അനുമതി വൈകി; അനുനയവഴി തുറന്നു
Mail This Article
ന്യൂഡൽഹി ∙ ഗംഗയിൽ ഇറങ്ങാൻ ഗുസ്തിതാരങ്ങൾക്ക് അനുമതി കിട്ടാൻ വൈകിയതിനാലാണ് ഇന്നലെ കർഷകനേതാക്കൾക്കു അവരെ താൽക്കാലികമായെങ്കിലും അനുനയിപ്പിക്കാൻ കഴിഞ്ഞത്.
മെഡലുകൾ ഗംഗാനദിയിലൊഴുക്കുമെന്ന് ഉച്ചയ്ക്കു പ്രഖ്യാപിച്ച താരങ്ങൾ വൈകിട്ട് ആറോടെയാണു ഹരിദ്വാറിലെ ഹർ കി പൗഡി ഘാട്ടിൽ എത്തിയത്. നിറകണ്ണുകളുമായി താരങ്ങൾ പടവുകളിൽ ഇരുന്നു. ഇവർക്കു പിന്തുണയുമായി നൂറുകണക്കിനാളുകളും ഒപ്പം അണിനിരന്നു. മെഡലുകൾ ഗംഗയിൽ ഒഴുക്കരുതെന്ന ആവശ്യം ഇതിനിടെ പല ഭാഗങ്ങളിൽനിന്നുയർന്നു. റിവർ ഗംഗ പ്രൊട്ടക്‌ഷൻ കമ്മിറ്റിയുടെ അനുമതി ലഭിക്കാൻ വൈകിയതിനാൽ താരങ്ങൾ കാത്തിരുന്നു. ഇതിനിടെ വൈകിട്ട് ഏഴോടെ രക്ഷാദൗത്യവുമായെത്തിയ നരേഷ് ടിക്കായത്ത് താരങ്ങളെ ഉദ്യമത്തിൽനിന്നു പിന്തിരിപ്പിക്കുകയായിരുന്നു.
ബ്രിജ് ഭൂഷനെതിരെ നടപടിയാവശ്യപ്പെട്ടു ഗുസ്തി താരങ്ങൾ ഡൽഹി ജന്തർ മന്തറിൽ നടത്തിവന്നിരുന്ന സമരം ഞായറാഴ്ച പൊലീസ് ഇടപെടലിൽ അവസാനിപ്പിക്കേണ്ടി വന്നിരുന്നു. പ്രതിഷേധം നടത്തിയ താരങ്ങൾക്കെതിരെ കലാപമുണ്ടാക്കൽ ഉൾപ്പെടെ 6 വകുപ്പുകൾ ചുമത്തി പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇതോടെയാണ് ഏറ്റവും വേദനാജനകമായ തീരുമാനത്തിലേക്കു താരങ്ങളും എത്തിയത്.
പ്രതിഷേധവുമായി രാജ്യാന്തര റെസ്‌ലിങ് സംഘടന
ന്യൂഡൽഹി ∙ ഇന്ത്യൻ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ പ്രതികരണവുമായി രാജ്യാന്തര സംഘടന ‘യുണൈറ്റഡ് വേൾഡ് റെസ്‌ലിങ്’ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. 45 ദിവസത്തിനുള്ളിൽ റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ തിരഞ്ഞെടുപ്പു നടത്തിയില്ലെങ്കിൽ ദേശീയ ഫെഡറേഷനെ സസ്പെൻഡ് ചെയ്യുമെന്നു യൂണൈറ്റഡ് േവൾഡ് റെസ്‌ലിങ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. കേന്ദ്രസർക്കാർ നിർദേശം അനുസരിച്ച് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ നിയമിച്ച അഡ്ഹോക് കമ്മിറ്റിക്കാണ് ഇപ്പോൾ ഫെഡറേഷന്റെ ചുമതല.
‘ഇന്ത്യയിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും ദിവസത്തെ സംഭവങ്ങൾ ഏറെ ആശങ്കപ്പെടുത്തുന്നു. പ്രതിഷേധ മാർച്ച് നടത്തിയ താരങ്ങളെ അറസ്റ്റ് ചെയ്യുകയും താൽക്കാലികമായി കസ്റ്റഡിയിൽ വയ്ക്കുകയും ചെയ്തു. താരങ്ങളെ കൈകാര്യം ചെയ്ത രീതി തീർത്തും അപലപനീയമാണ്’ – രാജ്യാന്തര സംഘടന വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ലൈംഗികാതിക്രമ പരാതിയിൽ ഇതുവരെയുള്ള അന്വേഷണം തൃപ്തികരമല്ലെന്നും കുറ്റമറ്റ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും സംഘടന വ്യക്തമാക്കി.
ഗുസ്തി താരങ്ങളെ കയ്യേറ്റം ചെയ്ത ഡൽഹി പൊലീസിനെതിരെ നടപടിയാവശ്യപ്പെട്ടു തൃണമൂൽ കോൺഗ്രസ്, ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകി.
മുഹമ്മദലി പുഴയിലെറിഞ്ഞു
ബോക്സിങ് ഇതിഹാസം മുഹമ്മദലിയും തന്റെ ഒളിംപിക് മെഡൽ നദിയിൽ വലിച്ചെറിഞ്ഞു പ്രതിഷേധിച്ച ചരിത്രമുണ്ട്. 1960ൽ റോം ഒളിംപിക്സിൽ സ്വർണം നേടിയതിനു പിന്നാലെയായിരുന്നു സംഭവം.
വെള്ളക്കാർക്കു മാത്രം പ്രവേശനം നൽകിയ ഹോട്ടലിൽനിന്നു മുഹമ്മദലിയെയും (അന്നു കാഷ്യസ് ക്ലേ) കൂട്ടുകാരെയും പുറത്താക്കി. അദ്ദേഹത്തെ ആക്രമിച്ചു. മനംനൊന്ത് അദ്ദേഹം ഒളിംപിക് സ്വർണമെഡൽ ഒഹായോ നദിയിലെറിഞ്ഞു.
1996 അറ്റ്ലാന്റ ഒളിംപിക്സ് ദീപശിഖ കൊളുത്തിയത് അലിയായിരുന്നു. വലിച്ചെറിഞ്ഞ ഒളിംപിക്സ് മെഡലിനു പകരം ആ വേദിയിൽ അലിയെ സ്വർണമെഡൽ അണിയിച്ചുവെന്നത് ആ ചരിത്രത്തിന്റെ ബാക്കി.
അഭിമാനമെഡലുകൾ
ഒളിംപിക്സിൽ ഇതുവരെ ഇന്ത്യ നേടിയ 35 മെഡലുകളിൽ 7 എണ്ണവും ഗുസ്തിയിൽനിന്നു ലഭിച്ചതാണ്.
ഇപ്പോൾ സമരത്തിലുള്ളവർ നേടിയ പ്രധാന മെഡലുകൾ:
∙സാക്ഷി മാലിക്: 2016 റിയോ ഒളിംപിക്സ് വെങ്കലം. കോമൺവെൽത്ത് ഗെയിംസിൽ 2022 ൽ സ്വർണം, 2018 ൽ വെങ്കലം, 2014 ൽ വെള്ളി
∙ബംജ്‍രംഗ് പുനിയ: 2020 ടോക്കിയോ ഒളിംപിക്സ് വെങ്കലം. ലോക ചാംപ്യൻഷിപ്പിൽ ഒരു വെള്ളി, 3 വെങ്കലം. ഏഷ്യൻ ഗെയിംസിൽ ഒരു സ്വർണം, ഒരു വെള്ളി, 2 കോമൺവെൽത്ത് സ്വർണം, ഒരു വെള്ളി.
∙വിനേഷ് ഫോഗട്ട്: ലോക ചാംപ്യൻഷിപ്പിൽ 2 വെങ്കലം. 2018ൽ ഏഷ്യൻ ഗെയിംസ് സ്വർണം. 3 കോമൺവെൽത്ത് സ്വർണം.
English Summary: Wrestlers protest intensifies