ADVERTISEMENT

ന്യൂഡൽഹി ∙ അദാനി ഗ്രൂപ്പിനെതിരെ ഉയർന്ന ആരോപണങ്ങളിൽ നടപടി സ്വീകരിക്കുന്നതിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയ്ക്ക് (സെബി) വീഴ്ച പറ്റിയെന്നു പറയാനാകില്ലെന്നു സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് നൽകി. നിലവി‍ലെ സാഹചര്യം കണക്കിലെടുത്താണ് പ്രാഥമിക വിലയിരുത്തലെന്നും റിട്ട. ജഡ്ജി എ.എം.സാപ്രെയുടെ നേതൃത്വത്തിലുള്ള ആറംഗ സമിതിയുടെ റിപ്പോർട്ടിലുണ്ട്.

ഹിൻഡൻബർഗ് റിപ്പോർട്ടിൽ ഉയർന്ന ആരോപണങ്ങൾ ശരിവയ്ക്കുംവിധം ശക്തമായൊരു കേസ് ഇനിയും രൂപപ്പെട്ടിട്ടില്ല. സെബി നൽകിയ മറുപടികളും അനുബന്ധ ഡേറ്റയും വിലയിരുത്തുമ്പോഴും പ്രാഥമിക തലത്തിൽ വീഴ്ചയില്ല. അതേസമയം, നിലവിലെ നിയമങ്ങൾക്കു വിരുദ്ധമായി ഓഹരി വിലയിൽ എന്തെങ്കിലും കൃത്രിമം കാട്ടിയിട്ടുണ്ടോയെന്ന ചോദ്യത്തിനു സമിതി വ്യക്തമായ മറുപടി നൽകിയിട്ടില്ല. അന്വേഷണം നടക്കുന്നതേയുള്ളുവെന്നും ഇക്കാര്യത്തിൽ അഭിപ്രായം പറയാനാകില്ലെന്നും സമിതി വ്യക്തമാക്കുന്നു.

കഴിഞ്ഞ ജനുവരിയിലാണ് യുഎസ് ആസ്ഥാനമായ ഹിൻഡൻബർഗ് അദാനി ഗ്രൂപ്പിനെതിരെ റിപ്പോ‍ർട്ട് പുറത്തുവിട്ടത്. ഇതു വിവിധ അദാനി കമ്പനികളുടെ ഓഹരി മൂല്യത്തിൽ 10,000 കോടി ഡോളറിന്റെ ഇടിവിനു കാരണമായിരുന്നു. 

റിപ്പോർട്ടിലെ പ്രധാന പരാമർശങ്ങൾ

∙ അദാനി ഗ്രൂപ്പ് പ്രമോട്ടർമാരുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന 13 വിദേശ സ്ഥാപനങ്ങൾ ഗുണഭോക്താക്കളായ ഉടമകളുടെ വിശദാംശങ്ങൾ നൽകിയിട്ടുണ്ട്.

∙ അദാനി എനർജി‌യുടെ മൂല്യം ഉയരും വിധം കൃത്രിമം ഉണ്ടായി എന്നു വ്യക്തമാകുന്നില്ല 

∙ വിശകലനത്തിനു വേണ്ടി എല്ലാ അദാനി സ്റ്റോക്കുകളിൽ നിന്നുമുള്ള ഡേറ്റ ഉപയോഗിച്ച് സമാന ചാർട്ടുകൾ സെബി തയാറാക്കേണ്ടതുണ്ട്.

∙ സെക്യൂരിറ്റീസ് ചട്ടങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ടോ ബന്ധപ്പെട്ടവരുടെ ഇടപാടുകളുമായി ബന്ധപ്പെട്ടോ നിലവിൽ കേസില്ല.

∙ ആരോപണങ്ങളെക്കുറിച്ചു ഏതാനും നാളുകളായി സെബി അന്വേഷിക്കുന്നുണ്ട്, സെബിയുടെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായിട്ടില്ല.

∙ നിലവിൽ തെളിവുകളൊന്നുമില്ലെങ്കിലും ഹിൻഡൻബർഗ് റിപ്പോർട്ട് സെബിയുടെ സംശയം ബലപ്പെടുത്താൻ സഹായിച്ചു.

English Summary: Expert committee says no fault for sebi in allegation against Adani group

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com