ADVERTISEMENT

ന്യൂഡൽഹി ∙ റഷ്യയുമായുള്ള സംഘർഷത്തിൽ യുക്രെയ്നിനെ സഹായിക്കാൻ സാധ്യമായതെല്ലാം ഇന്ത്യ ചെയ്യുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഹിരോഷിമയിൽ ജി7 ഉച്ചകോടിക്കെത്തിയ മോദി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സമാധാനശ്രമങ്ങളിൽ പങ്കാളിയാകാൻ സെലെൻസ്കി ഇന്ത്യയെ ക്ഷണിച്ചു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനു ശേഷം ആദ്യമായാണ് മോദിയും സെലെൻസ്കിയും കൂടിക്കാഴ്ച നടത്തുന്നത്.

നയതന്ത്ര മാർഗങ്ങളിലൂടെ തർക്കം പരിഹരിക്കണമെന്ന ഇന്ത്യയുടെ നിലപാടും മോദി ആവർത്തിച്ചു. യുക്രെയ്നിനുള്ള മാനുഷിക സഹായങ്ങൾ തുടരും. ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ സഹായിച്ചതിന് അദ്ദേഹം നന്ദി പറഞ്ഞു. സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഒപ്പമുണ്ടായിരുന്നു.

ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, വിയറ്റ്നാം പ്രസിഡന്റ് ഫാം മിൻ ചിൻ, ദക്ഷിണ കൊറിയൻ പ്രസിഡന്റ് യുൻ സുക് യോൾ എന്നിവരുമായി മോദി ചർച്ച നടത്തി. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഇന്തൊനീഷ്യൻ പ്രസിഡന്റ് ജോകോ വിഡോഡോ, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് എന്നിവരുമായും കൂടിക്കാഴ്ച നടത്തി.

ഭക്ഷ്യസുരക്ഷ, ആധുനിക കൃഷിരീതികൾ, വളം ലഭ്യത, സാങ്കേതികവിദ്യാ സഹകരണം തുടങ്ങിയ മേഖലകളിൽ ലോകരാജ്യങ്ങൾ തമ്മിൽ കൂടുതൽ സഹകരണം വേണമെന്നു ജി7 യോഗത്തിലെ ആമുഖ ചർച്ചയിൽ മോദി പറഞ്ഞു. ചെറുധാന്യങ്ങൾക്കു കൂടുതൽ പ്രാധാന്യം, സുതാര്യമായ വളംവിതരണം, വളത്തിനു പകരമുള്ള മാർഗങ്ങൾ കണ്ടെത്തൽ തുടങ്ങിയ 10 നിർദേശങ്ങൾ അദ്ദേഹം മുന്നോട്ടുവച്ചു.

ആണവായുധ നിരോധനത്തിനു മുൻതൂക്കം നൽകണമെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ യോഗത്തിൽ അഭിപ്രായപ്പെട്ടു.

ഹിരോഷിമയിൽ മഹാത്മാ ഗാന്ധിയുടെ അർധകായ പ്രതിമ മോദി അനാവരണം ചെയ്തു. പത്മഭൂഷൺ ജേതാവ് റാം വി.സുതർ നിർമിച്ച 42 ഇഞ്ച് പ്രതിമയാണ് മോടോയാസു നദിക്കരയിൽ ആണവാക്രമണ സ്മാരകത്തിനു സമീപം സ്ഥാപിച്ചത്.

അദ്ദേഹം ഇന്ന് പാപുവ ന്യൂഗിനിയിലേക്കു പോകും. ജി7 യോഗത്തിൽ ജോ ബൈഡൻ ആണവ നിരായുധീകരണത്തെക്കുറിച്ചു പറഞ്ഞപ്പോൾ ഈ ലക്ഷ്യത്തിനായി പ്രവർത്തിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സംഭാവനകൾ മോദി അനുസ്മരിക്കേണ്ടതായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേഷ് കുറ്റപ്പെടുത്തി.

 

∙ ഇന്തോ– പസിഫിക് മേഖലയിൽ സമാധാനവും പരമാധികാരവും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നു ക്വാഡ് രാഷ്ട്രനേതാക്കൾ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് എന്നിവരാണു ഹിരോഷിമയിൽ ജി7 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തിയത്.

 

ബഹ്മുത് പിടിച്ചെന്ന് റഷ്യ; ഇല്ലെന്ന് യുക്രെയ്ൻ

കീവ് ∙ യുക്രെയ്നിലെ ബഹ്മുത് നഗരം പൂർണമായും നിയന്ത്രണത്തിലാക്കിയെന്ന് റഷ്യൻ കൂലിപ്പട്ടാളമായ വാഗ്‍നർ ഗ്രൂപ്പിന്റെ തലവൻ യവ്ജനി പ്രിഗോസിൻ അവകാശപ്പെട്ടു. നഗരത്തിന്റെ നിയന്ത്രണം റഷ്യൻ പട്ടാളത്തിനു കൈമാറി 25ന് വാഗ്നർ ഗ്രൂപ്പ് പിൻവാങ്ങുമെന്നും വിഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. എന്നാൽ, പ്രിഗോസിന്റെ അവകാശവാദം യുക്രെയ്ൻ സേന തള്ളി. ബഹ്മുതിൽ പോരാട്ടം തുടരുകയാണെന്ന് സേനാ വക്താവ് സെർഹി ഷെരവതി പറഞ്ഞു. യുക്രെയ്നിലെ റഷ്യൻ അധിനിവേശം 15 മാസം പിന്നിടുകയാണ്. ഏറ്റവും രക്തരൂക്ഷിതമായ പോരാട്ടം നടന്ന നഗരമാണ് ബഹ്മുത്.

 

English Summary: Narendra Modi meet Zelensky

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com