ന്യൂഡൽഹി ∙ 7 പതിറ്റാണ്ടുകൾക്കു ശേഷം ഇന്ത്യൻ മണ്ണിൽ ചീറ്റ പിറന്നു, ഒന്നല്ല നാലെണ്ണം. നബീയയിൽ നിന്നെത്തിച്ച ‘സിയായ’ എന്ന ചീറ്റയാണ് 6 മാസത്തിനു ശേഷം അമ്മയായത്. ഒപ്പം കൊണ്ടുവന്ന സാഷയെന്ന പെൺചീറ്റ കഴിഞ്ഞദിവസം വൃക്കരോഗം മൂലം ചത്തിരുന്നു. 1952 ൽ വംശമറ്റു പോയ ചീറ്റകളെ ഇന്ത്യയിൽ എത്തിക്കുന്ന പദ്ധതിയുടെ വിജയമാണ് 4 കുഞ്ഞുങ്ങളുടെ പിറവിയെന്നു കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ട്വീറ്റ് ചെയ്തു.
60-90 ദിവസമാണ് ചീറ്റകളുടെ ഗർഭകാലം. ഇതിനിടെ എൽട്ടൻ, ഫ്രെഡി എന്നീ ആൺചീറ്റകളുമായായിരുന്നു സിയായുടെ സഹവാസം. ഇതിൽ ആരാണ് ചീറ്റക്കുഞ്ഞുങ്ങളുടെ അച്ഛനെന്നു വ്യക്തമല്ലെന്ന് പ്രോജക്ട് ചീറ്റയുടെ ചുമതലയുള്ള ദേശീയ കടുവ സംരക്ഷണ അതോറിറ്റി മെംബർ സെക്രട്ടറി എസ്.പി.യാദവ് പറയുന്നു.
ഇതിനിടെ, പ്രോജക്ട് ചീറ്റയ്ക്കായി കേന്ദ്ര സർക്കാർ നിയോഗിച്ച കർമ സമിതിയുടെ കാര്യത്തിലെ ആശങ്ക സുപ്രീം കോടതിയുടെ മുന്നിലെത്തി. സമിതിയിലെ വിദഗ്ധ അംഗങ്ങളുടെ യോഗ്യതാവിവരങ്ങൾ അറിയിക്കാൻ കോടതി സർക്കാരിനോടു നിർദേശിച്ചു. ചീറ്റകളിലൊന്ന് കഴിഞ്ഞദിവസം ചത്ത പശ്ചാത്തലത്തിലാണിത്.
English Summary: Namibian cheetah gives birth to 4 cubs