കർണാടക തിരഞ്ഞെടുപ്പ്: ബിജെപിയുടെയും കോൺഗ്രസിന്റെയും ശേഷിയുടെ ഉരകല്ല്

bjp-congress-logo
SHARE

ദേശീയമായുള്ള പുതിയ പ്രതിപക്ഷ ഐക്യം എങ്ങനെ പ്രതിഫലിക്കും? രാഹുൽ ഗാന്ധിയുടെ പേരിലുള്ള പോരാട്ടം എത്രകണ്ടു സ്വാധീനിക്കും? കർണാടക നിയമസഭാ തിര‍ഞ്ഞെടുപ്പിലേക്കു നീങ്ങുമ്പോൾ ബിജെപിയും കോൺഗ്രസും ഉത്തരം തേടുന്ന പ്രധാന ചോദ്യങ്ങൾ ഇവയാണ്.

പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പുപോലും പ്രധാനമാണെന്നു പറയുന്ന ബിജെപി, അടുത്ത കാലത്തെങ്ങും ഇത്രയേറെ ആശങ്കയോടെ തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടില്ല. കർണാടകയിൽ ജയിക്കുമെന്ന് ഉറപ്പിച്ചു പറയാൻ തക്ക കാരണങ്ങൾ നേരത്തെ തന്നെയില്ല. അതിനു പുറമെയാണ് ഇപ്പോൾ ദേശീയ തലത്തിൽ കോൺഗ്രസിന് ഉൻമേഷം കൈവന്നിരിക്കുന്നതും പ്രതിപക്ഷകൂട്ടായ്മ വളർന്നു വലുതായിരിക്കുന്നതും.

പാർട്ടി അധ്യക്ഷന്റെ സംസ്ഥാനമായ ഹിമാചൽപ്രദേശിൽ ഭരണം നഷ്ടമായി, ത്രിപുരയിൽ നേരിയ വിജയത്തിലാണ് ഭരണം നിലനിർത്തിയത്. നാഗാലാൻഡിലും മേഘാലയയിലും ഭരണപങ്കാളി മാത്രമാണ്. അങ്ങനെ നോക്കുമ്പോൾ കഴിഞ്ഞ 6 മാസത്തിൽ വലിയ നേട്ടം പറയാനില്ലെന്നതാണ് ബിജെപിയുടെ സ്ഥിതി. അപ്പോൾ, കർണാടകയിലും പരാജയം സംഭവിച്ചാൽ അതിന്റെകൂടി ഭാരവുമായി വേണം രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന തിരഞ്ഞെടുപ്പുകൾ ഈ വർഷം നേരിടാൻ. ഹിമാചലിൽ പരാജയപ്പെട്ട ‘ഡബിൾ എൻജിൻ’ കർണാടകയിലും പരാജയപ്പെട്ടാൽ അതു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വോട്ടുനേടൽ ശേഷിക്കു തിരിച്ചടിയാവും.

കർണാടകയിൽ വിജയിച്ചാൽ ബസവരാജ് ബൊമ്മൈ തന്നെ മുഖ്യമന്ത്രിയായി തുടരട്ടെയെന്നു ബിജെപി തീരുമാനിക്കാനാണ് സാധ്യത. മകൻ വിജയേന്ദ്രയ്ക്ക് മികച്ച പരിഗണന ലഭിക്കാതെ വന്നാൽ മാത്രമേ ബി.എസ്.യെഡിയൂരപ്പ പിണങ്ങുന്ന സാഹചര്യമുണ്ടാവുന്നുള്ളു. ജയം ആവർത്തിച്ച മുഖ്യമന്ത്രി തുടരേണ്ടെന്നു ബിജെപി തീരുമാനിച്ചത് അസമിലാണ്; മുഖ്യമന്ത്രിയെ മാറ്റാൻ ത്രിപുരിയിൽ നടത്തിയ ശ്രമം വിജയിച്ചതുമില്ല.

പൊതുതിരഞ്ഞെടുപ്പും രാജ്യത്തിന്റെ ഭാവിയും കണക്കിലെടുക്കുമ്പോൾ ഉടനെയുള്ള തിരഞ്ഞെടുപ്പുകൾ പ്രധാനമെന്ന് റായ്പുർ പ്ലീനറിയിൽ കോൺഗ്രസ് നടത്തിയ പ്രസ്താവന കർണാടകയെക്കുറിച്ചുകൂടിയാണ്. പാർട്ടിയുടെ പുതിയ അധ്യക്ഷന്റെ സംസ്ഥാനത്ത് നിലവിലെ ഘടകങ്ങൾ അനുകൂലമാണ്. അട്ടിമറികൾക്കു ബിജെപിക്കുള്ള ശേഷിയും അതു കാരണം തങ്ങൾക്കുണ്ടായ ദുരനുഭവങ്ങളും പരിഗണിക്കുമ്പോൾ, വലിയ ഭൂരിപക്ഷമാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്.

സമാനഹൃദയരെയും സോഷ്യലിസ്റ്റുകളെയും ഒരുമിപ്പിച്ചു നിർത്തുമെന്ന് റായ്പുരിൽ കോൺഗ്രസ് പ്രഖ്യാപിച്ചെങ്കിലും പ്രതിപക്ഷത്ത് കാര്യമായ പ്രതികരണമുണ്ടായില്ല. എന്നാൽ, കഴിഞ്ഞയാഴ്ച സൂറത്ത് കോടതിയുടെ ഉത്തരവ് വന്നതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. അത് കർണാടകയിലും കോൺഗ്രസിന്റെ ഊർജം വർധിപ്പിക്കുമെന്നതിൽ സംശയമില്ല.

എന്നാൽ‍, പ്രതിപക്ഷത്തു പല പാർട്ടികളുടെയും സമീപനത്തിലുണ്ടായ മാറ്റം കർണാടകയെ എത്രകണ്ടു സ്വാധീനിക്കുമെന്നു പറയാറായിട്ടില്ല. സംസ്ഥാനത്തെ മൂന്നാമത്തെ കക്ഷിയായ ജെഡിഎസിനെ ബിജെപിയുടെ ബി–ടീം എന്നാണ് കോൺഗ്രസ് നേരത്തെ വിശേഷിപ്പിച്ചിരുന്നത്. ജെഡിഎസിനോട് ബിജെപി അകലം പ്രഖ്യാപിച്ചശേഷമാണ് ഈ സമീപനം മാറിയത്. ഭാരത് ജോഡോ യാത്രയുടെ സമാപനത്തിലേക്ക് കോൺഗ്രസ് ക്ഷണിച്ച കക്ഷികളുടെ പട്ടികയിൽ ജെഡിഎസ് ഇല്ലായിരുന്നു. വൈകിയാണ് എച്ച്.ഡി.ദേവെഗൗഡയെ മല്ലികാർജുൻ ഖർഗെ ക്ഷണിച്ചത്. രാഹുലിന് ആശംസയറിയിച്ച് ഗൗഡ കത്തെഴുതി. ഇപ്പോൾ ഡൽഹിയിൽ കോൺഗ്രസ് നയിക്കുന്ന പ്രക്ഷോഭത്തിൽ െജഡിഎസ് പങ്കെടുക്കുന്നുമില്ല.

സൂറത്ത് വിധിക്കു മുൻപുതന്നെ ആം ആദ്മി പാർട്ടിയും ബിആർഎസും കർണാടകയെക്കുറിച്ചു നിലപാടു പറഞ്ഞിരുന്നു. ബിആർഎസിന്റെ നേതാവായ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു, എച്ച്.ഡി.കുമാരസ്വാമി ഭാവി മുഖ്യമന്ത്രിയെന്നും ജെഡിഎസിന്റെ പ്രചാരണത്തിന് തന്റെ എംപിമാരും എംഎൽഎമാരും കർണാടകയ്ക്കു പോകുമെന്നും പറഞ്ഞിരുന്നു. എന്നാലിപ്പോൾ, ബിആർഎസ് എംപിമാർ അതിയായ ഉത്സാഹത്തിലാണു ‍‍ഡൽഹിയിൽ കോൺഗ്രസിന്റെ സമരങ്ങളിലുൾപ്പെടെ പങ്കെടുക്കുന്നത്.

പ്രതിപക്ഷത്തിനെതിരെ കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കുന്നുവെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി മുൻകൈയെടുത്ത് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ കോൺഗ്രസും കക്ഷിയാണ്. പാർ‍ട്ടിയെ വളർത്താനുള്ള താൽപര്യമാണ് കർണാടകയിൽ‍ മത്സരിക്കാൻ ആം ആദ്മിക്കു പ്രേരകമെങ്കിലും കോൺഗ്രസിന്റെ വിജയത്തിനു തടസമാകുന്ന സമീപനമുണ്ടാകുമോയെന്നാണ് കാണേണ്ടത്. ബിഎസ്പി നേതാവ് മായാവതി, രാഹുൽ ഗാന്ധിയെ പേരെടുത്തു പറഞ്ഞ് പിന്തുണയറിച്ച് പ്രതിപക്ഷ സമരത്തിൽ കക്ഷിചേർന്നിട്ടില്ല. സൂറത്ത് വിധി വന്നപ്പോൾ‍ അടിയന്തരാവസ്ഥക്കാലത്തെക്കുറിച്ച് കോൺഗ്രസിനെ ഓർമിപ്പിക്കുകയും ചെയ്തു. 

English Summary: Karnataka election; Challenges for BJP and Congress

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA