര സച്ദേവ, 4. സമ്രാട്ട് ചൗധരി
SHARE

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന രാജസ്ഥാൻ അടക്കം 4 സംസ്ഥാനങ്ങളിൽ ബിജെപിക്ക് പുതിയ പ്രസിഡന്റുമാർ. രാജസ്ഥാനിൽ സിപി ജോഷിയും ഒഡീഷയിൽ മൻമോഹൻ സമലും ഡൽഹിയിൽ വീരേന്ദ്ര സച്ദേവയും ബിഹാറിൽ സമ്രാട്ട് ചൗധരിയുമാണ് പ്രസിഡന്റുമാർ. നാലിടത്തും നിലവിലെ പ്രസിഡന്റുമാരെ മാറ്റണമെന്ന് പാർട്ടിക്കുള്ളിൽ ആവശ്യമുയർന്നിരുന്നു.

രാജസ്ഥാനിൽ മുൻമുഖ്യമന്ത്രി വസുന്ധര രാജെയുമായി സ്വരച്ചേർച്ചയില്ലാതിരുന്ന സതീഷ് പുനിയയ്ക്കു പകരമാണ് ജോഷിയെ നിയോഗിച്ചത്. 

പ്രതിപക്ഷ നേതാവായിരുന്ന ഗുലാബ് ചന്ദ് കട്ടാരിയയെ ആഴ്ചകൾക്കു മുൻപ് അസം ഗവർണറായി നിയമിച്ചിരുന്നു. 

രാജസ്ഥാനിൽ മുഖ്യമന്ത്രി പദമോഹികളുടെ പട്ടികയിലുണ്ടായിരുന്ന പേരുകളാണ് സതീഷ് പുനിയ, കട്ടാരിയ, സി.പി.ജോഷി എന്നിവർ. 

മുൻമുഖ്യമന്ത്രി വസുന്ധര രാജെ മുഖ്യമന്ത്രി സ്ഥാനത്തേക്കു രംഗത്തുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിൽ വോട്ടു തേടാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്. 

പുതിയ പ്രസിഡന്റ് വരുന്നത് വസുന്ധര പക്ഷത്തിന് ഊർജം പകരുമെന്നാണ് കരുതുന്നത്. ജാട്ട് നേതാവായ ജോഷിക്ക് സമുദായത്തിന്റെ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷ. 

ബിഹാറിൽ ജെഡി(യു) മറുകണ്ടം ചാടിയതോടെ മാറിയ ജാതി സമവാക്യങ്ങൾ അനുകൂലമാക്കാനാണ് സഞ്ജയ് ജയ്സ്വാളിനു പകരം കുർമി സമുദായക്കാരനായ സമ്രാട്ട് ചൗധരിയെ കൊണ്ടുവരുന്നതെന്നാണ് സൂചന. യാദവ ഇതര ഒബിസി സമുദായങ്ങളെ ഒപ്പം നിർത്താനാണ് ഇവിടെ ബിജെപി ശ്രമിക്കുന്നത്. 

ഒഡീഷയിൽ പാർട്ടിക്കുള്ളിൽ നിന്ന് എതിർപ്പു നേരിട്ടിരുന്ന സമീർ മൊഹന്തിയെ മാറ്റുമെന്ന അഭ്യൂഹം സജീവമായിരുന്നു. ഡൽഹിയിൽ കേജ്‌രിവാൾ സർക്കാരിനെതിരെയുള്ള സമരങ്ങൾ സജീവമാക്കാൻ കഴിയാതെ പോയതും ഡൽഹി മുനിസിപ്പൽ കൗൺസിലിലെ പരാജയവും ആദേശ് ഗുപ്തയുടെ സ്ഥാനനഷ്ടത്തിന് ഇടയാക്കി.

വൈകാതെ മറ്റു ചില സംസ്ഥാനങ്ങളിലും നേതൃമാറ്റമുണ്ടായേക്കും. കൂട്ടത്തിൽ കേരളത്തിൽ മാറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന് ദേശീയ പ്രസിഡന്റാണ് അക്കാര്യങ്ങൾ തീരുമാനിക്കുന്നതെന്നാണ് ഉന്നത നേതാക്കളിലൊരാൾ മറുപടി പറഞ്ഞത്.

English Summary: BJP new state presidents

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA