ADVERTISEMENT

ന്യൂഡൽഹി ∙ രാഷ്ട്രപതിയെ നോക്കുകുത്തിയാക്കി, പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നുവെന്ന കോൺഗ്രസിന്റെ ആരോപണത്തിനു കേന്ദ്രമന്ത്രി ഹ‍ർദീപ് സിങ് പുരി നൽകിയ മറുപടിയിൽ പിഴവ്. 1987–ൽ പാർലമെന്റിന്റെ ലൈബ്രറി മന്ദിരം ഉദ്ഘാടനം ചെയ്തത് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെന്നായിരുന്നു ഹർദീപ് സിങ് പുരിയുടെ പരാമർശം. കോൺഗ്രസിനു പ്രധാനമന്ത്രിയെക്കൊണ്ട് മന്ദിരം ഉദ്ഘാടനം ചെയ്യിക്കാമെങ്കിൽ എന്തുകൊണ്ട് ബിജെപിക്ക് ആയിക്കൂടാ എന്നും അദ്ദേഹം ചോദിച്ചിരുന്നു. എന്നാൽ, ലൈബ്രറി ഹാൾ ഉദ്ഘാടനം ചെയ്തത് 2002–ൽ അന്നത്തെ രാഷ്ട്രപതി കെ.ആർ. നാരായണനായിരുന്നു. 

കെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങാണ് 1987 ഓഗസ്റ്റ് 15നു രാജീവ് ഗാന്ധി നിർവഹിച്ചത്. പിന്നീട് 1994ൽ അന്നത്തെ ലോക്സഭാ സ്പീക്കർ ശിവരാജ് പാട്ടീൽ ഭൂമിപൂജ നടത്തിയതോടെയാണു നിർമാണത്തിനു തുടക്കമായത്. ഉദ്ഘാടനം ചെയ്തത് 2002ലും. 

അതേസമയം, 1975ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി പാർലമെന്റ് അനെക്സിന്റെ ഉദ്ഘാടനം നിർവഹിച്ചതിനെക്കുറിച്ചും ഹർദീപ് സിങ് പുരി ചൂണ്ടിക്കാട്ടിയിരുന്നു. 1970ൽ രാഷ്ട്രപതി വി.വി. ഗിരി തറക്കല്ലിട്ടു നിർമാണം തുടങ്ങിയ മന്ദിരമാണ് 1975ൽ ഇന്ദിര ഉദ്ഘാടനം ചെയ്തത്. എന്നാൽ, ലൈബ്രറിയും അനെക്സും പോലെ അനുബന്ധ മന്ദിരങ്ങൾ പോലയല്ല ഇന്ത്യൻ പാർലമെന്റ് മന്ദിരമെന്നും അതിന്റെ ഉദ്ഘാടന വേദിയിൽ രാഷ്ട്രപതിയെ ഒഴിവാക്കുന്നത് അവരോടുള്ള അപമാനമെന്നുമാണു കോൺഗ്രസ് ആരോപണം. അനെക്സും ലൈബ്രറിയുമെല്ലാം തറക്കല്ലിടലോ ഉദ്ഘാടനമോ ഏതെങ്കിലുമൊന്ന് അന്നത്തെ രാഷ്ട്രപതിയും മറ്റൊന്ന് പ്രധാനമന്ത്രിയുമാണ് നിർവഹിച്ചത്. പുതിയ മന്ദിരത്തിന് തറക്കല്ലിട്ടതും ഉദ്ഘാടനം ചെയ്യുന്നതും മോദി തന്നെയാണ്. 

English Summary: Hardeep Singh Puri statement that parliament library building was inaugurated by Rajiv Gandhi is wrong

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com