ADVERTISEMENT

ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരത്തിനുസമീപം ‘മഹിളാ മഹാപഞ്ചായത്ത്’ നടത്താനൊരുങ്ങിയ ഗുസ്തിതാരങ്ങളെ ഡൽഹി പൊലീസ് തെരുവിലൂടെ വലിച്ചിഴച്ചു. ഒളിംപിക്സ് മെഡൽ ജേതാക്കളായ സാക്ഷി മാലിക്ക്, ബജ്‌രംഗ് പുനിയ, ഏഷ്യൻ ഗെയിംസ് ജേതാവ് വിനേഷ് ഫോഗട്ട് തുടങ്ങിയ താരങ്ങളെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്ത പൊലീസ്, ജന്തർമന്തറിലെ അവരുടെ സമരപ്പന്തലും താമസസൗകര്യങ്ങളും നീക്കം ചെയ്തു. 

ലൈംഗികാതിക്രമ പരാതിയിൽ പ്രതിചേർക്കപ്പെട്ട ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷൻ ശരൺ‌ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു ഏപ്രിൽ 23ന് ജന്തർ മന്തറിൽ ആരംഭിച്ച സമരമാണ് പൊലീസിന്റെ അപ്രതീക്ഷിത ബലപ്രയോഗത്തിൽ കലാശിച്ചത്. സമരത്തിനു പിന്തുണയുമായെത്തിയ നൂറുകണക്കിനാളുകളെയും കസ്റ്റഡിലിയെടുത്തു. ഭീകരവാദികളെ പോലെയാണു പൊലീസ് കൈകാര്യം ചെയ്തതെന്നും വെടിവച്ചുകൊന്നാലും സമരത്തിൽനിന്നു പിന്നോട്ടില്ലെന്നും താരങ്ങൾ പ്രഖ്യാപിച്ചു. 

രാവിലെ 11.30യോടെ മഹിളാ മഹാപഞ്ചായത്ത് നടത്താൻ സമരവേദിയിൽനിന്നു താരങ്ങൾ ഇറങ്ങിയതിനു പിന്നാലെയായിരുന്നു പൊലീസിന്റെ ക്രൂരത. ജന്തർമന്തറിലെ ബാരിക്കേഡ് ചാടിക്കടന്ന സാക്ഷി മാലിക്കിനെയാണു പൊലീസ് ആദ്യം പിടികൂടിയത്. സാക്ഷിയെയും രക്ഷിക്കാനെത്തിയ ഭർത്താവും ഗുസ്തിതാരവുമായ സത്യവർത്ത് കഡിയാനെയും റോഡിലൂടെ വലിച്ചിഴച്ചു വാഹനത്തിനുള്ളിൽ കയറ്റുകയായിരുന്നു. 

ഇതിനിടെ മുന്നോട്ടുപോയ ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗട്ട് തുടങ്ങിയ താരങ്ങളെ കേരള ഹൗസിനുസമീപം അശോക റോഡിലേക്ക് എത്തുന്നതിനു മുൻപു പൊലീസ് തടഞ്ഞു. ബാരിക്കേഡിനുമുന്നിൽ കുത്തിയിരുന്ന ഇവരെ നീക്കം ചെയ്യാനുള്ള ശ്രമവും കയ്യാങ്കളിയായി. താരങ്ങളെ കസ്റ്റഡിയിലെടുത്തു വിവിധ സ്റ്റേഷനുകളിലേക്കു കൊണ്ടുപോയതിനു ശേഷമാണു സമരപ്പന്തൽ പൊളിച്ചു നീക്കിയത്. 

English Summary: Protesting wrestlers detained by Delhi police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com