ADVERTISEMENT

ഹിരോഷിമ∙ആഗോളതലത്തിലുള്ള യാഥാർഥ്യങ്ങളെ പ്രതിഫലിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഐക്യരാഷ്ട്ര സംഘടനയും സുരക്ഷാസമിതിയും വെറും ‘വാചകമടി’ക്കുള്ള സ്ഥലമായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎൻ സംഘടനകളുടെ പ്രവർത്തനങ്ങളിൽ സമൂലമാറ്റം ഉണ്ടാകണമെന്ന് ജി 7 ഉച്ചകോടിയിൽ ആണ് ശക്തമായ ഭാഷയിൽ മോദി ആവശ്യം ഉന്നയിച്ചത്. യുഎസ്, ഫ്രാൻസ്, യുകെ, ഇറ്റലി, ജർമനി, കാനഡ, ജപ്പാൻ എന്നീ സമ്പന്ന രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ജി 7 ഉച്ചകോടിയിൽ അതിഥിയായാണ് ഇന്ത്യ അടക്കം 8 രാജ്യങ്ങൾ പങ്കെടുക്കുന്നത്.

സമാധാനവും സുസ്ഥിരതയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ കൈകാര്യം ചെയ്യാനാണു യുഎൻ രൂപീകരിച്ചതെങ്കിൽ വ്യത്യസ്ത ഫോറങ്ങൾ ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നത് എന്തുകൊണ്ട്? ഭീകരപ്രവർത്തനത്തിന്റെ നിർവചനത്തെപ്പോലും അംഗീകരിക്കാൻ യുഎൻ മടി കാണിക്കുന്നത് എന്തുകൊണ്ടാണ്? കഴിഞ്ഞ നൂറ്റാണ്ടിൽ രൂപം കൊണ്ട സംഘടനകൾക്കു പുതിയ കാലവുമായി യോജിച്ചുപോകാൻ കഴിയുന്നില്ല. അതിനാൽ യുഎൻ അടക്കമുള്ള സ്ഥാപനങ്ങളിൽ പരിഷ്കരണം ആവശ്യമാണ്.

ഹിരോഷിമയിൽ വിവിധ രാഷ്ട്രത്തലവൻമാരുമായി ഫലപ്രദമായ ചർച്ചകൾ നടത്തിയതായി മോദി വ്യക്തമാക്കി. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകുമായി വ്യാപാരം, നിക്ഷേപം, ശാസ്ത്ര സാങ്കേതിക വിഷയങ്ങൾ എന്നിവ ചർച്ചയായി. ഇരു രാജ്യങ്ങൾക്കുമിടയിലെ സ്വതന്ത്ര വ്യാപാര കരാറിന്റെ നടത്തിപ്പിലെ പുരോഗതി വിലയിരുത്തി. ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവയുമായി പ്രതിരോധ ഉപകരണങ്ങളുടെ നിർമാണവും ഊർജ പുനരുപയോഗവും അടക്കമുള്ള വിഷയങ്ങളിൽ ചർച്ച നടത്തി.

രണ്ടാംലോക മഹായുദ്ധത്തിൽ യുഎസ് അണുബോംബ് പ്രയോഗിച്ചതിനെ തുടർന്ന് കൊല്ലപ്പെട്ടവർക്കായി ഹിരോഷിമയിൽ നിർമിച്ച സമാധാന മ്യൂസിയം സന്ദർശിച്ച് മോദി ആദരാഞ്ജലികൾ അർപ്പിച്ചു. 1945 ഓഗസ്റ്റ് 6 ന് നടന്ന ബോംബാക്രമണത്തിൽ 1,40,000 പേരാണ് കൊല്ലപ്പെട്ടത്.

ജി 7 ഉച്ചകോടിയിൽ സംബന്ധിച്ച ശേഷം ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി പാപുവ ന്യൂഗിനിയയിലേക്കു പോയി. ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇവിടം സന്ദർശിക്കുന്നത്. ഇന്നു നടക്കുന്ന ഇന്ത്യ പസിഫിക് ഐലൻഡ്സ് കോഓപറേഷൻ സമ്മേളനത്തിനായാണ് മോദി എത്തുന്നത്. തുടർന്ന് മോദി ഓസ്ട്രേലിയൻ സന്ദർശനത്തിനായി തിരിക്കും. സിഡ്നിയിൽ ഇന്ത്യൻ വ്യവസായ സമൂഹത്തിന്റെ യോഗത്തിലും പങ്കെടുക്കും.

ജനപ്രീതിയിൽ മുന്നിൽ മോദി

ന്യൂയോർക്ക് ∙ നാടുഭരിക്കുന്നവരെക്കുറിച്ചുള്ള നാട്ടുകാരുടെ അഭിപ്രായത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആഗോള ഒന്നാം സ്ഥാനം. യുഎസിലെ മോണിങ് കൺസൽറ്റ് സർവേ ഏജൻസി നടത്തുന്ന ഗ്ലോബൽ ലീഡർ അപ്രൂവൽ റേറ്റിങ് ട്രാക്കറിൽ മേയ് 10–16 കാലഘട്ടത്തിൽ 78% ജനപ്രീതിയുമായി മോദി മറ്റെല്ലാ നേതാക്കളെയും പിന്നിലാക്കി.  

22 രാജ്യങ്ങളിലെ നേതൃത്വ മതിപ്പാണ് മോണിങ് കൺസൽറ്റ് പരിശോധിക്കുന്നത്. യുഎസിൽ പ്രസിഡന്റ് ജോ ബൈഡന്റെ ജനപ്രീതി മേയ് 10–16 കാലഘട്ടത്തിൽ 42% മാത്രമാണ്. 

English Summary: Narendra Modi's speech in G7 summit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com