പ്രതിപക്ഷ ഐക്യത്തിനു മുന്നിട്ടിറങ്ങാൻ കോൺഗ്രസ്; കത്തെഴുതും, കാണും

HIGHLIGHTS
  • മമത അടക്കമുള്ള നേതാക്കൾക്കു രാഹുൽ കത്തെഴുതും
  • പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ചയ്ക്കു കോൺഗ്രസ്
  • പ്രധാനമന്ത്രി സ്ഥാനാർഥി ചർച്ച ഒഴിവാക്കും; ലക്ഷ്യം ഐക്യം
rahul-gandhi-18
രാഹുൽ ഗാന്ധി
SHARE

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഐക്യം ലക്ഷ്യമിട്ട് പ്രതിപക്ഷ കക്ഷി നേതാക്കൾക്കു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കത്തെഴുതും. സൂറത്ത് കോടതി ഉത്തരവിനു പിന്നാലെ തനിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു രംഗത്തുവന്ന മുഖ്യമന്ത്രിമാരായ മമത ബാനർജി (തൃണമൂൽ), അരവിന്ദ് കേജ്‍രിവാൾ (ആം ആദ്മി), കെ.ചന്ദ്രശേഖര റാവു (ബിആർഎസ്) എന്നിവരടക്കം 18 പ്രതിപക്ഷ കക്ഷികളിലെ നേതാക്കൾക്കു നന്ദി അറിയിച്ചാണു രാഹുൽ കത്തെഴുതുക. കോൺഗ്രസ് ഉൾപ്പെടെ 19 കക്ഷികൾക്കിടയിൽ നിലവിൽ കേന്ദ്ര സർക്കാരിനെതിരെ രൂപപ്പെട്ട ഐക്യം 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ മുന്നോട്ടു കൊണ്ടുപോകാൻ ലക്ഷ്യമിട്ടാണിത്. പ്രതിപക്ഷ നിരയിൽ ബിഎസ്പി മാത്രമാണ് പുറംതിരിഞ്ഞു നിൽക്കുന്നത്. 

പ്രതിപക്ഷ കക്ഷി നേതാക്കളുമായി വൈകാതെ കോൺഗ്രസ് നേതൃത്വം കൂടിക്കാഴ്ചയും നടത്തും. മമത അടക്കമുള്ളവരുമായി കൂടിക്കാഴ്ചയ്ക്കു തയാറാവണമെന്ന പ്രതിപക്ഷ കക്ഷികളുടെ നിർദേശം കോൺഗ്രസ് അംഗീകരിച്ചു. കൂടിക്കാഴ്ച ഒറ്റയ്ക്കൊറ്റയ്ക്കു വേണോ എല്ലാവരുമായി ഒന്നിച്ചു നടത്തണോ എന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. തർക്കങ്ങൾക്കു വഴിവയ്ക്കുമെന്നതിനാൽ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയെ സംബന്ധിച്ച ചർച്ചകൾ തൽക്കാലം വേണ്ടെന്നും കക്ഷി നേതാക്കൾക്കിയിൽ ധാരണയായി. 

ഇതാദ്യമായാണ് മമത അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ ഒന്നടങ്കം രാഹുലിനു പിന്നിൽ അണിനിരക്കുന്നത്. അതിനു നന്ദി അറിയിച്ച് കത്തെഴുതുന്നതു വഴി ഈ നേതാക്കളുമായുള്ള രാഹുലിന്റെ ബന്ധം ദൃഢമാക്കുകയാണു ലക്ഷ്യം. നിലവിലെ ഐക്യം താൽക്കാലികമാണെന്നും എപ്പോൾ വേണമെങ്കിലും തകരാമെന്നുമുള്ള യാഥാർഥ്യം ഉൾക്കൊണ്ടാണ് അത് നിലനിർത്താൻ കോൺഗ്രസ് മുൻകയ്യെടുക്കുന്നത്. ഒരുതവണ കൂടി മോദി അധികാരത്തിലെത്തിയാൽ ജനാധിപത്യം അപകടത്തിലാകുമെന്ന പ്രതിപക്ഷത്തെ പൊതുവികാരമാണ് സഹകരണത്തിനു വിവിധ കക്ഷികളെ പ്രേരിപ്പിക്കുന്നത്. 

പ്രതിപക്ഷ നിരയിൽ തങ്ങളുടെ തീരുമാനം അടിച്ചേൽപിക്കാതിരിക്കാനും കോൺഗ്രസ് ശ്രദ്ധിക്കുന്നുണ്ട്. രാഹുലിനെതിരായ നടപടിക്കെതിരെ പ്രതിപക്ഷ എംപിമാരെല്ലാം പാർലമെന്റിൽ ഒരു രാത്രി ചെലവിട്ട് പ്രതിഷേധിക്കണെമന്ന ആശയം കഴിഞ്ഞ ദിവസം കോൺഗ്രസ് മുന്നോട്ടുവച്ചിരുന്നു. ചില കക്ഷികൾ അതിനെ എതിർത്തതോടെ കോൺഗ്രസ് പിന്തിരിഞ്ഞു. 

മുദ്രാവാക്യം ‘ജയ് ഭാരത്’; ഒരു മാസം കോൺഗ്രസ് തെരുവിലേക്ക്

രാഹുൽ ഗാന്ധിക്കെതിരായ നടപടിയിൽ പ്രതിഷേധിച്ചും അദാനി വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ടും ബൂത്ത് മുതൽ ദേശീയതലം വരെ ഒരു മാസം കോൺഗ്രസ് തെരുവിലിറങ്ങുമെന്നു സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറിയിച്ചു. പ്രതിഷേധ പരിപാടികൾക്കു മേൽനോട്ടം വഹിക്കാൻ സംസ്ഥാന, ദേശീയ തലങ്ങളിൽ കൺട്രോൾ റൂമുകൾക്കു രൂപം നൽകി. ‘ജയ് ഭാരത്’ എന്ന പേരിൽ വിവിധ തലങ്ങളിൽ സത്യഗ്രഹ സമരങ്ങൾ നടത്തും.

ഇന്നു മുതൽ ഏപ്രിൽ 8 വരെ ബ്ലോക്ക്, മണ്ഡലം തലങ്ങളിൽ സത്യഗ്രഹം സംഘടിപ്പിക്കും. ഏപ്രിൽ രണ്ടാം വാരം ദേശീയതലത്തിൽ സത്യഗ്രഹം. ഏപ്രിൽ 15 – 20 തീയതികളിൽ ജില്ലാതലങ്ങളിലും 20 മുതൽ 30 വരെ സംസ്ഥാനതലങ്ങളിലും സത്യഗ്രഹം നടത്തും. ജില്ലാതല സത്യഗ്രഹത്തിന്റെ ഭാഗമായി കലക്ടറേറ്റുകൾ ഉപരോധിക്കും. അദാനി വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് ഏപ്രിൽ മൂന്നിന് യൂത്ത് കോൺഗ്രസ്, എൻഎസ്‌യുഐ പ്രവർത്തകർ പ്രധാനമന്ത്രിക്കു പോസ്റ്റ് കാർഡുകൾ അയയ്ക്കും. 

English Summary: Congress to go ahead for opposition unity

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA