ADVERTISEMENT

രണ്ടാമതൊരു ഭിന്ദ്രൻവാല ഉണ്ടാകരുത് എന്ന പഞ്ചാബ് പൊലീസിന്റെ അലിഖിത നിയമമാണ് അമൃത്പാൽ സിങ്ങിന്റെ അറസ്റ്റിലൂടെ നടപ്പായത്. പാക്കിസ്ഥാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയായ ബബർ ഖൽസ ഇന്റർനാഷനലുമായി അമൃത്പാലിനുള്ള ബന്ധത്തെപ്പറ്റി കേന്ദ്ര, സംസ്ഥാന അന്വേഷണ ഏജൻസികൾ ആഴത്തിലുള്ള അന്വേഷണം നടത്തും. അമൃത്പാൽ നേതൃത്വം നൽകുന്ന ‘വാരിസ് പഞ്ചാബ് ദേ’ എന്ന സംഘടനയുടെ പ്രവർത്തകരെപ്പറ്റിയുള്ള അന്വേഷണത്തിനിടെ ഇതു സംബന്ധിച്ച തെളിവുകൾ ലഭിച്ചിരുന്നു. ‘വാരിസ് പഞ്ചാബ് ദേ’യുടെ അൻപതോളം പ്രവർത്തകർ നിലവിൽ ദേശസുരക്ഷാ നിയമപ്രകാരം അറസ്റ്റിലായി അസമിലെ ദിബ്രുഗഡ് ജയിലിലുണ്ട്. 

നിരോധിത സംഘടനയായ ഖലിസ്ഥാൻ ലിബറേഷൻ ഫോഴ്സ് ഇന്റർനാഷനലിന്റെ നേതാവും ഭിന്ദ്രൻവാലയുടെ അനന്തരവനുമായ ലഖ്ബിർ സിങ് റോഡെ, സഹോദരൻ ജസ്വന്ത് റോഡെ എന്നിവരുമായുള്ള ബന്ധത്തിലൂടെയാണ് അമൃത്പാൽ ഖലിസ്ഥാൻ വലയത്തിലെത്തിയത്. ഇതിൽ ലഖ്ബിർ സിങ് പാക്കിസ്ഥാനിലാണെന്നാണു സൂചന. ജസ്വന്ത് റോഡെ ദുബായിലാണ്. 

ദുബായിൽ പിതാവിന്റെ ബിസിനസിൽ സഹായിക്കുകയായിരുന്ന അമൃത്പാൽ അവിടെ വച്ചാണ് ജസ്വന്തുമായി ബന്ധപ്പെടുന്നത്. പാക്ക് ചാരസംഘടനയായ ഐഎസ്ഐ ആണ് അമൃത്പാലിനെ വളർത്തിയതെന്നാണു പൊലീസ് പറയുന്നത്. അതിർത്തി വഴിയുള്ള ലഹരി കടത്തും ആയുധക്കടത്തും ധാരാളം ചെറുപ്പക്കാരായ അനുയായികളെ നേടിക്കൊടുത്തു. ദുബായിൽ വച്ച് അമൃത്പാലിന് സാങ്കേതിക ഉപകരണങ്ങളും മറ്റും ഉപയോഗിക്കുന്ന കാര്യത്തിൽ മാസങ്ങൾ നീണ്ട പരിശീലനം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. 

അഞ്ജാല സ്റ്റേഷൻ ആക്രമണത്തിനു പിന്നാലെ മാർച്ച് 18ന് അമൃത്പാൽ ഒളിവിൽ പോയതോടെ മുഖം നഷ്ടപ്പെട്ടത് പഞ്ചാബ് പൊലീസിനാണ്. എന്നാൽ,ബ്രിട്ടിഷ് പൗരത്വമുള്ള അമൃത്പാലിന്റെ ഭാര്യ കിരൺദീപ് രാജ്യം വിടാനുള്ള നീക്കം തടഞ്ഞും അനുയായികളെ അറസ്റ്റ് ചെയ്തും തുടർന്നു പൊലീസ് ക്ഷമാപൂർവം നടത്തിയ സമ്മർദനീക്കം ഫലം കണ്ടു. 

ഭിന്ദ്രൻവാലയുടെ ജന്മസ്ഥലമായ റോഡെ ഗ്രാമത്തിൽ വച്ച് കീഴടങ്ങാനും അനുയായികളിൽ ആവേശമുണർത്താനുമായിരുന്നു അമൃത്പാൽ ശ്രമിച്ചത്. പക്ഷേ പ്രതികരണം തണുത്തതായിരുന്നു. അക്രമങ്ങൾ ഒഴിവാക്കാൻ കഴിഞ്ഞത് പൊലീസിന്റെ ആസൂത്രണത്തിന്റെ മികവും തീവ്രവാദ വിരുദ്ധ സേനയുടെ നേട്ടവുമാണ്. മതവികാരം വ്രണപ്പെടാതെ വേണമായിരുന്നു നീക്കങ്ങൾ നടത്താൻ. 

നേപ്പാളിലേക്കു കടക്കാനുള്ള അമൃത്പാലിന്റെ ശ്രമം അതിർത്തിയിലെ സുരക്ഷ ശക്തമാക്കിയാണു തടഞ്ഞത്. ഡിജിറ്റൽ തെളിവുകളൊന്നും അവശേഷിപ്പിക്കാതെ ഒളിച്ചുള്ള യാത്രകൾക്ക് ദുബായിൽ നിന്നു കിട്ടിയ സാങ്കേതിക കാര്യങ്ങളിലുള്ള പരിശീലനം അമൃത്പാലിനെ സഹായിച്ചു. ഒളിവു കാലഘട്ടത്തിൽ അമൃത്പാലിന് അഭയം നൽകിയവരെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കുന്നതിലൂടെ സംഘത്തെ നിർവീര്യമാക്കാൻ പൊലീസിനു കഴിയും.

അമൃത്പാലിന്റെ അനുയായികൾ സംസ്ഥാനത്ത് സൃഷ്ടിക്കാനിടയുള്ള അസ്വസ്ഥതകളെ നേരിടുക എന്നതടക്കം നിരവധി വെല്ലുവിളികളും പൊലീസിനു മുന്നിലുണ്ട്. വിദേശത്തും അതിർത്തി രാജ്യങ്ങളിലും സജീവമായിട്ടുള്ള ഖലിസ്ഥാൻ അനുകൂല സംഘടനകൾ വ്യാജ പ്രചാരണങ്ങളിലൂടെയും പ്രതിഷേധങ്ങളിലൂടെയും പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. എല്ലാറ്റിനും പുറമെ അമൃത്പാലും അനുയായികളും അഴികൾക്കുള്ളിൽ തുടരുമെന്നത് ഉറപ്പാക്കാനായി കൃത്യവും ശക്തവുമായ തെളിവുകളും ശേഖരിക്കേണ്ടിവരും.

Content Highlight: Amritpal Singh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com