ADVERTISEMENT

ഇംഫാൽ ∙ മെയ്തെയ്- കുക്കി വിഭാഗങ്ങൾ വീണ്ടും ഏറ്റുമുട്ടുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ മണിപ്പുരിൽ കരസേന വ്യാപക തിരച്ചിൽ തുടങ്ങി. ‌ദേശീയപാതയോടു ചേർന്നുള്ള ന്യു കെയ്ത്തൽമാൻബി ഗ്രാമത്തിൽനിന്ന് ആയുധങ്ങൾ പിടിച്ചെടുത്തു. സ്ഥിതി വിലയിരുത്താൻ കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ ഇംഫാലിലെത്തി. പ്രശ്നബാധിത പ്രദേശങ്ങളിൽ വിന്യസിക്കുന്നതിനായി കൂടുതൽ സേനയുമെത്തി. 

അതേസമയം, ജനക്കൂട്ടത്തിനൊപ്പം ചേർന്ന് അക്രമം നടത്തിയെന്ന പരാതിയിൽ 3 റാപ്പിഡ് ആക്‌ഷൻ ഫോഴ്സ് ജവാൻമാരെ സിആർപിഎഫ് കമൻഡാന്റ് സസ്പെൻഡ് ചെയ്തു. ഇംഫാൽ നഗരത്തിലെ ന്യു ചെക്കോണിലെ ബീഫ് കടയ്ക്കു തീയിടാൻ ശ്രമിച്ചതിനാണ് നടപടി. എന്നാൽ, സസ്പെൻഷൻ ഉത്തരവിൽ കാരണം പറഞ്ഞിട്ടില്ല. 

ഈ മാസം 3ന് ആരംഭിച്ച വംശീയകലാപം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. കുക്കി സായുധ ഗ്രൂപ്പുകൾക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് മെയ്തെയ് തീവ്രവിഭാഗങ്ങൾ സ്വന്തം വിഭാഗത്തിൽപെട്ട മന്ത്രിമാരുടെ വീടുകൾ ആക്രമിക്കുകയാണ്. അസം റൈഫിൾസിനെയും ഇന്ത്യൻ കരസേനയയെയും പിൻവലിക്കണമെന്നും പകരം മണിപ്പുർ പൊലീസിനെ വിന്യസിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. അസം റൈഫിൾസ് കുക്കികളെ സഹായിക്കുന്ന നിലപാടാണു സ്വീകരിക്കുന്നതെന്നും കുക്കി സായുധഗ്രൂപ്പുകൾക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും ഭരണകക്ഷി എംഎൽഎമാർ ആരോപിച്ചു. 

അസം റൈഫിൾസ് എത്തിയതുകൊണ്ടാണു തങ്ങൾക്ക് സുരക്ഷിതമായി കഴിയാൻ പറ്റുന്നതെന്നും മണിപ്പുർ പൊലീസ് മെയ്തെകളെ സഹായിക്കുകയായിരുന്നുവെന്നും കുക്കി സംഘടനകൾ ആരോപിച്ചു. കലാപകാരികൾക്കൊപ്പം മണിപ്പുർ പൊലീസ് ഉണ്ടായിരുന്നുവെന്നും പൊലീസിന്റെ 4000 തോക്കുകൾ മെയ്തെയ് സംഘടനകൾ തട്ടിയെടുത്തെന്നും അവർ ആരോപിച്ചു. ആരംഭായ് ഉൾപ്പെടെയുള്ള മെയ്തെയ് സംഘടനകൾക്ക് പൊലീസ് തോക്കുകൾ കൈമാറിയതായി ഗോത്ര വിദ്യാർഥി സംഘടനകൾ ആരോപിച്ചു. വിവിധ സായുധവിഭാഗങ്ങൾ ഗ്രാമവാസികളെ ഭീഷണിപ്പെടുത്തുന്നത് സമാധാനശ്രമങ്ങളെ തകിടം മറിക്കുന്നതായി കരസേന പറഞ്ഞു.

അമിത്ഷാ നാളെ മണിപ്പുരിൽ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ ഇംഫാലിലെത്തും. കേന്ദ്രനിലപാട് മെയ്തെയ്കൾക്ക് അനുകൂലമാക്കുന്നതിനായി ശക്തമായ സമ്മർദം നടക്കുന്നുണ്ട്. 14 ഭരണപക്ഷ എംഎൽഎമാർ കഴിഞ്ഞ ദിവസം ഗുവാഹത്തിയിലെത്തി അമിത് ഷായെയും ബിജെപി നേതൃത്വം നൽകുന്ന നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസ് കൺവീനറും അസം മുഖ്യമന്ത്രിയുമായ ഹിമന്ദ ബിശ്വ ശർമയെയും കണ്ടിരുന്നു. 

English Summary: Army step up securiy across Manipur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com