മണിപ്പുർ: ഇരുവിഭാഗവും തോക്ക് താഴെവയ്ക്കണമെന്ന് അമിത് ഷാ

amit-shah-10
അമിത് ഷാ
SHARE

ഇംഫാൽ ∙ വംശീയകലാപം തുടരുന്ന മണിപ്പുരിൽ രാഷ്ട്രീയപരിഹാരം ഉടൻ ഉണ്ടാകുമെന്ന്  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പുനൽകി. 15 ദിവസത്തിനകം സമാധാനശ്രമങ്ങൾക്കായി പ്രത്യേക സമിതിയെ നിയമിക്കുമെന്നു അമിത് ഷാ വാക്കു നൽകിയതായി കുക്കി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്ന ഇൻഡിജനസ് ട്രൈബൽ ലീഡേഴ്സ് ഫോറം (ഐടിഎൽഎഫ്) വക്താവ് ഗിൻസാ വാൽസോങ് ‘മനോരമ’യോടു പറഞ്ഞു. ഗോത്രമേഖലകൾക്കായി പ്രത്യേക ഭരണസംവിധാനം വേണമെന്നാണു കുക്കി ആവശ്യം.

ഇംഫാലിലെത്തിയ അമിത് ഷാ മെയ്തെയ് - കുക്കി സംഘടനകളുമായി ചർച്ചകൾ ആരംഭിച്ചു. ഇരുവിഭാഗവും തോക്കുകൾ താഴെ വയ്ക്കണമെന്നും കേന്ദ്രസർക്കാരിന്റെ സമാധാനശ്രമങ്ങളിൽ പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. കലാപത്തിന്റെ പ്രഭവകേന്ദ്രവും ഗോത്ര മേഖലയുമായ ചുരാചന്ദ്പൂരിലെത്തിയ അമിത് ഷായ്ക്ക് കുക്കി വിഭാഗം വൻസ്വീകരണമാണ് നൽകിയത്. അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി വേണമെന്നും ദേശീയ പൗരത്വ റജിസ്റ്റർ നടപ്പിലാക്കണമെന്ന് മെയ്തെയ് സംഘടനകളും ആവശ്യപ്പെട്ടു.

കലാപത്തിൽ കൊല്ലപ്പെട്ടവർക്ക് 10 ലക്ഷം രൂപ കേന്ദ്രം പ്രഖ്യാപിച്ചു. കേന്ദ്രവും സംസ്ഥാനവും സംയുക്തമായാണ് നഷ്ടപരിഹാരം നൽകുക. മരിച്ചവരുടെ കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലിയും നൽകും.

തിങ്കളാഴ്ച രാത്രി അമിത് ഷാ മുഖ്യമന്ത്രി ബിരേൻ സിങ്, മന്ത്രിമാർ എന്നിവരുമായി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഇന്റലിജൻസ് ബ്യൂറോ തലവൻ തപൻ ദേഖാ എന്നിവരും അമിത് ഷായ്ക്കൊപ്പം ചർച്ചകളിൽ പങ്കെടുത്തു.

ഇതിനിടെ സിആർപിഎഫ് ഐജി രാജീവ് സിങ്ങിനെ ക്രമസമാധാനച്ചുമതലകൾക്കായി കേന്ദ്രം മണിപ്പുരിലേക്ക് അയച്ചു. നിലവിൽ ഡിജിപിക്ക് പകരം കേന്ദ്ര സർക്കാർ നിയമിച്ച സുരക്ഷാ ഉപദേഷ്ടാവാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. കുക്കി വിഭാഗക്കാരനായ ഡിജിപിക്ക് പകരം പുതിയ ഡിജിപിയെ നിയമിക്കാൻ സംസ്ഥാന സർക്കാർ തയാറെടുക്കുകയാണ്.

കുക്കി ഭീകരരും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലാണ് നടന്നതെന്ന മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ പ്രസ്താവന ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ തള്ളി. വംശീയകലാപമാണ് മണിപ്പുരിലേതെന്നും സായുധഗ്രൂപ്പുകൾക്കെതിരേയുള്ള നടപടിയല്ല നടന്നതെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ സൈനികരുമായുള്ള ഏറ്റുമുട്ടലിൽ 40 കുക്കി ഭീകരർ കൊല്ലപ്പെട്ടുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

 

രാഷ്ട്രപതി ഇടപെടണം: കോൺഗ്രസ്

ന്യൂഡൽഹി ∙ മണിപ്പുരിൽ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രതിനിധി സംഘം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചു. കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതിക്കു രൂപം നൽകണമെന്നതടക്കം 12 ആവശ്യങ്ങൾ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിലുള്ള സംഘം ഉന്നയിച്ചു.

കലാപം നേരിടുന്നതിൽ ബിജെപി സർക്കാരിന്റെ ഭാഗത്തു നിന്നു ഗുരുതര വീഴ്ചയുണ്ടായി. കലാപബാധിതർ താമസിക്കുന്ന പുനരധിവാസ കേന്ദ്രങ്ങളുടെ നിയന്ത്രണം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. മണിപ്പുർ മുൻ മുഖ്യമന്ത്രി ഒക്രം ഇബോബി സിങ്, സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, നേതാക്കളായ മുകുൾ വാസ്നിക്, ഭക്തചരൺ ദാസ് തുടങ്ങിയവരും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.

English Summary: Amit Shah seek peace in Manipur

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS