ADVERTISEMENT

തിരുവനന്തപുരം ∙ ഒൻപതു വർഷം ഭരിച്ചിട്ടും ജനങ്ങളുടെ ഒരു ചോദ്യത്തിനു പോലും ഉത്തരം പറയാതെ പ്രധാനമന്ത്രി നരേന്ദ്രമോദി ഒളിച്ചുകളിക്കുകയാണെന്ന് എഐസിസി വക്താവ് സുപ്രിയ ശ്രീനാഥെ. കേന്ദ്രസർക്കാരിനെതിരെ ‘ഒൻപതു വർഷം, ഒൻപതു ചോദ്യം’ എന്ന എഐസിസി പ്രചാരണ പരിപാടിയുടെ ഭാഗമായി കേരളത്തിലെത്തിയതായിരുന്നു അവർ. പണപ്പെരുപ്പവും തൊഴിലില്ലായ്മയും റോക്കറ്റ് പോലെ കയറുമ്പോൾ കയ്യുംകെട്ടി നോക്കി നിൽക്കുകയാണു മോദി സർക്കാരെന്ന് അവർ കുറ്റപ്പെടുത്തി.

ധനികൻ കൂടുതൽ ധനികനാകുമ്പോൾ ദരിദ്രൻ കൂടുതൽ ദരിദ്രനാകുന്ന സമ്പദ്‌വ്യവസ്ഥയാണു മോദി വിഭാവനം ചെയ്യുന്നത്. പൊതുസ്വത്ത് സ്വന്തക്കാർക്ക് ഇഷ്ടം പോലെ വിൽക്കുന്നു. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നു പറഞ്ഞ് അധികാരത്തിൽ കയറിയവർ ഇന്നു കർഷകരോടു പെരുമാറുന്നത് എങ്ങനെയാണ്? കാർഷികോൽപന്നങ്ങളുടെ താങ്ങുവില, നിയമം മൂലം ഉറപ്പുനൽകാത്തതെന്താണ്?

ജനങ്ങളുടെ നികുതിപ്പണം അദാനിമാരുടെ കയ്യിലേക്കാണെത്തിക്കുന്നത്. പൊതുപണം കൊള്ളയടിച്ച കോർപറേറ്റ് കള്ളൻമാരെ നാടുകടത്തി രക്ഷപ്പെടുത്തുന്നു. ഇന്ത്യൻ ഭൂപ്രദേശത്തു കടന്നുകയറാൻ ചൈന നടത്തുന്ന ശ്രമങ്ങളെ പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടോ എന്നു കേന്ദ്രം വ്യക്തമാക്കണം. തിരഞ്ഞെടുപ്പു നേട്ടത്തിനുവേണ്ടി ജനങ്ങൾക്കിടയിൽ സ്പർധ വളർത്തുന്ന രാഷ്ട്രീയമാണു ബിജെപി പ്രയോഗിക്കുന്നത്. സാമൂഹിക നീതി അട്ടിമറിക്കപ്പെടുന്നു. ജാതി സെൻസസ് നടത്തണമെന്ന ആവശ്യം നിരാകരിക്കുന്നു.

രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെയും ജനാധിപത്യ സംവിധാനങ്ങളെയും ദുർബലമാക്കുന്നു. ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരുകളെ സാമ്പത്തികശേഷികൊണ്ട് അട്ടിമറിക്കുകയാണ്. ക്ഷേമപദ്ധതികളിൽനിന്നെല്ലാം കേന്ദ്രം പിന്നോട്ടു ൃപോവുകയാണ്. 

കോവിഡ് പ്രതിസന്ധി നേരിടുന്നതിലെ പരാജയം മൂലം 40 ലക്ഷം ഇന്ത്യക്കാർ മരിച്ചെന്നും അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ലോക്ഡൗൺ മൂലം ലക്ഷക്കണക്കിനു പേർക്കു തൊഴിൽ നഷ്ടമായെന്നും സുപ്രിയ കുറ്റപ്പെടുത്തി.

English Summary : supriya shrinate against narendra modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com