ADVERTISEMENT

ന്യൂഡൽഹി ∙ അപകീർത്തിക്കേസിൽ ശിക്ഷിച്ച സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഹർജി ഗുജറാത്ത് ഹൈക്കോടതി വേനലവധിക്കു ശേഷം വിധി പറയാൻ മാറ്റി. വേനലവധി കഴിയുന്നതു ജൂണിലായതിനാൽ അതുവരെ ഇടക്കാല സ്റ്റേ അനുവദിക്കണമെന്നു രാഹുലിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. ഈ മാസം 5 ന് ആരംഭിക്കുന്ന വേനലവധിക്കു ശേഷം ജൂൺ 5ന് ആണു കോടതി തുറക്കുക. അതിനു ശേഷമേ വിധിയുണ്ടാകൂ എന്നതിനാൽ അതുവരെ എംപി സ്ഥാനത്തുനിന്നുള്ള രാഹുലിന്റെ അയോഗ്യത തുടരും. 

കേസിൽ രാഹുലിനെ 2 വർഷം തടവിനു ശിക്ഷിച്ച സൂറത്ത് കോടതി ഉത്തരവിൽ സ്റ്റേ നേടി അയോഗ്യത ഒഴിവാക്കാനുള്ള കോൺഗ്രസിന്റെ ശ്രമങ്ങൾക്കു കടുത്ത തിരിച്ചടിയാണിത്. വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്നും കോൺഗ്രസ് ആശങ്കപ്പെടുന്നു. അങ്ങനെ സംഭവിച്ചാൽ അതു ചോദ്യംചെയ്ത് നേരിട്ടു സുപ്രീം കോടതിയെ സമീപിക്കാനാണു കോൺഗ്രസ് നീക്കം.  

‘എല്ലാ മോഷ്ടാക്കൾക്കും മോദി എന്നു പേരുള്ളതെന്തുകൊണ്ട്’ എന്ന പരാമർശത്തിൽ മാപ്പു പറയില്ലെന്നു പുറത്ത് വീമ്പിളക്കുന്ന രാഹുൽ, ശിക്ഷയുടെ പേരിൽ കോടതിക്കുള്ളിൽ കരയുന്നത് ഇരട്ടത്താപ്പാണെന്നു പരാതി നൽകിയ ഗുജറാത്ത് എംഎൽഎ: പൂർണേശ് മോദി വാദിച്ചു.

തിരഞ്ഞെടുപ്പു പ്രസംഗത്തിനിടെ നടത്തിയ പരാമർശങ്ങൾ വിശാല കാഴ്ചപ്പാടിൽ പരിഗണിക്കണമെന്നു സിങ്‌വി വാദിച്ചു. അപകീർത്തിക്കേസിൽ പരമാവധി ശിക്ഷ വിധിക്കുന്നത് ഇതാദ്യമാണ്. തിരഞ്ഞെടുപ്പു കമ്മിഷൻ വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ രാഹുലിനു ലോക്സഭാംഗത്വം നഷ്ടമാകും. പരിഹരിക്കാനാവാത്ത നഷ്ടമായിരിക്കും അത്. ഇരുപക്ഷവും വാദം പൂർത്തിയാക്കിയതിനാൽ വിധി പറയണമെന്നു സിങ്‌വി അഭ്യർഥിച്ചെങ്കിലും കോടതി വഴങ്ങിയില്ല. 

നിലവിലെ സ്ഥിതിയിൽ ഇടക്കാല സ്റ്റേ അനുവദിക്കാനാവില്ലെന്നു ജസ്റ്റിസ് പ്രച്ഛക് വ്യക്തമാക്കി. നാളെ താൻ വിദേശത്തേക്കു പോവുകയാണെന്നും അവധിക്കു ശേഷം വിധി പ്രസ്താവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

English Summary: No stay on Rahul Gandhi conviction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT