എംപി സ്ഥാനത്തുനിന്ന് രാഹുലിനെ അയോഗ്യനാക്കി വിജ്ഞാപനം ഇറങ്ങി; ഒറ്റക്കെട്ടായി പ്രതിഷേധിച്ച് 18 കക്ഷികൾ

HIGHLIGHTS
  • പ്രതിഷേധിച്ച പ്രതിപക്ഷനേതാക്കളിൽ മമതയും കെസിആറും
  • രാഷ്ട്രപതി ഭവനിലേക്ക് പ്രകടനം; അറസ്റ്റ് വരിച്ച് എംപിമാർ
Opposition parties protest
രാഹുൽ ഗാന്ധിക്കെതിരായ നടപടിയിൽ പ്രതിഷേധിച്ചും, അദാനി വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ടും പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രപതി ഭവനിലേക്കു നടത്തിയ മാർച്ച്. ചിത്രം: രാഹുൽ ആർ. പട്ടം ∙മനോരമ
SHARE

ന്യൂഡൽഹി ∙ അപകീർത്തിക്കേസിൽ സൂറത്ത് കോടതി ശിക്ഷിച്ചതോടെ എംപി സ്ഥാനത്തുനിന്ന് രാഹുൽ ഗാന്ധി അയോഗ്യനായെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കി. ഇതിനു പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ 18 പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി. ഇതുവരെ മുഖംതിരിച്ചുനിന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും (തൃണമൂൽ) തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവും (ബിആർഎസ്) വരെ രാഹുലിനെതിരായ നടപടിയെ അപലപിച്ചതു പ്രതിപക്ഷ നിരയിൽ ഐക്യം രൂപപ്പെടുന്നതിന്റെ സൂചനയായി.

സീതാറാം യച്ചൂരി (സിപിഎം), ശരദ് പവാർ (എൻസിപി), അരവിന്ദ് കേജ്‍രിവാൾ (എഎപി), എം.കെ.സ്റ്റാലിൻ (ഡിഎംകെ), അഖിലേഷ് യാദവ് (എസ്പി) തുടങ്ങിയവരും രാഹുലിനെ പിന്തുണച്ചും കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ചും രംഗത്തുവന്നു. സിപിഐ, ജനതാദൾ (യു), ആർജെഡി, ശിവസേന (ഉദ്ധവ് താക്കറെ), ജെഎംഎം, മുസ്‍ലിം ലീഗ്, ആർഎസ്പി, കേരളാ കോൺഗ്രസ് (മാണി), എംഡിഎംകെ, നാഷനൽ കോൺഫറൻസ്, ബിഎസ്പി എന്നിവയും പിന്തുണ വ്യക്തമാക്കി.

രാഹുലിനെതിരായ നടപടിയിൽ പ്രതിഷേധിച്ചും അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) അന്വേഷണം ആവശ്യപ്പെട്ടും പാർലമെന്റിൽനിന്നു രാഷ്ട്രപതി ഭവനിലേക്ക് തൃണമൂൽ ഒഴികെ 17 കക്ഷികളിലെ എംപിമാർ പ്രകടനം നടത്തി. ഇവരെ കസ്റ്റഡിയിലെടുത്ത പൊലീസ് 5 മണിക്കൂർ സ്റ്റേഷനിൽ തടഞ്ഞുവച്ചു.

congress-leaders-7
രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനു പിന്നാലെ കോൺഗ്രസ് ആസ്ഥാനത്തു ചേർന്ന യോഗത്തിൽ ‌നേതാക്കളായ പ്രിയങ്ക ഗാന്ധി, അംബിക സോണി, മുകുൾ വാസ്നിക്, മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി എന്നിവർ. ചിത്രം: മനോരമ

ആദ്യമായാണ് രാഹുലിനുവേണ്ടി പ്രതിപക്ഷ നിരയിലെ പ്രമുഖർ ഒറ്റക്കെട്ടായി അണിനിരക്കുന്നത്. ബിജെപിയെ നേരിടാൻ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ചു മറ്റു പ്രതിപക്ഷ കക്ഷികളുമായി സഹകരിക്കുകയെന്ന നിലപാടിലാണു കോൺഗ്രസും.

വയനാട് വീണ്ടും തിരഞ്ഞെടുപ്പിലേക്ക് ?

അയോഗ്യതാ വിജ്ഞാപനമിറങ്ങിയതോടെ വയനാട് ലോക്സഭാ സീറ്റിൽ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങി. തിരഞ്ഞെടുപ്പു കമ്മിഷൻ ഉടൻ വിജ്ഞാപനം ഇറക്കുമെന്ന സൂചന ശക്തമാണ്. രാഹുൽ കുറ്റക്കാരനാണെന്ന വിധി മേൽക്കോടതി സ്റ്റേ ചെയ്യുകയോ റദ്ദാക്കുകയോ ചെയ്താൽ അയോഗ്യതയും ഉപതിരഞ്ഞെടുപ്പും ഒഴിവാകും. വിധിക്കെതിരെ ഗുജറാത്തിലെ സെഷൻസ് കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണു കോൺഗ്രസ്.

English Summary: Rahul Gandhi disqualified from parliament day after conviction in 2019 criminal defamation case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS