ഒരുങ്ങുന്നു കന്നഡപ്പൂരം; തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കർണാടക

karnataka-leaders
SHARE

ന്യൂഡൽഹി/ബെംഗളൂരു∙തിരഞ്ഞെടുപ്പിലേക്കു പോകുകയാണ് അയൽസംസ്ഥാനമായ കർണാടക.ദേശീയ രാഷ്ട്രീയത്തിലെ പ്രധാന കക്ഷികളായ ബിജെപിയും കോൺഗ്രസും തമ്മിലുള്ള ഒരു നേർക്കുനേർ പോരാട്ടം ഇവിടെ നടക്കുന്നു.ഒപ്പം ചെറുതും വലുതുമായ പ്രതീക്ഷകളുമായി മറ്റു കക്ഷികളും.

അഴിമതിരഹിതം പാളി ബിജെപി

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സാധ്യതകളെക്കുറിച്ചു ചോദിച്ചാൽ ദേശീയ നേതാക്കൾ കേട്ടില്ലെന്നു നടിക്കും. അല്ലെങ്കിൽ 'കാത്തിരിക്കൂ’ എന്നു പറയും. പാർട്ടി ഭരണത്തിലുള്ള മറ്റു സംസ്ഥാനങ്ങളിൽ കാണുന്ന ആത്മവിശ്വാസം ഇല്ല എന്നു വ്യക്തം. അഭിമാനത്തോടെ പറഞ്ഞിരുന്ന അഴിമതി രഹിത ഭരണമെന്ന മുദ്രാവാക്യം കർണാടകയിൽ പാളിയെന്നു നേതാക്കൾക്കറിയാം.

ബിജെപി എംഎൽഎയെയും മകനെയും 8 കോടിയുടെ കൈക്കൂലിക്കേസിൽ ലോകായുക്ത പിടികൂടിയത് ഈയിടെയാണ്. പൊതുമരാമത്തു കരാറുകളിലെ വൻ കമ്മിഷൻ വിവാദത്തെക്കുറിച്ചു കരാറുകാർ പലവട്ടം പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും വരെ കത്തെഴുതി. ‘40% കമ്മിഷൻ സർക്കാർ’ എന്ന പേരുദോഷത്തിനിടയിൽ മന്ത്രിക്കെതിരെ കത്തെഴുതിവച്ചു കരാറുകാരൻ ജീവനൊടുക്കിയതോടെ പാർട്ടി പൂർണ പ്രതിരോധത്തിലായി. പ്രതിപക്ഷം മുഖ്യമന്ത്രിയുടെ ‘ക്യുആർ കോഡ്’ വച്ച് ‘പേയ് സിഎം’ പ്രചാരണം നടത്തിയപ്പോൾ തടുക്കാനാകാതെ വെള്ളംകുടിച്ചു. എസ്ഐ നിയമന, അധ്യാപക നിയമന അഴിമതിക്കേസുകൾ വേറെ.

  ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായി തുടരുന്നതിനോടു ബിജെപിക്കുള്ളിൽ തന്നെ എതിർപ്പുണ്ടെങ്കിലും ലിംഗായത്ത് സമുദായക്കാർ പിണങ്ങുമെന്നതിനാൽ നേതൃമാറ്റം നടത്തിയില്ല.

ബൊമ്മെയുടെ പേരു പറയാതെ മോദി സർക്കാരിന്റെ ഭരണനേട്ടം പ്രചാരണായുധമാക്കാനാണു നീക്കം. മുൻ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയെ പാർട്ടിയുടെ പരമോന്നത സമിതിയായ പാർലമെന്ററി ബോർ‍ഡിലുൾപ്പെടുത്തിയതും മുഖ്യപ്രചാരകനാക്കിയതും എങ്ങനെയെങ്കിലും ഭരണം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ്. അതേസമയം, പ്രതിപക്ഷമാകട്ടെ, ബൊമ്മെയ്ക്കു വേണ്ടി യെഡിയൂരപ്പയെ ബിജെപി നാണംകെടുത്തി ഇറക്കിവിട്ടെന്ന പ്രചാരണവുമായി രംഗത്തുണ്ട്.

ഗുജറാത്തിൽ ഭരണവിരുദ്ധ വികാരം മറികടക്കാൻ പുതുമുഖങ്ങളെ ബിജെപി രംഗത്തിറക്കിയിരുന്നു. ഇതേ തന്ത്രം പ്രയോഗിക്കാനും ആലോചിക്കുന്നുണ്ട്. കഴിഞ്ഞ തവണ കൂടുതൽ സീറ്റ് കിട്ടിയ ദക്ഷിണ കർണാടകയിൽ പുതുമുഖപരീക്ഷണം വിജയം കണ്ടിരുന്നു. എന്നാൽ, സംസ്ഥാനമൊട്ടാകെ നോക്കുമ്പോൾ സമാന സാഹചര്യമല്ല‌. പ്രബല സമുദായങ്ങളായ വൊക്കലിഗ– ലിംഗായത്തിനു പുറമേ, മറ്റു ജാതിപരിഗണനകളും നിർണായകമാണുതാനും.

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ പേര് മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കുന്നുവെന്ന അഭ്യൂഹം ഉണ്ടായപ്പോൾതന്നെ, ബ്രാഹ്മണനെ മുഖ്യമന്ത്രിയാക്കി ലിംഗായത്തുകാരെ തഴയുന്നുവെന്ന വിമർശനം ഉയർന്നു.

അതിനിടെ, മുസ്‌ലിം സമുദായത്തിന്റെ 4% സംവരണം റദ്ദാക്കി ലിംഗായത്ത്, വൊക്കലിഗ സംവരണം 2% വീതം ഉയർത്താനുള്ള തീരുമാനം ന്യൂനപക്ഷങ്ങളുടെ കടുത്ത എതിർപ്പു വിളിച്ചുവരുത്തി. പട്ടികവിഭാഗങ്ങൾക്കിടയിൽ ഉപസംവരണം ഏർപ്പെടുത്താനുള്ള നടപടിക്കെതിരെ ബഞ്ചാര സമുദായവും വൻപ്രതിഷേധത്തിലാണ്.

  എംഎൽഎമാരിൽ ജനങ്ങൾക്കു താൽപര്യമില്ലാത്തവരെയും മികച്ച പ്രകടനം നടത്താത്തവരെയും മാറ്റിനിർത്തുമെന്ന് ഉറപ്പായിട്ടുണ്ട്. നിലവിലെ പകുതിപ്പേർക്കും ജനപ്രീതിയില്ലെന്നാണു പുറത്തു വന്ന വിവരം. 224 മണ്ഡലങ്ങളിൽ 150 സീറ്റ് നേടുകയാണു ലക്ഷ്യമെന്ന് ആദ്യം പറഞ്ഞെങ്കിലും ഇപ്പോൾ ആ അവകാശവാദമില്ല. സർവേകളിലും സർക്കാരിനെക്കുറിച്ചു മോശം അഭിപ്രായമാണ് പാർട്ടിക്കു ലഭിച്ചതെന്നറിയുന്നു. ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയടക്കമുള്ള നേതാക്കൾ കർണാടകയിൽ പര്യടനം നടത്തിക്കഴിഞ്ഞു. വിജയസങ്കൽപ രഥയാത്രയും പൂർത്തിയായി. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും പലവട്ടം സംസ്ഥാനത്ത് എത്തി.

  ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങവേ, ദക്ഷിണേന്ത്യയിൽ കൈവശമുള്ള ഏക സംസ്ഥാനം കൈവിട്ടു പോയാൽ അഭിമാനപ്രശ്നമാണെന്നതു മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലെ ഫലത്തെ ബാധിക്കുകയും ചെയ്യും. അതിനാൽത്തന്നെ കരുതലോടെയുള്ള സമീപനമാകും ഇത്തവണ സ്വീകരിക്കുക. അടുത്തയാഴ്ച സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചേക്കും.

പ്രതിഛായ കൂട്ടി കോൺഗ്രസ്

തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കും മുൻപേ ആദ്യസ്ഥാനാർഥിപ്പട്ടിക, തർക്കങ്ങൾ മാറ്റിവച്ച് ഒറ്റക്കെട്ടായുള്ള പ്രചാരണം, രാഹുൽ ഗാന്ധിക്കെതിരെയുള്ള അയോഗ്യത നടപടികളെത്തുടർന്നുള്ള വീറും വാശിയും, ബിജെപി സർക്കാരിനെതിരെ ചൂണ്ടിക്കാട്ടാനുള്ള ശക്തമായ അഴിമതി ആരോപണങ്ങൾ – ആത്മവിശ്വാസത്തോടെയാണ് കോൺഗ്രസ് ഇക്കുറി.

  140 സീറ്റ് വരെ ലഭിക്കുമെന്നാണു പാർട്ടിയുടെ കണക്ക്. സംസ്ഥാനത്തു തുടർഭരണ ചരിത്രം ഇല്ലെന്നതും പ്രതീക്ഷ നൽകുന്നു. മറ്റു കക്ഷികളിൽനിന്ന് ഇനിയും 30 പേരെങ്കിലും കൂറുമാറി എത്തുമെന്നും നേതാക്കൾ സൂചിപ്പിക്കുന്നു.

5 വർഷം കൊണ്ട് 10 ലക്ഷം പേർക്കു ജോലി, ഗൃഹനാഥകൾക്കു പ്രതിമാസം 2000 രൂപ, എല്ലാ വീടുകൾക്കും പ്രതിമാസം 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ബിപിഎൽ കുടുംബത്തിലെ ഓരോ അംഗത്തിനും 10 കിലോ വീതം സൗജന്യ അരി തുടങ്ങിയ വിവിധ ജനപ്രിയ വാഗ്ദാനങ്ങളും പാർട്ടി മുന്നോട്ടുവയ്ക്കുന്നു.

  മുഖ്യമന്ത്രിക്കാര്യത്തിൽ തൽക്കാലത്തേക്കെങ്കിലും പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാറും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും തർക്കം അവസാനിപ്പിച്ചതും അണികളുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. കോൺഗ്രസ്–ദൾ സഖ്യസർക്കാരിനെ അട്ടിമറിച്ച് ബിജെപിക്കൊപ്പം പോയവരിൽ പലർക്കും ഇത്തവണ അവിടെ സീറ്റ് ലഭിക്കില്ലെന്നാണു വിവരം. ഇതിന്റെ പേരിൽ ഇടഞ്ഞു നിൽക്കുന്ന മന്ത്രിമാരടക്കം കോൺഗ്രസിൽ തിരികെയെത്തുമെന്നാണു റിപ്പോർട്ടുകൾ. 2 ബിജെപി നിയമസഭാ കൗൺസിൽ (എംഎൽസി) അംഗങ്ങൾ കോൺഗ്രസിൽ ചേർന്നു കഴിഞ്ഞു. രാജിവച്ച ബിജെപി എംഎൽഎ എൻ.വൈ.ഗോപാലകൃഷ്ണയുൾപ്പെടെ ഏതാനും ചിലർ കൂടി പാർട്ടിയിൽ ചേരാനുള്ള ശ്രമത്തിലാണ്. മുൻസാമാജികരടക്കം 9 പേർ ഇതുവരെ ബിജെപിയിൽ നിന്നു കൂറുമാറി.അക്കമിട്ടു നിരത്തുന്ന അഴിമതിയാരോപണങ്ങൾക്കും കേസുകൾക്കും വിവാദങ്ങൾക്കും തക്ക മറുപടി നൽകാനാകാതെ ബിജെപി പതറുന്നതും നേട്ടമാകുമെന്നു കോൺഗ്രസ് കരുതുന്നു.

കോൺഗ്രസ് പ്ലീനറിയിൽ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കു കുട പിടിച്ചു കൊടുത്തില്ലെന്നതു പോലെയുള്ള നിസ്സാര ആരോപണങ്ങളാണു പ്രചാരണ റാലികളിൽ മോദിയും അമിത്ഷായും കോൺഗ്രസിനെതിരെ ഉന്നയിക്കുന്നത്. അതേസമയം, അഴിമതിവിവാദങ്ങൾക്കു പുറമേ, സംസ്ഥാനത്തെ വർഗീയചേരിതിരിവു പ്രശ്നങ്ങളും വിദ്വേഷ പ്രചാരണങ്ങളും കോൺഗ്രസ് ശക്തമായി ഉയർത്തുന്നു. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു ദിവസങ്ങൾക്കകം ബെംഗളൂരു– മൈസൂരു 10 വരി എക്സ്പ്രസ് വേ മഴയിൽ മുങ്ങിയതും ടാറിളകി കുഴി രൂപപ്പെട്ടതുമടക്കം ചോദ്യം ചെയ്യുമ്പോൾ മറുപടി പറയാൻ ബിജെപി പ്രയാസപ്പെടുന്നുണ്ട്. ഇക്കൊല്ലം 7 വട്ടം പ്രധാനമന്ത്രിയും 6 വട്ടം അമിത് ഷായും കർണാടകയിൽ എത്തിയത് പരാജയഭീതികൊണ്ടാണെന്നും കോൺഗ്രസ് പരിഹസിക്കുന്നു.

 ഭരണം പിടിക്കേണ്ടതു കോൺഗ്രസിനും അഭിമാനപ്രശ്നം തന്നെ. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ, പ്രാദേശിക കക്ഷികളുടെ സഖ്യമുണ്ടാക്കാൻ നടത്തുന്ന ശ്രമങ്ങൾ ശക്തിപ്പെടാനും ഇതു കൂടിയേ തീരൂ. പാർട്ടിയുടെ ദേശീയപ്രതിഛായയും ഉയരും.

വാതിൽ തുറന്നിട്ട് വിലപേശാൻ ദൾ

ത്രിശങ്കു ജനവിധിയുണ്ടായാൽ ഏതു വശത്തേക്കും ചായാൻ തയാറായാണു ജനതാദൾ (എസ്) നിൽക്കുന്നത്. കോൺഗ്രസ് പിന്തുണയോടെ രാജ്യസഭാംഗമായ ദൾ ദേശീയ അധ്യക്ഷൻ ദേവെഗൗഡ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തുന്നതും ഇതുമുന്നിൽക്കണ്ടു തന്നെ. ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും 40 സീറ്റ് നേടുകയും ചെയ്താൽ മുഖ്യമന്ത്രി സ്ഥാനത്തിനായി വിലപേശാനാകും എന്നാണു ഗൗഡയുടെ മകനും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമിയുടെ കണക്കുകൂട്ടൽ.

  2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേവലഭൂരിപക്ഷത്തിന് 9 സീറ്റ് അകലെയായിരുന്നു. ഈ സാഹചര്യം മുതലെടുത്തു കോൺഗ്രസ് കുമാരസ്വാമിക്കു പിന്തുണ പ്രഖ്യാപിച്ചതിന്റെ ഫലമായിരുന്നു ദൾ–കോൺഗ്രസ് സഖ്യസർക്കാർ. 2006 ൽ ബിജെപിക്കൊപ്പം ചേർന്നാണു ദൾ ഇതേ പരീക്ഷണം നടത്തി വിജയിച്ചത്.

   ഇത്തവണയും ‘കിങ് മേക്കർ’ റോൾ മുന്നിൽ കണ്ട് 93 സ്ഥാനാർഥികളുടെ ആദ്യ പട്ടിക ഡിസംബറിൽ തന്നെ പ്രഖ്യാപിച്ചു പ്രചാരണം തുടങ്ങി. കുമാരസ്വാമിയുടെ മകൻ നിഖിൽ ഗൗഡയും മത്സരിക്കുന്നുണ്ട്. അധികാരത്തിലേറിയാൽ മുസ്‌ലിം സംവരണം പുനഃസ്ഥാപിക്കും, പാചകവാതകം സൗജന്യമാക്കും, ഓട്ടോ ഡ്രൈവർക്കാർക്ക് 2000 രൂപ വീതം പ്രതിമാസം നൽകും തുടങ്ങിയവയാണു വാഗ്ദാനം.

  തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ ഭാരത് രാഷ്ട്ര സമിതിയും (ബിആർഎസ്) ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസും (ടിഎംസി) ദളിനു പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്. കർഷകരുടെയും വൊക്കലിഗ സമുദായത്തിന്റെയും വോട്ടാണു ദളിന്റെ കരുത്ത്. 

എന്നാൽ, വോട്ട് ബാങ്കായ പഴയ മൈസൂരു മേഖലയിൽ ബിജെപി ശക്തിപ്രാപിക്കുന്നതിന്റെ ആശങ്കയിലാണു പാർട്ടി. ദൾ വോട്ട് ബിജെപി വിഭജിച്ചാൽ, നേട്ടം കൊയ്യുന്നത് കോൺഗ്രസാകും.

എഎപിയും  റെഡ്ഡിയുടെ പാർട്ടിയും

ആംആദ്മി പാർട്ടി, സിപിഎം, സിപിഐ, എസ്‍ഡിപിഐ, ബിഎസ്പി, അസദുദ്ദീൻ ഉവൈസിയുടെ ഓൾ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ (എഐഎംഐഎം), മുൻ ബിജെപി മന്ത്രി ജനാർദന റെഡ്ഡിയുടെ കല്യാണ രാജ്യ പ്രഗതി പക്ഷ പാർട്ടി, മേഘാലയയിലെ നാഷനൽ പീപ്പിൾസ് പാർട്ടി, വിമുക്ത ഭടന്മാരുടെ സാർവജനിക ആദർശ സേനാ പാർട്ടി, ശ്രീരാമ സേന, മഹാരാഷ്ട്ര ഏകീകരൺ സമിതി (എംഇഎസ്) തുടങ്ങിയ പാർട്ടികളും ഇക്കുറി കച്ചമുറുക്കുന്നുണ്ട്. തൊഴിൽ രഹിതർക്ക് 3000 രൂപ വേതനം ഉൾപ്പെടെയുള്ള വാഗ്ദാനങ്ങളുമായി എല്ലാ സീറ്റിലും മത്സരിക്കാനാണ് എഎപി നീക്കം. ഡൽഹി മാതൃകയിൽ അഴിമതി തുടച്ചു നീക്കുമെന്നാണു പ്രഖ്യാപനം. 2018 ൽ 0.2 % വോട്ടാണ് എഎപി നേടിയത്.

2018ൽ ഇങ്ങനെ

∙ബിജെപി–104, കോൺ–80, ദൾ–37, ബിഎസ്പി–1, കർണാടക പ്രജ്ഞാവന്ത ജനതാ പാർട്ടി–1, സ്വതന്ത്രൻ–1.

∙ ബിജെപി വലിയ ഒറ്റക്കക്ഷിയായെങ്കിലും ദൾ നേതാവ് കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി കോൺഗ്രസ്– ദൾ സർക്കാർ.

∙ 2019 ജൂലൈയിൽ കോൺഗ്രസിന്റെ 14, ദളിന്റെ 3 എംഎൽഎമാരെ ബിജെപിയിലേക്ക് കൂറുമാറ്റി (ഓപ്പറേഷൻ താമര) യെഡിയൂരപ്പ സർക്കാർ രൂപീകരിച്ചു. കൂറുമാറ്റക്കാരിൽ 14 പേർ മന്ത്രിമാരായി. കൂറുമാറിയവരിൽ ഉപതിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തത് റോഷൻ ബെയ്ഗിനു മാത്രം.

∙ 2021 ജൂലൈയിൽ ബിജെപി കേന്ദ്ര നേതൃത്വം യെഡിയൂരപ്പയെ നീക്കി ബസവരാജ് ബൊമ്മെയെ മുഖ്യമന്ത്രിയാക്കി.

നിലവിലെ കക്ഷിനില

ബിജെപി–120, കോൺഗ്രസ്–69, ദൾ–32, സ്വതന്ത്രൻ–1 (മന്ത്രി ഉമേഷ് കട്ടിയുടെയും ഡപ്യൂട്ടി സ്പീക്കർ ആനന്ദ മാമണിയുടെയും മരണത്തെ തുടർന്ന് 2 സീറ്റ് ഒഴിഞ്ഞു കിടക്കുന്നു.)

English Summary: Karnataka assembly election senario

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA