ADVERTISEMENT

ന്യൂഡൽഹി ∙ ഖലിസ്ഥാൻ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’ സംഘടനയുടെ നേതാവുമായ അമൃത്പാൽ സിങ് സന്യാസിയുടെ വേഷം ധരിച്ച് ഡൽഹിയിലെത്തിയതായി സംശയം. കശ്മീരി ഗേറ്റിലെ ഇന്റർ സ്റ്റേറ്റ് ബസ് ടെർമിനലിൽ (ഐഎസ്ബിടി) ഇന്നലെ രാവിലെ ഇയാളെയും അനുയായി പപൽപ്രീത് സിങ്ങിനെയും കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് ഡൽഹി, പഞ്ചാബ് പൊലീസ് മേഖലയിൽ വ്യാപക തിരച്ചിൽ നടത്തി. ഡ്രൈവർമാരെ ചോദ്യം ചെയ്യുകയും സിസിടിവി ദ്യശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. ഇയാളെ പിടികൂടാൻ പൊതുജനങ്ങളുടെ സഹായം തേടി 7 ഫോട്ടോകളും പുറത്തുവിട്ടു. തലപ്പാവ് ധരിച്ചും അല്ലാതെയുമുള്ള ചിത്രങ്ങളാണിവ. 

ഹരിയാനയിലെ കുരുക്ഷേത്രയിലുള്ള ഷാഹബാദിലെ വീട്ടിൽ അമൃത്പാൽ സിങ്ങിനും സഹായിക്കും ബൽജിത് കൗർ എന്ന സ്ത്രീ അഭയം നൽകിയതായി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ഇന്നലെ 12 മണിക്കൂറിനുള്ളിൽ 5 വാഹനങ്ങൾ മാറിക്കയറിയാണ് അമൃത്പാൽ ഡൽഹിയിലെത്തിയതെന്നു പൊലീസ് പറയുന്നു. 

അമൃത്പാൽ സംസ്ഥാനത്തേക്കു കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഉത്തരാഖണ്ഡിലെ ഡെറാഡൂൺ, ഹരിദ്വാർ, ഉധംസിങ് നഗർ ജില്ലകളിൽ പൊലീസ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 

ഇതിനിടെ, ജമ്മുവിലെ ആർഎസ് പുരയിൽ പപൽപ്രീത് സിങ്ങുമായി അടുപ്പമുള്ള അമ്രിക് സിങ്, ഭാര്യ പരംജിത് കൗർ എന്നിവരെ കസ്റ്റഡിയിലെടുത്തു. അമൃത്പാലിന്റെ 2 അംഗരക്ഷകരുടെ തോക്ക് ലൈസൻസ് റദ്ദാക്കി.

ജാക്കറ്റും പാന്റ്സും ധരിച്ച ദൃശ്യങ്ങളും

ജാക്കറ്റും പാന്റ്സും ധരിച്ച അമൃത്പാൽ സിങ് മൊബൈൽ ഫോണിൽ സംസാരിക്കുന്ന സിസി ടിവി ദൃശ്യങ്ങൾ ഇന്നലെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പട്യാലയിൽനിന്നുള്ള ദൃശ്യമാണെന്നു സൂചനയുണ്ടെങ്കിലും എന്നത്തേതാണ് ഇതെന്നതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. 

ഒരു ദൃശ്യത്തിൽ ബാഗേന്തിയ ഇയാൾ മുഖം വെള്ളത്തുണി കൊണ്ടു മറച്ചിട്ടുണ്ട്. മറ്റൊന്നിൽ കണ്ണട ധരിച്ചിരിക്കുന്നു. ഉറ്റ അനുയായി പപൽ പ്രീത് സിങ്ങിനെയും ദൃശ്യത്തിൽ കാണാം. 

അനുകൂലിച്ചും പ്രതികൂലിച്ചും പ്രകടനങ്ങൾ

വാഷിങ്ടൻ ∙ ഖലിസ്ഥാൻ അനുകൂലികൾ കഴിഞ്ഞയാഴ്ച സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിനു നേരെ നടത്തിയ ആക്രമണത്തെ അപലപിച്ചും ഇന്ത്യയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും ഇന്ത്യക്കാർ ത്രിവർണ പതാകയുമായി കോൺസുലേറ്റിനു മുന്നിൽ പ്രകടനം നടത്തി. യുഎസിലെ ഇന്ത്യൻ കോൺസുലേറ്റ് ഓഫിസുകൾ സുരക്ഷിതമാക്കാൻ നടപടിയെടുക്കണമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കണമെന്നും പ്രകടനക്കാർ ആവശ്യപ്പെട്ടു. 

ഇതേസമയം, യുഎസിലും കാനഡയിലും കഴിഞ്ഞദിവസങ്ങളിൽ നടന്നതുപോലെ ലണ്ടനിലെ പാർലമെന്റ് ചത്വരത്തിലും ഖലിസ്ഥാൻ അനുകൂലികൾ മുദ്രാവാക്യം വിളിക്കുകയും ബാനറുകൾ ഉയർത്തുകയും ചെയ്തു. കഴിഞ്ഞ ബുധനാഴ്ച ഇവർ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമിഷനു മുന്നിൽ പ്രകടനം നടത്തിയിരുന്നു. 

English Summary: Manhunt for Amritpal Singh in Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com