ഗതിനിർണയ ഉപഗ്രഹം എൻവിഎസ്-01 ഭ്രമണപഥത്തിൽ

PTI05_29_2023_000096A
എൻവിഎസ്-01 ഉപഗ്രഹവുമായി ജിഎസ്എൽവി റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിൽ നിന്ന് കുതിച്ചുയരുന്നു.
SHARE

ചെന്നൈ ∙ തദ്ദേശീയമായി വികസിപ്പിച്ച റുബീഡിയം ആറ്റമിക ക്ലോക്ക് ആദ്യമായി ഉപയോഗപ്പെടുത്തിയ ഗതിനിർണയ ഉപഗ്രഹം ‘എൻവിഎസ്-01’ ഐഎസ്ആർഒ ഭ്രമണപഥത്തിലെത്തിച്ചു. മുൻ ദൗത്യം പരാജയപ്പെട്ടതിന്റെ പേരുദോഷം ‘ജിഎസ്എൽവി എഫ് 12– എൻവിഎസ് –01’ ദൗത്യം വിജയിച്ചതു വഴി ജിഎസ്എൽവി റോക്കറ്റ് തിരുത്തി.

ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നു പറന്നുയർന്ന് 20 മിനിറ്റിനുള്ളിൽ 2,232 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ 251.52 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കാൻ കഴിഞ്ഞു. ഏറ്റവും കൃത്യമായി സമയം നിർണയിക്കാൻ അഹമ്മദാബാദ് സ്പേസ് ആപ്ലിക്കേഷൻസ് സെന്റർ വികസിപ്പിച്ച റുബീഡിയം ആറ്റമിക ക്ലോക്കാണ് ഉപഗ്രഹത്തിനൊപ്പമുള്ളത്. ഇതോടെ ഈ സാങ്കേതികവിദ്യ കൈവശമുള്ള 5 രാജ്യങ്ങളിലൊന്നായി ഇന്ത്യ.

ഗതിനിർണയ, വ്യോമയാന, സൈനിക ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് നാവിക് (നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ) സംവിധാനം ഐഎസ്ആർഒ വികസിപ്പിച്ചെടുത്തത്. 7 ഉപഗ്രഹങ്ങളുടെ ഈ ശൃംഖലയിലേക്കാണ് എൻവിഎസ് – 01 എത്തിയത്. ഇൗ വിഭാഗത്തിലെ ഐആർഎൻഎസ്എസ്-1ജി ഉപഗ്രഹം കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നാണ് എൻവിഎസ് –01 വിക്ഷേപിച്ചത്. ഇതേ ശ്രേണിയിൽ 5 ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കും. ഇവ പൂർണ സജ്ജമാകുന്നതോടെ തദ്ദേശ ഗതിനിർണയ സംവിധാനമായി നാവിക് മാറും. ജിപിഎസിനു സമാനമായി സ്റ്റാൻഡേഡ് പൊസിഷൻ സർവീസ് (എസ്പിഎസ്), സേനകൾ ഉൾപ്പെടെയുള്ള ഉപയോക്താക്കൾക്കു നിയന്ത്രിത സേവനങ്ങൾ എന്നിവ ലഭ്യമാക്കുകയാണു ദൗത്യം.

ചന്ദ്രയാൻ –3 ജൂലൈയിൽ തന്നെ: എസ്.സോമനാഥ്

ചന്ദ്രയാൻ-3 ദൗത്യം ജൂലൈ 12നു വിക്ഷേപിക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്. മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായുള്ള ടെസ്റ്റ് വെഹിക്കിൾ മിഷൻ ജൂലൈയിലോ ഓഗസ്റ്റിലോ നടത്തും. വിക്ഷേപണ സമയത്ത് അപകടമുണ്ടായാൽ സഞ്ചാരികളെ സുരക്ഷിതരാക്കാനുള്ള പരീക്ഷണമാണിത്. 14 കിലോമീറ്റർ ഉയരത്തിൽ അപകട സാഹചര്യം സൃഷ്ടിച്ചു സഞ്ചാരികളുടെ ക്രൂ മൊഡ്യൂൾ കടലിൽ ഇറക്കും. തുടർന്ന് ആളില്ലാ ബഹിരാകാശ ദൗത്യവും നടത്തും.

English Summary: ISRO’s GSLV-F12 successfully places navigation satellite NVS-01

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA