അനുനയവഴിയിൽ ഗെലോട്ടും സച്ചിനും

HIGHLIGHTS
  • സച്ചിനുള്ള റോൾ ഡൽഹിയിൽ തീരുമാനിക്കും; ഗെലോട്ട് ഇടപെടേണ്ടെന്ന് ഹൈക്കമാൻഡ്
PTI05_29_2023_000298B
മഞ്ഞുരുക്കം... കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ന്യൂഡൽഹിയിലെ വസതിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനൊപ്പം പുറത്തേക്കുവരുന്നു. ചിത്രം: പിടിഐ
SHARE

ന്യൂഡൽഹി ∙ ഈ വർഷമവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിൽ ഒന്നിച്ചു നിന്നു പോരാടാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിൽ ധാരണ. ഇരുവരുമായി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും 4 മണിക്കൂറുകളോളം നടത്തിയ ചർച്ചയ്ക്കൊടുവിലാണ് അനുനയവഴി തെളിഞ്ഞത്. ഗെലോട്ടും സച്ചിനും ഒന്നിച്ചുനിൽക്കുമെന്ന് ഇരുവരുടെയും സാന്നിധ്യത്തിൽ സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ മാധ്യമങ്ങളെ അറിയിച്ചു. 

സംസ്ഥാന രാഷ്ട്രീയത്തിൽ സച്ചിന് എന്തു റോൾ നൽകണമെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നും അതിൽ ഇടപെടേണ്ടെന്നും ഗെലോട്ടിനോടു നേതൃത്വം വ്യക്തമാക്കി. സച്ചിനെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള നീക്കങ്ങൾ ഇനി പാടില്ലെന്നും നിർദേശിച്ചു. പാർട്ടിയിൽ സ്ഥാനം വേണമെന്ന് നിരന്തരം ആവശ്യപ്പെടേണ്ടതില്ലെന്നും തിരഞ്ഞെടുപ്പിനു മുൻപ് മാന്യമായ റോൾ നൽകുമെന്നും സച്ചിന് ഉറപ്പ് നൽകിയ ഹൈക്കമാൻഡ്, പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന രീതിയിലുള്ള പരസ്യ പ്രതിഷേധങ്ങൾ ഇനി അനുവദിക്കില്ലെന്നും കൂട്ടിച്ചേർത്തു. തനിക്കെതിരെ പദയാത്ര നടത്തിയ സച്ചിനെതിരെ അച്ചടക്ക നടപടി വേണമെന്ന ഗെലോട്ടിന്റെ ആവശ്യം ഹൈക്കമാൻ‍ഡ് തള്ളി. പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന പരസ്യ പ്രതികരണങ്ങൾ പാടില്ലെന്ന് ഇരുവരോടും ഖർഗെ നിർദേശിച്ചു. 

ഖർഗെയുടെ വസതിയിൽ ആദ്യം ഗെലോട്ടുമായി ചർച്ച നടത്തിയ നേതാക്കൾ, പിന്നീടാണ് സച്ചിനെ വിളിച്ചുവരുത്തി അദ്ദേഹത്തിനൊപ്പമിരുത്തിയത്. പരസ്പരമുള്ള പോര് അവസാനിപ്പിച്ച് പാർട്ടിക്കു വേണ്ടി ഒന്നിച്ചു നിൽക്കണമെന്ന് രാഹുൽ ഇരുവരോടും ആവശ്യപ്പെട്ടു. സച്ചിനെ പാർട്ടി കൈവിടില്ലെന്ന ഉറപ്പും അദ്ദേഹം നൽകി. പാർട്ടി പദവി ഉടൻ ലഭിക്കാത്തതിൽ സച്ചിനു നേരിയ പരിഭവമുണ്ടെങ്കിലും രാഹുലിന്റെ നേരിട്ടുള്ള ഇടപെടലും ഉറപ്പും അദ്ദേഹത്തെ അനുനയിപ്പിച്ചതായാണു സൂചന.

English Summary: Ashok Gehlot and Sachin Pilot brought together by Kharge

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS