ADVERTISEMENT

ന്യൂഡൽഹി∙ വൈദ്യുതിക്ക് വ്യത്യസ്തസമയങ്ങളിൽ വ്യത്യസ്ത നിരക്ക് ഈടാക്കുന്ന ടൈം ഓഫ് ഡേ താരിഫ് (ടിഒഡി) സമ്പ്രദായം 2025 ഏപ്രിൽ ഒന്നിനകം രാജ്യമാകെ പ്രാബല്യത്തിൽ വരുന്നു. ഇതുസംബന്ധിച്ച കരട് ചട്ടഭേദഗതിയിന്മേൽ കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി. ഇത് നടപ്പായാൽ വൈദ്യുതി ഉപയോഗം ഏറുന്ന (പീക്) വൈകിട്ട് 6 മുതൽ 10 വരെ വൈദ്യുത ചാർജ് കൂടുകയും പകൽ സമയത്ത് കുറയുകയും ചെയ്യും. പീക് സമയത്തെ വീടുകൾക്കുള്ള നിരക്ക് ഏറ്റവും കുറഞ്ഞത് 10% അധികമായിരിക്കും. വ്യവസായ, വാണിജ്യ ഉപയോക്താക്കൾക്ക് ഇത് 20 ശതമാനവും.

സൗരോർജ ഉൽപാദനമടക്കം നടക്കുന്ന പകൽ സമയത്ത് എല്ലാ ഉപയോക്താക്കൾക്കും സാധാരണനിരക്കിനേക്കാൾ 20 ശതമാനമെങ്കിലും കുറവായിരിക്കും. നിരക്കും പീക് സമയവും നിശ്ചയിക്കുന്നത് സംസ്ഥാന റെഗുലേറ്ററി കമ്മിഷനുകളാണ്. വൈദ്യുത ബിൽ കുറയ്ക്കാൻ രാത്രി സമയത്തെ (പീക് ടൈം) ഉപയോഗം കുറയ്ക്കേണ്ടി വരുമെന്നു ചുരുക്കം.

കേരളത്തിൽ പ്രതിമാസം 500 യൂണിറ്റിനു മുകളിൽ ഉപയോഗിക്കുന്ന വീടുകൾക്കും 20 കിലോവാട്ടിനു മുകളിൽ ആവശ്യകതയുള്ള വ്യവസായ ഉപയോക്താക്കൾക്കും മാത്രമാണ് നിലവിൽ ടിഒഡി രീതി ബാധകം. കേരള റെഗുലേറ്ററി കമ്മിഷന്റെ ഉത്തരവനുസരിച്ച് നിലവിൽ ഇവർ പീക് സമയത്ത് സാധാരണനിരക്കിന്റെ 50 ശതമാനമാണ് അധികം നൽകുന്നത്.

എങ്ങനെ?

മുൻകൂറായി പണമടച്ച് വൈദ്യുതി ഉപയോഗിക്കാൻ കഴിയുന്ന സ്മാർട്ട് മീറ്റർ നടപ്പാക്കിയാലുടൻ ഈ താരിഫ് രീതിയിലേക്ക് മാറാനാണ് കേന്ദ്രത്തിന്റെ കരട് നിർദേശം. സ്മാർട്ട് മീറ്ററിലാണ് സമയമനുസരിച്ചുള്ള ബില്ലിങ് സാധ്യമാകുന്നത്. 2025 മാർച്ച് 31ന് മുൻപായി രാജ്യമാകെ സ്മാർട്ട് മീറ്റർ നിർബന്ധമായും നടപ്പാക്കണമെന്നാണ് കേന്ദ്ര വിജ്ഞാപനം.

10 കിലോവാട്ട് വരെ ആവശ്യകതയുള്ള വാണിജ്യ, വ്യവസായ ഉപയോക്താക്കൾ 2024 ഏപ്രിൽ ഒന്നിനകം ടിഒഡി പരിധിയിൽ വരും. കാർഷിക കണക‍്ഷനുകൾ എടുത്തവരൊഴികെ ബാക്കിയെല്ലാവരും 2025 ഏപ്രിൽ ഒന്നിനകം ഈ ബില്ലിൽ രീതിയിലേക്ക് മാറേണ്ടി വരും.

എന്തുകൊണ്ട്?

പീക് സമയത്തെ വൈദ്യുതി ഉപയോഗം കുറയ്ക്കുകയാണ് പ്രധാന ലക്ഷ്യം. ഇത് കുറഞ്ഞാൽ പുറത്തുനിന്നു ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നത് കെഎസ്ഇബി പോലെയുള്ള വിതരണകമ്പനികൾക്ക് കുറയ്ക്കാൻ കഴിയും. നിരക്ക് കുറയുമെന്നതിനാൽ വൈദ്യുത ഉപയോഗത്തിൽ ഏറിയ പങ്കും പകൽസമയത്തേക്ക് മാറ്റാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കും. പകൽസമയത്തതെ ആവശ്യകതയ്ക്ക് ഉൽപാദന ചെലവ് കുറവുള്ള പുനരുപയോഗ ഊർജ സ്രോതസ്സുകളെ ഇതുവഴി ആശ്രയിക്കാനും കഴിയും.

English Summary: Different electricity bill thariff during different time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com