ADVERTISEMENT

ന്യൂഡൽഹി ∙ ഉപതിരഞ്ഞെടുപ്പു നടന്ന പഞ്ചാബിലെ ജലന്തർ ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് ആംആദ്മി പാർട്ടി പിടിച്ചെടുത്തു. ചതുഷ്കോണ മത്സരത്തിൽ, ആം ആദ്മി പാർട്ടിയിലെ സുശീൽ കുമാർ റിങ്കു 58,691 വോട്ടുകൾക്ക് കോൺഗ്രസിലെ കരംജിത് കൗർ ചൗധരിയെ പരാജയപ്പെടുത്തി. ഇതോടെ ആം ആദ്മി പാർട്ടിക്ക് ലോക്സഭയിൽ വീണ്ടും പ്രാതിനിധ്യമായി. ലോക്സഭയിലെ പാർട്ടിയുടെ ഏക അംഗമായിരുന്ന ഭഗവന്ത് മാൻ രാജിവച്ച് പഞ്ചാബ് മുഖ്യമന്ത്രിയായതിനെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ടിരുന്നു. 

കോൺഗ്രസ് എംപി സന്തോഖ് സിങ് ചൗധരി ഭാരത് ജോഡോ യാത്രയ്ക്കിടെ കുഴഞ്ഞുവീണു മരിച്ചതിനെ തുടർന്നാണ് ജലന്തറിൽ ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. സന്തോഖിന്റെ ഭാര്യയായ കരംജിത്തിനെയാണു കോൺഗ്രസ് മത്സരിപ്പിച്ചത്. ശിരോമണി അകാലിദൾ മൂന്നാമതെത്തിയപ്പോൾ ബിജെപി നാലാമതായി.

ഇതിനിടെ, 3 സംസ്ഥാനങ്ങളിലായി 4 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പുകളിൽ പ്രാദേശിക പാർട്ടികൾക്കും സഖ്യങ്ങൾക്കുമാണ് നേട്ടം. ഒഡീഷയിലെ ജർസുഗുഡ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ബിജു ജനതാദളിലെ ദിപാലി ദാസ് ബിജെപിയിലെ ടി.ത്രിപാഠിയെ 48,721 വോട്ടുകൾക്ക് തോൽപിച്ചു. രണ്ടിടത്തും കോൺഗ്രസ് മൂന്നാമതായി.

യുപി നിയമസഭയിലെ 2 മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ അപ്നാദൾ (സോനെലാൽ വിഭാഗം) നേട്ടമുണ്ടാക്കി. ഛാൻബെ മണ്ഡലത്തിൽ, അപ്നാദളിലെ റിങ്കി കോൽ എസ്പിയിലെ കീർത്തി കോളിനെയാണ് 9587 വോട്ടുകൾക്കു പരാജയപ്പെടുത്തിയത്. ഇവിടെ കോൺഗ്രസ് നാലാമതായി. സുവാ‍ർ മണ്ഡലത്തിൽ എസ്പിയിലെ അനിരുദ്ധ ചൗഹാനെ അപ്നാദൾ സ്ഥാനാർഥി എസ്.എ.അൻസാരി 8724 വോട്ടിന് തോൽപിച്ചു.

മേഘാലയയിൽ സ്ഥാനാ‍ർഥി മരിച്ചതിനെ തുടർന്നു തിരഞ്ഞെടുപ്പു മാറ്റിവച്ചിരുന്ന സൊഹിയോങ് മണ്ഡലത്തിൽ ബിജെപി ഉൾപ്പെട്ട യുഡിപി സഖ്യത്തിലെ യു.കെ.റോയ് ലിങ്തോ താബെ വിജയിച്ചു. 3422 വോട്ടുകൾക്ക് നാഷനൽ പീപ്പിൾസ് പാർട്ടി സ്ഥാനാർഥിയെയാണു തോൽപിച്ചത്.

യുപി: തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് മികച്ച വിജയം

ലക്നൗ ∙ ഉത്തർപ്രദേശിലെ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ ആകെയുള്ള 17 കോർപറേഷനുകളിലെയും മേയർ സ്ഥാനം ബിജെപി നേടി. ലക്നൗ, പ്രയാഗ്​രാജ്, വാരാണസി, മീററ്റ്, സഹാറൻപുർ, അയോധ്യ, കാൻപുർ, ബറേലി, മൊറാദാബാദ്, ആഗ്ര, അലിഗഡ്, ഫിറോസാബാദ്, ഗോരഖ്പുർ, ഗാസിയാബാദ്, ഝാൻസി, മധുര, ഷാജഹാൻപുർ എന്നിവയാണ് ബിജെപി വിജയിച്ച കോർപറേഷനുകൾ. 600 വാർഡുകളിലാണ് ബിജെപി ജയം. എസ്പി 128 വാർഡും ബിഎസ്പി 72 വാർഡും ജയിച്ചു.

90 മുനിസിപ്പാലിറ്റികളിലെയും ചെയർമാൻ സ്ഥാനം ബിജെപിക്കാണ്. സമാജ്​വാദി പാർട്ടിക്ക് 34 മുനിസിപ്പൽ ചെയർമാൻ സ്ഥാനം കിട്ടി. 201 നഗരപഞ്ചായത്തുകളുടെ

അധ്യക്ഷ സ്ഥാനം ബിജെപി നേടിയപ്പോൾ എസ്പി 88 എണ്ണവും ബിഎസ്പി 21എണ്ണവും നേടി.

English Summary : Aam Aadmi party win in Jalandhar by election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com