ലണ്ടൻ ∙ ടിപ്പു സുൽത്താന്റെ കൈവശമുണ്ടായിരുന്ന അപൂർവ തോക്ക് മറ്റൊരു രാജ്യത്തേക്ക് കൊണ്ടുപോകുന്നത് ബ്രിട്ടൻ തടഞ്ഞു. 20 ലക്ഷം പൗണ്ട് ( ഏകദേശം 20.3 കോടി രൂപ) കൽപിക്കുന്ന തോക്ക് ബ്രിട്ടനിലെ സ്ഥാപനത്തിനുതന്നെ ലേലത്തിൽ കൊടുക്കാൻ വേണ്ടിയാണിത്.
ആർട്സ് ആൻഡ് ഹെറിറ്റേജ് വിഭാഗത്തിന്റെ ചുമതലയുള്ള മന്ത്രി ലോർഡ് സ്റ്റീഫൻ പാർക്കിൻസൺ ആണു കയറ്റുമതി വിലക്കേർപ്പെടുത്തിയത്.
പക്ഷികളെ വെടിവയ്ക്കാൻ ഉപയോഗിക്കുന്ന ഈ തോക്ക് 1793നും 1794നും ഇടയിലാണ് നിർമിച്ചിട്ടുള്ളത്. 138 സെന്റീമീറ്റർ നീളമുള്ള തോക്ക് സ്വർണവും വെള്ളിയും പതിച്ചിട്ടുണ്ട്. തോക്കിൽ അതു നിർമിച്ച അസദ് ഖാൻ മുഹമ്മദിന്റെ പേരും രേഖപ്പെടുത്തിയിട്ടുണ്ട്.
ടിപ്പുവിനെ 1799 മേയ് 4ന് വധിച്ചശേഷം ബ്രിട്ടിഷ് സൈന്യം കൊട്ടാരത്തിൽനിന്നു പിടിച്ചെടുത്ത ആയുധങ്ങളും വിലപിടിപ്പുള്ള വസ്തുവകകളും സേനാമേധാവികൾക്കും ഭരണാധികാരികൾക്കും വീതിച്ചുനൽകി. അങ്ങനെ ജനറൽ കോൺവാലീസിനു ലഭിച്ചതാണീ തോക്ക്. അടുത്തിടെ ടിപ്പുവിന്റെ വാൾ 140 ലക്ഷം പൗണ്ടിനാണ് ലേലത്തിൽ വിറ്റത്.
English Summary: Export ban imposed to keep Tipu Sultan's rare sporting gun in UK