ഒറ്റക്കെട്ടായി 19 പാർട്ടികൾ; പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്കരിക്കും

HIGHLIGHTS
  • രാഷ്ട്രപതിയെ ഒഴിവാക്കിയതിൽ പ്രതിഷേധം; ജനാധിപത്യത്തിന്റെ ആത്മാവ് ചോർത്തിയെന്ന് വിമർശനം
parliament
SHARE

ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽനിന്നു രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ഒഴിവാക്കിയതിലുള്ള പ്രതിഷേധം, കേന്ദ്ര സർക്കാരിനെതിരായ പോരാട്ടത്തിന് പ്രതിപക്ഷം ഇന്ധനമാക്കുന്നു. രാഷ്ട്രപതിയെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചു ചടങ്ങു ബഹിഷ്കരിക്കാൻ കോൺഗ്രസ്, തൃണമൂൽ എന്നിവയടക്കമുള്ള 19 പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി തീരുമാനിച്ചു. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനു പിന്നാലെ പാർലമെന്റിൽ രൂപപ്പെട്ട പ്രതിപക്ഷ ഐക്യത്തിന്റെ തുടർച്ചയാണ് ബഹിഷ്കരണ തീരുമാനം. ഒറ്റയ്ക്കൊറ്റയ്ക്കു നിലപാടെടുക്കാതെ, സംയുക്ത പ്രസ്താവനയിലൂടെയാണ് 19 കക്ഷികൾ ബഹിഷ്കരണം പ്രഖ്യാപിച്ചത്.

∙ സംയുക്ത ബഹിഷ്കരണ തീരുമാനമെടുത്തത്: കോൺഗ്രസ്, തൃണമൂൽ, ഡിഎംകെ, ആം ആദ്മി പാർട്ടി, ശിവസേന (ഉദ്ധവ് താക്കറെ), സമാജ്‌വാദി പാർട്ടി, സിപിഎം, സിപിഐ, ജാർഖണ്ഡ് മുക്തി മോർച്ച, കേരള കോൺഗ്രസ് (എം), ആർജെഡി, ആർഎൽഡി, വിസികെ, ജെഡിയു, എൻസിപി, മുസ്‌ലിം ലീഗ്, നാഷനൽ കോൺഫറൻസ്, ആർഎസ്പി, എംഡിഎംകെ.

∙ കൂട്ടായ്മയിൽ ചേരാതെ ബഹിഷ്കരിക്കുന്ന പ്രതിപക്ഷ കക്ഷികൾ:അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം, തെലങ്കാനയിലെ ബിആർഎസ് - ഇന്നു പ്രഖ്യാപിക്കും. ഈ വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ എതിരാളികളായ കോൺഗ്രസുമായി യോജിക്കാൻ വയ്യ.

∙ പങ്കെടുക്കുന്ന പ്രതിപക്ഷ കക്ഷികൾ: ടിഡിപി, വൈഎസ് ആർ കോൺഗ്രസ്, അകാലി ദൾ, ബിജെഡി. 

∙ തീരുമാനമെടുക്കാത്തത്:  ബിഎസ്പി - കോൺഗ്രസ് ക്ഷണിച്ചെങ്കിലും സംയുക്ത പ്രസ്താവനയ്ക്കു തയാറായില്ല.

പ്രതിപക്ഷ സംയുക്ത 

പ്രസ്താവനയിൽനിന്ന്: പാർലമെന്റിന്റെ അവിഭാജ്യ ഘടകമായ രാഷ്ട്രപതിയെ ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ദിരം ഉദ്ഘാടനം ചെയ്യുന്നതു രാഷ്ട്രപതിയോടും ഭരണഘടനയോടുമുള്ള അവഹേളനമാണ്. മോദിയുടെ ഏകാധിപത്യനടപടികളോട് എതിർപ്പുണ്ടായിരുന്നെങ്കിലും ചടങ്ങിൽ പങ്കെടുക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, രാഷ്ട്രപതിയെ ഒഴിവാക്കിയത് കടുത്ത അവഹേളനമാണ്. രാഷ്ട്രപതിയും 2 സഭകളും ചേർന്നതാണ് പാർലമെന്റ് എന്നു ഭരണഘടന വ്യക്തമാക്കുന്നു. രാഷ്ട്രപതിയെ ഒഴിവാക്കി പാർലമെന്റിനു പ്രവർത്തിക്കാനാവില്ല. എന്നിട്ടും അവരെ ഒഴിവാക്കി മോദി സ്വയം ഉദ്ഘാടനം നിർവഹിക്കാനൊരുങ്ങുകയാണ്. ജനാധിപത്യവിരുദ്ധ നടപടികൾ സ്വീകരിക്കുന്നതു പ്രധാനമന്ത്രിക്കു പുതുമയല്ല. ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉയർത്തിയ പ്രതിപക്ഷാംഗങ്ങളെ പാർലമെന്റിൽനിന്നു മുൻപ് അയോഗ്യരാക്കുകയും നിശ്ശബ്ദരാക്കുകയും ചെയ്തു. മഹാമാരിയുടെ കാലത്താണ് വൻ തുക ചെലവിട്ട് പുതിയ മന്ദിരം നിർമിച്ചത്. ജനങ്ങളോടോ എംപിമാരോടോ ആലോചിക്കാതെയായിരുന്നു ഇത്.

∙ ‘രാഷ്ട്രപതിയെ ചടങ്ങിനു ക്ഷണിക്കാത്തത് പരമോന്നത ഭരണഘടനാ പദവിയെ അപമാനിക്കലാണ്. അഹങ്കാരത്തിന്റെ ശിലകൾ കൊണ്ടല്ല, ഭരണഘടനാ മൂല്യങ്ങൾ കൊണ്ടാണ് പാർലമെന്റ് നിർമിക്കേണ്ടത്.’ – രാഹുൽ ഗാന്ധി (കോൺഗ്രസ് നേതാവ്)

∙ ‘ഉദ്ഘാടനച്ചടങ്ങു രാഷ്ട്രീയവൽക്കരിക്കരുത്. കേന്ദ്ര സർക്കാർ എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്.’ – അമിത് ഷാ (കേന്ദ്ര ആഭ്യന്തര മന്ത്രി)

English Summary: Opposition parties to boycott parliament building inauguration ceremony

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA