കഠ്മണ്ഡു∙ ഖലിസ്ഥാൻ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’ നേതാവുമായ അമൃത്പാൽ സിങ് ഒളിവിൽ കഴിയുന്നത് നേപ്പാളിലാണെന്നു സൂചന ലഭിച്ചു. മൂന്നാമതൊരു രാജ്യത്തേക്കു രക്ഷപ്പെടാൻ അയാളെ അനുവദിക്കരുതെന്നും ഇന്ത്യൻ പാസ്പോർട്ടോ വ്യാജപാസ്പോർട്ടോ ഉപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിച്ചാൽ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഇന്ത്യ നേപ്പാൾ സർക്കാരിനോട് അഭ്യർഥിച്ചു.
അമൃത്പാൽ സിങ്ങിന്റെ വ്യക്തിഗത വിവരങ്ങൾ ബന്ധപ്പെട്ട ഏജൻസികൾക്കും ഹോട്ടലുകൾ, വിമാനക്കമ്പനികൾ തുടങ്ങിയവയ്ക്കും കൈമാറിയിട്ടുണ്ട്. വ്യത്യസ്ത പേരിൽ ഒന്നിലേറെ പാസ്പോർട്ടുകൾ ഇയാൾക്കുണ്ടെന്നാണു വിവരം. ഈമാസം 18 ന് ആണ് ഇയാൾ അമൃത്‌സറിൽനിന്നു പൊലീസിനെ വെട്ടിച്ചു കടന്നത്.
ഇതിനിടെ, അമൃത്പാലിന്റെ അനുയായി തേജീന്ദർ സിങ് ഗില്ലിന് അഭയം കൊടുത്ത ലുധിയാന സ്വദേശി ബൽവന്ത് സിങ്ങിനെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു.
യുഎസിൽ വീണ്ടും ഖലിസ്ഥാൻ അനുകൂല പ്രകടനം
ന്യൂയോർക്ക്∙ അമൃത്പാൽ സിങ്ങിനു പിന്തുണ പ്രഖ്യാപിച്ച് ഒരുസംഘം ഖലിസ്ഥാൻ അനുകൂലികൾ മൻഹാറ്റൻ നഗരത്തിലെ ടൈംസ് സ്ക്വയറിൽ പ്രകടനവും വാഹന റാലിയും നടത്തി. ഖലിസ്ഥാൻ പതാകയേന്തിയ വാഹനങ്ങൾ ഉച്ചത്തിലുള്ള സംഗീതത്തിനൊപ്പം തുടരെ ഹോൺ മുഴക്കിയായിരുന്നു പ്രകടനം. ട്രക്കുകളിൽ അമൃത്പാലിന്റെ എൽഇഡി ചിത്രങ്ങളും പ്രദർശിപ്പിച്ചു.
ശനിയാഴ്ച വാഷിങ്ടനിലെ ഇന്ത്യൻ എംബസിക്ക് പുറത്തും ഖലിസ്ഥാൻ അനുകൂലികൾ പ്രകടനം നടത്തുകയും കയ്യേറ്റത്തിനു ശ്രമിക്കുകയും ചെയ്തിരുന്നു.
English Summary : Amritpal Singh may be in Nepal - reports