ADVERTISEMENT

ന്യൂഡൽഹി∙ രാഹുൽ ഗാന്ധിക്കെതിരായ നടപടിക്കെതിരെ രാജ്ഘട്ടിൽ കോൺഗ്രസ് നടത്തിയ സത്യഗ്രഹത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദാനിയെയും പ്രിയങ്ക ഗാന്ധി കടന്നാക്രമിച്ചു. തന്റെ കുടുംബാംഗങ്ങൾ രാജ്യത്തിനു വേണ്ടി നടത്തിയ ജീവത്യാഗം ഓർമിപ്പിച്ചും രാഹുലിനെതിരായ അനീതി ചൂണ്ടിക്കാട്ടിയുമായിരുന്നു പ്രിയങ്കയുടെ 21 മിനിറ്റ് പ്രസംഗം. 

പ്രസംഗത്തിൽനിന്ന്:

‘മഹാത്മാഗാന്ധിയുടെ സമാധിസ്ഥലത്തു നിൽക്കുമ്പോൾ 32 വർഷം പഴക്കമുള്ള ഒരു സംഭവം ഓർക്കുകയാണ്; 1991 മേയിൽ നടന്ന സംഭവം. തീൻ മൂർത്തി ഭവനിൽനിന്ന് എന്റെ അച്ഛന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര നടക്കുകയായിരുന്നു അന്ന്. മൃതദേഹം വഹിച്ചു നീങ്ങിയ സേനാ വാഹനത്തിനു പിന്നിലുള്ള വാഹനത്തിൽ ഞാനും ചേട്ടൻ രാഹുലും അമ്മ സോണിയയും ഇരുന്നു. 10 – 15 മിനിറ്റ് കഴിഞ്ഞപ്പോൾ രാഹുൽ പറഞ്ഞു – എനിക്കു വാഹനത്തിനു പുറത്തിറങ്ങി നടക്കണം. അന്നു ഞങ്ങൾക്കു സുരക്ഷാ ഭീഷണിയുള്ള കാലമാണ്. രാഹുലിനെ അമ്മ വിലക്കി. രാഹുൽ വാശി പിടിച്ചു. രാഹുൽ ഇറങ്ങട്ടെയെന്നു ഞാൻ അമ്മയോടു പറഞ്ഞു. വാഹനത്തിൽ നിന്നിറങ്ങിയ രാഹുൽ അച്ഛന്റെ മൃതദേഹത്തിനു പിന്നിലായി നടന്നു. നടന്നുനടന്ന് അദ്ദേഹം ഈ സമാധിസ്ഥലം വരെയെത്തി. 

ഈ രാജ്ഘട്ടിൽനിന്ന് 400 മീറ്റർ അകലെ അച്ഛന്റെ അന്ത്യകർമങ്ങൾ എന്റെ ചേട്ടൻ നിർവഹിച്ചു. ആ ചിത്രം ഇന്നും എന്റെ മനസ്സിലുണ്ട്. ഇവിടെ പാറുന്ന ത്രിവർണ പതാകയിലാണ് അച്ഛന്റെ മൃതദേഹം പൊതിഞ്ഞത്. രാജ്യത്തിനു വേണ്ടി ജീവൻ നൽകിയ എന്റെ അച്ഛനെയാണ് ഇപ്പോൾ പാർലമെന്റിൽ ചിലർ അപമാനിക്കുന്നത്. ആ രക്തസാക്ഷിയുടെ മകനെയാണു രാജ്യദ്രോഹിയെന്നു വിളിക്കുന്നത്. അദ്ദേഹത്തിന്റെ അമ്മയെയാണ് അവഹേളിക്കുന്നത്. രാഹുലിനു സ്വന്തം അച്ഛൻ ആരാണെന്ന് അറിയുക പോലുമില്ലെന്ന് ബിജെപിയുടെ ഒരു മുഖ്യമന്ത്രി പറഞ്ഞു. എന്റെ കുടുംബം നെഹ്റുവിന്റെ പേരു സ്വീകരിക്കാത്തത് എന്തുകൊണ്ടെന്ന് ഈ രാജ്യത്തെ പ്രധാനമന്ത്രി പാർലമെന്റിൽനിന്നു ചോദിച്ചു. എന്റെ കുടുംബത്തെ ഒന്നടങ്കം അപമാനിക്കുകയാണ്; കശ്മീരി പണ്ഡിറ്റുകളെ അപമാനിക്കുകയാണ്. ഇങ്ങനെയെല്ലാം അപമാനിക്കുന്ന ബിജെപിക്കാർക്കു ശിക്ഷയില്ല, ജയിലില്ല. അവരെ ആരും പാർലമെന്റിൽനിന്ന് അയോഗ്യരാക്കില്ല. തിരഞ്ഞെടുപ്പിൽ വിലക്കില്ല. എന്തുകൊണ്ട്? എന്റെ കുടുംബത്തെ ഒന്നിനു പിറകെ ഒന്നായി അപമാനിച്ചപ്പോഴും ഇത്രയും കാലം ഞങ്ങൾ മിണ്ടാതെയിരുന്നു. 

ബിജെപിയോട് എനിക്ക് ഒന്നേ ചോദിക്കാനുള്ളൂ – ഒരു വ്യക്തിയെ നിങ്ങൾ എത്ര നാൾ അപമാനിക്കും? കുടുംബാധിപത്യത്തെക്കുറിച്ചു ബിജെപിക്കാർ പറയുന്നു. അപ്പോൾ ഭഗവാൻ രാമൻ ആരായിരുന്നു? സ്വന്തം കുടുംബത്തിനും മണ്ണിനും വേണ്ടി തന്റെ ധർമം നിർവഹിച്ച അദ്ദേഹം കുടുംബാധിപത്യവാദിയായിരുന്നോ? പാണ്ഡവർ കുടുംബാധിപത്യവാദികളായിരുന്നോ? ഞങ്ങളുടെ കുടുംബാംഗങ്ങൾ ഈ രാജ്യത്തിനു വേണ്ടി ജീവൻ ത്യജിച്ചവരാണ്. ഇവിടെ പാറുന്ന ത്രിവർണ പതാകയിൽ അവരുടെ രക്തമുണ്ട്. ഈ മണ്ണിൽ അവരുടെ രക്തമുണ്ട്. എന്റെ കുടുംബത്തിന്റെ രക്തത്തിൽ ചാലിച്ചെടുത്തതാണ് ഈ രാജ്യത്തെ ജനാധിപത്യം. നിരന്തരം അപമാനിച്ച് ഞങ്ങളെ ഭയപ്പെടുത്താമെന്ന് ആരെങ്കിലും കരുതിയെങ്കിൽ അവർക്കു തെറ്റി. ഞങ്ങൾ പേടിക്കുന്നവരല്ല. ഞങ്ങൾ കൂടുതൽ ശക്തിയോടെ പോരാടും. ജനാധിപത്യത്തിനു വേണ്ടി എന്തും ചെയ്യാൻ ഞങ്ങൾ തയാറാണ്. 

രാജ്ഘട്ടിൽ കോൺഗ്രസ് സംഘടിപ്പിച്ച സത്യാഗ്രഹം പ്രിയങ്ക ഗാന്ധി അഭിസംബോധന ചെയ്യുന്നു. ചിത്രം: രാഹുൽ പട്ടം ∙ മനോരമ
രാജ്ഘട്ടിൽ കോൺഗ്രസ് സംഘടിപ്പിച്ച സത്യാഗ്രഹം പ്രിയങ്ക ഗാന്ധി അഭിസംബോധന ചെയ്യുന്നു. ചിത്രം: രാഹുൽ പട്ടം ∙ മനോരമ

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയവരാണു കോൺഗ്രസുകാർ. രാജ്യത്തിന്റെ സമ്പത്തു മുഴുവൻ ഒരു വ്യക്തി തട്ടിയെടുക്കുന്നതു ജനങ്ങൾ കാണുന്നില്ലേ? ആ സമ്പത്ത് രാഹുൽ ഗാന്ധിയുടേതല്ല; ജനങ്ങളുടേതാണ്. രാഹുൽ 2 ചോദ്യം ഉന്നയിച്ചപ്പോൾ കേന്ദ്രം വിരണ്ടു. ഉത്തരമില്ലാത്തപ്പോൾ ചോദ്യം ഉന്നയിക്കുന്നയാളെ നിശ്ശബ്ദനാക്കാൻ ശ്രമിക്കുന്നു. ഒരു വ്യക്തിയെ സഹായിക്കാൻ കേന്ദ്ര സർക്കാരും മന്ത്രിമാരും ഇത്രയും കിണഞ്ഞു ശ്രമിക്കുന്നതെന്തിനാണെന്നു ജനങ്ങൾ ചിന്തിച്ചിട്ടുണ്ടോ? സമ്പത്തു മുഴുവൻ കൊടുക്കാൻ ആരാണീ അദാനി? പേരു കേൾക്കുമ്പോൾത്തന്നെ കേന്ദ്രം വിറളിപിടിക്കാൻ മാത്രം ആരാണീ അദാനി? 

വലിയ കാര്യങ്ങൾ ചെയ്യുന്നുവെന്നു വീമ്പിളക്കുന്ന കേന്ദ്ര സർക്കാരിന് ഒരു ഗ്യാസ് സിലിണ്ടറിന്റെ വില കുറയ്ക്കാനുള്ള ശക്തി പോലുമില്ലേ? തൊഴിലില്ലായ്മയും വിലക്കയറ്റവും പിടിച്ചുനിർത്താനാവുന്നില്ലെങ്കിൽ പിന്നെ ആർക്കു വേണ്ടിയാണ് ഈ സർക്കാർ? രാഹുൽ വിദേശത്ത് ഇന്ത്യയെ അപമാനിച്ചുവെന്നു കേന്ദ്രസർക്കാരും മന്ത്രിമാരും മാധ്യമങ്ങളും പറയുന്നു. ഇന്ത്യയെ ഒന്നിപ്പിക്കാൻ കന്യാകുമാരി മുതൽ കശ്മീർ വരെ അയ്യായിരത്തോളം കിലോമീറ്റർ നടന്നയാൾ രാജ്യത്തെ അപമാനിക്കുമെന്നു കരുതുന്നുണ്ടോ? ദരിദ്രരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും അവകാശത്തിനു വേണ്ടിയാണു രാഹുൽ ശബ്ദമുയർത്തിയത്. 

ലോകത്തിലെ 2 വലിയ സർവകലാശാലകളായ ഹാർവഡ്, ഓക്സ്ഫഡ് എന്നിവിടങ്ങളിൽനിന്നു പഠിച്ചിറങ്ങിയ ആളാണ് എന്റെ ചേട്ടൻ. അദ്ദേഹത്തെ പപ്പുവെന്നു ബിജെപി വിളിക്കുന്നു. രാഹുലിന്റെ ഡിഗ്രികളോ അദ്ദേഹത്തെക്കുറിച്ചുള്ള യാഥാർഥ്യങ്ങളോ കാണാതെ മാധ്യമങ്ങൾ അദ്ദേഹത്തെ പപ്പുവാക്കി. ലക്ഷക്കണക്കിനാളുകൾക്കൊപ്പം രാജ്യത്തുടനീളം നടന്നപ്പോൾ അദ്ദേഹം പപ്പുവല്ലെന്നു മനസ്സിലാക്കി. ജനങ്ങൾക്കൊപ്പം നടന്ന ശേഷം പാർലമെന്റിൽ രാഹുൽ ചോദ്യങ്ങളുന്നയിച്ചപ്പോൾ കേന്ദ്രത്തിന് ഉത്തരംമുട്ടി; അവർ ഭയന്നു. 

രാജ്ഘട്ടിൽ കോൺഗ്രസ് സംഘടിപ്പിച്ച സത്യാഗ്രഹം പ്രിയങ്ക ഗാന്ധി അഭിസംബോധന ചെയ്യുന്നു. ചിത്രം: രാഹുൽ പട്ടം ∙ മനോരമ
രാജ്ഘട്ടിൽ കോൺഗ്രസ് സംഘടിപ്പിച്ച സത്യാഗ്രഹം പ്രിയങ്ക ഗാന്ധി അഭിസംബോധന ചെയ്യുന്നു. ചിത്രം: രാഹുൽ പട്ടം ∙ മനോരമ

രാഹുലിനെ പൂട്ടാൻ കേന്ദ്രം നടത്തിയ കാര്യങ്ങളോർക്കുമ്പോൾ ചിരി വരും. രാഹുലിനെതിരെ സൂറത്ത് കോടതിയിൽ കേസ് നൽകിയ ആൾ പിന്നീടു സ്വന്തം കേസ് പിൻവലിക്കാൻ ശ്രമിച്ചു. രാഹുൽ പാർലമെന്റിൽ അദാനിയെക്കുറിച്ചു സംസാരിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ കേസ് പുനരാരംഭിച്ചു. വിധിയും ശിക്ഷയുമെല്ലാം ഞൊടിയിടയിലായിരുന്നു. 8 വർഷത്തേക്ക് അദ്ദേഹത്തിനു മത്സരിക്കാനാവില്ലെന്നു പറയുന്നു; പാർലമെന്റിൽനിന്നു പുറത്താക്കി. ഈ രാജ്യത്തെ പ്രധാനമന്ത്രി ഭീരുവാണെന്നു ഞാൻ പറയുന്നു. എനിക്കെതിരെ കേസെടുക്കൂ; എന്നെ കൂടി ജയിലിലടയ്ക്കൂ. സ്വന്തം ആളുകൾക്കു പിന്നിൽ ഒളിച്ചിരിക്കുന്നയാളാണു പ്രധാനമന്ത്രി; അദ്ദേഹം അഹങ്കാരിയാണ്. ഈ രാജ്യത്തിനൊരു പാരമ്പര്യമുണ്ട് – അഹങ്കാരികളായ രാജാക്കൻമാർക്കു ജനം മറുപടി നൽകും എന്നതാണത്. 

മാധ്യമപ്രവർത്തകരോടാണ് എനിക്കു പറയാനുള്ളത് – നിങ്ങൾക്കുമേൽ നിയന്ത്രണങ്ങളുണ്ടെന്ന് എനിക്കറിയാം. പക്ഷേ, ഈ രാജ്യത്തിന്റെ ജനാധിപത്യം അപകടത്തിലാണെന്നു തിരിച്ചറിയൂ. രാജ്യത്തു വ്യാപകമായി അന്യായം നടക്കുന്നു. നിവർന്നുനിന്നു ചങ്കൂറ്റത്തോടെ സത്യം വിളിച്ചുപറയൂ. രാജ്യത്തെ രക്ഷിക്കാൻ നമ്മളെല്ലാം ഒന്നിച്ചുനിന്നു പോരാടണം. മഹാത്മാഗാന്ധി അന്ത്യനിദ്ര കൊള്ളുന്ന സ്ഥലത്തിനു സമീപംനിന്നു ഞാൻ ജനങ്ങളോടു പറയുന്നു; നിങ്ങൾ ഇപ്പോൾ ഉണർന്നില്ലെങ്കിൽ രാജ്യം അപകടത്തിലാകും. എത്രയോ പേർ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി സ്വന്തം ചോര നൽകി. അതെല്ലാം അദാനിക്കു വേണ്ടിയായിരുന്നോ? കണ്ണുകൾ തുറക്കൂ. സമയമായിരിക്കുന്നു. രാഹുൽ പറഞ്ഞ അതേ വാക്കുകൾ ഞാനും പറയുന്നു; ഭയക്കരുത് നിങ്ങൾ!’ 

English Summary: Rahul Gandhi Disqualification: Priyanka Gandhi Addresses Congress Sankalp Satyagraha 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com