ന്യൂഡൽഹി ∙ ക്രൈസ്തവർക്കും അവരുടെ സ്ഥാപനങ്ങൾക്കും എതിരായ അതിക്രമം സംബന്ധിച്ചു ഹർജി നൽകിയ ശേഷവും ഇത്തരം സംഭവങ്ങളിൽ ക്രമാതീതമായ വർധനയുണ്ടായെന്നു ഹർജിക്കാർ സുപ്രീം കോടതിയിൽ ആരോപിച്ചു.
പ്രധാന ഹർജിക്കാരനായ ബെംഗളൂരു ആർച്ച്ബിഷപ് ഡോ. പീറ്റർ മച്ചാഡോയ്ക്കു വേണ്ടി അഭിഭാഷകൻ കോളിൻ ഗോൺസാൽവസാണ് വിഷയം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. ‘ഛത്തീസ്ഗഡിൽ ക്രൈസ്തവർക്കെതിരെ ഏറ്റവും കൂടുതൽ അക്രമമുണ്ടായ വർഷമാണിത്. 2022–23 ൽ മാത്രം അറുനൂറോളം അക്രമങ്ങളുണ്ടായി. സമുദായത്തിനെതിരായ നേരിട്ടുള്ള അക്രമം, വൈദികരെ അറസ്റ്റ് ചെയ്യൽ, പ്രാർഥനായോഗങ്ങൾ തടസ്സപ്പെടുത്തൽ, വിശ്വാസികൾക്കെതിരെ കേസെടുക്കൽ തുടങ്ങിയവ അതിക്രമങ്ങളുടെ പരിധിയിൽ വരും’– ഹർജിക്കാർ ആരോപിച്ചു. എന്നാൽ ഇത്തരം പ്രസ്താവനകൾ നടത്താൻ എളുപ്പമാണെന്നും സംസ്ഥാന സർക്കാരുകൾ നൽകിയ ഡേറ്റ രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാമെന്നും കേന്ദ്ര സർക്കാരിനു വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ പറഞ്ഞു. ഹർജി ഏപ്രിൽ 14നു പരിഗണിക്കാനായി മാറ്റി
പ്രതിഷേധത്തെ വിമർശിച്ച് ന്യൂനപക്ഷക്ഷേമ മന്ത്രി
ന്യൂഡൽഹി ∙ ക്രിസ്ത്യാനികൾക്കെതിരായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഡൽഹി ജന്തർ മന്തറിൽ 79 ക്രൈസ്തവ സഭകളും സംഘടനകളും ചേർന്നു ഫെബ്രുവരി മൂന്നിനു നടത്തിയ സമ്മേളനത്തെ കേന്ദ്ര ന്യൂനപക്ഷക്ഷേമ സഹമന്ത്രി ജോൺ ബാർല വിമർശിച്ചു. സംസ്ഥാന ന്യൂനപക്ഷ കമ്മിഷനുകളുടെ ദേശീയ യോഗത്തിലായിരുന്നു വിമർശനം.
പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിനെയോ ന്യൂനപക്ഷ കമ്മിഷനെയോ സമീപിക്കാമായിരുന്നെന്ന് ബാർല പറഞ്ഞു. അതിനു പകരം നാഗാലാൻഡ്, മേഘാലയ തിരഞ്ഞെടുപ്പുകളുടെ സമയത്തു കേന്ദ്ര സർക്കാരിനോടുള്ള എതിർപ്പിന്റെ പേരിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധിച്ചിട്ടും പ്രശ്നപരിഹാരമുണ്ടായോ എന്നും അദ്ദേഹം ചോദിച്ചു.
യോഗത്തിലെ പാനൽ ചർച്ചയിൽ ഫെഡറേഷൻ ഓഫ് കാത്തലിക് അസോസിയേഷൻസിന്റെ പ്രതിനിധി എ.സി.മൈക്കിൾ ക്രിസ്ത്യാനികൾക്കെതിരായ അതിക്രമങ്ങൾ ഉന്നയിച്ചു.
English Summary: Violence against Christians increased in India