ന്യൂഡൽഹി ∙ സർക്കാരിന്റെ വിവിധ ലഘു സമ്പാദ്യപദ്ധതികളിൽ അക്കൗണ്ട് എടുക്കുന്ന സമയത്ത് ആധാർ നമ്പർ നൽകാത്തവർ 6 മാസത്തിനകം ഇത് നൽകിയില്ലെങ്കിൽ അക്കൗണ്ട് താൽക്കാലികമായി മരവിപ്പിക്കും. ആധാർ നൽകുന്ന മുറയ്ക്ക് അക്കൗണ്ട് വീണ്ടും പ്രവർത്തനക്ഷമമാകും. ഇതുസംബന്ധിച്ച് സർക്കാർ നിക്ഷേപ പ്രോത്സാഹന ചട്ടത്തിൽ ഭേദഗതി വരുത്തി വിജ്ഞാപനമിറക്കി.
ഇത്തരം നിക്ഷേപ പദ്ധതികളിൽ പുതിയതായി അക്കൗണ്ട് എടുക്കുന്നവർ നിർബന്ധമായും ആധാർ നൽകണം. ആധാറില്ലെങ്കിൽ അതിനായി അപേക്ഷിക്കുമ്പോൾ ലഭിക്കുന്ന ആധാർ എൻറോൾമെന്റ് സ്ലിപ് സമർപ്പിച്ച് അക്കൗണ്ട് തുടങ്ങാം. എന്നാൽ, 6 മാസത്തിനകം ആധാർ നൽകിയിരിക്കണം. മുൻപ് ആധാറില്ലാത്തവർക്ക് മറ്റ് സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖ നൽകിയാൽ മതിയായിരുന്നു.
അക്കൗണ്ട് എടുക്കുന്ന സമയത്ത് പാൻ നമ്പർ നൽകാതിരുന്നവർ 2 മാസത്തിനകം നൽകണമെന്നു നിർദേശമുണ്ട്. അക്കൗണ്ടിലെ ബാലൻസ് 50,000 രൂപയ്ക്കു മുകളിലാവുകയോ ഒരു മാസത്തെ പണമിടപാട് 10,000 രൂപ കടക്കുകയോ ചെയ്താൽ മാത്രം പാൻ നൽകിയാൽ മതിയാകും. മുൻപ് എല്ലാവർക്കുമിത് ബാധകമായിരുന്നു.
English Summary : Aadhaar mandatroy for small savings schemes