ഒബിസിയെ അവഹേളിച്ചുവെന്ന് ബിജെപി; പ്രചാരണം ശക്തമാക്കും

HIGHLIGHTS
  • നീരവ് മോദി, ലളിത് മോദി വിഷയം ചർച്ചയാകുന്നത് തടയാനും നീക്കം
bjp-flag
ഫയൽചിത്രം.
SHARE

ന്യൂഡൽഹി∙ രാഹുൽ ഗാന്ധിക്കു ശിക്ഷ വിധിച്ച സൂറത്ത് കോടതി വിധിയിലെ പഴുതുകൾ ബോധ്യമുണ്ടെങ്കിലും വിവാദം മുതലെടുത്തു രാഷ്ട്രീയനേട്ടം ഉണ്ടാക്കുകയാണ് ബിജെപി. പിന്നാക്ക (ഒബിസി) വിഭാഗത്തെ കൂടെനിർത്താൻ ലക്ഷ്യമിട്ടുള്ള തന്ത്രങ്ങൾക്ക് ഈ വിവാദം പാർട്ടി പ്രയോജനപ്പെടുത്തുന്നു. രാജ്യവ്യാപകമായി ഈ വിഷയത്തിൽ പ്രചാരണം നടത്താൻ ബിജെപി തീരുമാനിച്ചിട്ടുണ്ട്.

മോദി എന്ന പേരുള്ളവർക്കെതിരെയുള്ള പരാ‍മർശം ഒരു സമുദായത്തിനെതിരെയാണെന്ന വ്യാഖ്യാനത്തിലൂടെ രാഹുൽ ഗാന്ധി ഒബിസി വിഭാഗത്തെ അവഹേളിച്ചുവെന്നാണ് പാർട്ടി നടത്തുന്ന പ്രചാരണം. പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയാണ് ആദ്യം ട്വീറ്റിലൂടെ ഇക്കാര്യം പറഞ്ഞത്. പിന്നീടു കേന്ദ്രമന്ത്രിമാരായ ഭൂപേന്ദർ യാദവ്, അനുരാഗ് ഠാക്കൂർ, ധർമേന്ദ്ര പ്രധാൻ, വി. മുരളീധരൻ, രാജീവ് ചന്ദ്രശേഖർ തുടങ്ങിയവരൊക്കെ ഇതേ രീതിയിൽ പ്രതികരണം നടത്തിയത് ഈ വിഷയത്തിലെ പാർട്ടി നീക്കം വ്യക്തമാക്കുന്നു. 2019ൽ ചൗക്കീദാർ ചോർ ഹേ എന്ന രാഹുലിന്റെ പരാമർശം ഉപയോഗപ്പെടുത്തിയതുപോലെയാവും ഇതും പാർട്ടി ഉപയോഗപ്പെടുത്തുക.

മോദി എന്നത് ഒരു സമുദായത്തെ മാത്രം സൂചിപ്പിക്കുന്ന പേരല്ല. ഹിന്ദുക്കളിലും മുസ്‌ലിംകളിലും ജൈന മതക്കാരിലുമെല്ലാം മോദി എന്ന സർനെയിം ഉണ്ട്. രാഹുൽ കുറ്റപ്പെടുത്തിയ ലളിത് മോദിയും നീരവ് മോദിയും മോദി സമുദായക്കാരല്ലെങ്കിലും പ്രധാനമന്ത്രിയെ സമുദായം പറഞ്ഞ് ആക്ഷേപിച്ചു എന്ന പ്രചാരണമാണു ബിജെപി നടത്തുക. നീരവ് മോദിയുടെയും ലളിത് മോദിയുടെയും കാര്യം വീണ്ടും ചർച്ചയാകുന്നതു തടയുകയും ഈ നീക്കത്തിനു പിന്നിലുണ്ട്.

അതോടൊപ്പം തന്നെ രാഹുൽ ഗാന്ധിക്ക് അയോഗ്യത ലഭിക്കുന്ന വിധം ഈ കേസിൽ കോൺഗ്രസ് അലംഭാവം കാണിച്ചുവെന്നും ബിജെപി പറയുന്നുണ്ട്. പവൻ ഖേരയുടെ കേസിൽ ഉടനടി ജാമ്യത്തിനു ശ്രമിച്ച പാർട്ടി രാഹുലിന്റെ എംപി സ്ഥാനം സംരക്ഷിക്കാൻ മേൽക്കോടതിയെ സമീപിക്കുന്നതിൽ ഉപേക്ഷ കാണിച്ചുവെന്ന് അനുരാഗ് ഠാക്കൂർ പറഞ്ഞു.

കേസ് നൽകിയത് പൂർണേശ് മോദി

മുൻമന്ത്രിയും ഗുജറാത്തിലെ സൂറത്ത് വെസ്റ്റിൽ നിന്നുള്ള ബിജെപി എംഎൽഎയാണ് രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തിക്കേസ് കൊടുത്ത പൂർണേഷ് മോദി. താഴേത്തട്ടിൽ നിന്നുയർന്നു വന്ന നേതാവാണ് പൂർണേശ്. താനും പണ്ടു ചായ വിറ്റിരുന്നുവെന്ന് ഇത്തവണയും പ്രചാരണവേളയിൽ അദ്ദേഹം അവകാശപ്പെട്ടിരുന്നു.

ഈ കേസിൽ കാര്യമായ നടപടികളുണ്ടാകുന്നില്ലെന്നു പറഞ്ഞ് ഹൈക്കോടതിയിൽനിന്ന് അദ്ദേഹം തന്നെ സ്റ്റേ വാങ്ങിയിരുന്നതായി കോൺഗ്രസ് കുറ്റപ്പെടുത്തുന്നുണ്ട്. പിന്നീട് രാഹുൽ ഗാന്ധി അദാനിക്കെതിരെ പാർലമെന്റിൽ പ്രസംഗിച്ചപ്പോഴാണ് സ്റ്റേ മാറ്റാനാവശ്യപ്പെട്ട് കേസ് ഊർജിതപ്പെടുത്തിയതെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് സിങ്‌വി പറയുന്നു.

Enlish Summary : Rahul Gandhi insulted OBC community alleges BJP

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA