ADVERTISEMENT

ന്യൂഡൽഹി ∙ 2013 സെപ്റ്റംബർ 27ന് യുപിഎ സർക്കാരിനെ അന്ന് കോൺഗ്രസ് ഉപാധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധി പരസ്യമായി ചോദ്യം ചെയ്തു. രാഷ്ട്രീയക്കാർ കേസിൽ ശിക്ഷിക്കപ്പെട്ടാൽ ഉടൻ അയോഗ്യതയുണ്ടാവുന്നതു തടയാൻ കൊണ്ടുവരുന്ന ഓർഡിനൻസിനെ ‘തികഞ്ഞ അസംബന്ധം’ എന്നാണ് അന്നു രാഹുൽ വിളിച്ചത്; ഓർഡിനൻസ് പരസ്യമായി വലിച്ചുകീറുകയും ചെയ്തു. 

ശിക്ഷിക്കപ്പെടുന്ന എംപിമാർക്കും എംഎൽഎമാർക്കും ഉടൻ അയോഗ്യതയെന്നു വ്യക്തമാക്കിയ ലില്ലി തോമസ് കേസിലെ വിധി മറികടക്കാനാണ് അന്ന് മൻമോഹൻ സിങ് സർക്കാർ ഓർഡിനൻസിലൂടെ ശ്രമിച്ചത്. കോടതിവിധിക്കെതിരെ അപ്പീൽ നൽകിക്കഴിഞ്ഞാൽ വോട്ടവകാശവും ശമ്പളവുമില്ലാതെ സഭാംഗമായി തുടരാമെന്നായിരുന്നു ഓർഡിനൻസിൽ നിർദേശിച്ചത്. മന്ത്രിസഭ ഇതു പാസാക്കി രാഷ്ട്രപതി പ്രണബ് മുഖർജിക്കു കൈമാറി. പ്രധാനമന്ത്രി മൻമോഹൻ സിങ് യുഎസ് സന്ദർശനത്തിനു പോകുകയും ചെയ്തു. 

താൻ വിദേശത്തായിരുന്നപ്പോൾ രാഹുലിന്റെ ഭാഗത്തുനിന്നുണ്ടായ രോഷപ്രകടനം മൻമോഹൻ സിങ്ങിനെ വിഷമത്തിലാക്കി. ഒപ്പമുണ്ടായിരുന്ന മാധ്യമ പ്രവർത്തകരോട് രാഹുലിന്റെ നടപടിയെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി നൽകാൻ പ്രധാനമന്ത്രി തയാറായില്ല. തിരികെ ഇന്ത്യയിലെത്തുമ്പോൾ അദ്ദേഹം രാജിവയ്ക്കുമോയെന്ന ചോദ്യം പോലും അന്നുണ്ടായി. 

മൻമോഹൻ സിങ് രാജിവച്ചില്ല. ഓർഡിൻസിന്റെ കാര്യത്തിൽ തുടർനടപടിയുണ്ടായില്ല. രാഷ്ട്രീയത്തിലെ ക്രിമിനൽവത്കരണത്തിനെതിരെ ശക്തമായ നിലപാടുള്ള, അത് ഇടംവലം നോക്കാതെ പറയുന്ന നേതാവെന്ന പ്രതിഛായ രാഹുൽ നേടിയെന്ന് ചിലർ വാദിച്ചു. 

എന്നാൽ, പരസ്യമായ രോഷപ്രകടനം അപക്വമായ നടപടിയായെന്ന് ചിലർ വിമർശിച്ചു. 

 

English Summary: Disqualification bill thrashed by Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com