ADVERTISEMENT

ഇംഫാൽ ∙ മണിപ്പുരിലെ വംശീയ കലാപത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. 6 അക്രമസംഭവങ്ങളെപ്പറ്റി സിബിഐ അന്വേഷണവും നടത്തും. കലാപമുണ്ടാക്കിയാൽ സായുധ ഗ്രൂപ്പുകൾക്കെതിരെ കർശന നടപടിയുണ്ടാകും. ഇന്നു മുതൽ സൈന്യം തിരച്ചിൽ ആരംഭിക്കുമെന്നും പൊലീസിൽ നിന്നു കവർന്നെടുത്ത തോക്കുകൾ അടക്കമുള്ള ആയുധങ്ങൾ തിരികെ നൽകിയില്ലെങ്കിൽ നടപടിയുണ്ടാകുമെന്നും അമിത് ഷാ മുന്നറിയിപ്പു നൽകി. 4 ദിവസത്തെ മണിപ്പുർ സന്ദർശനത്തിനിടെ അമിത് ഷാ വിവിധ സംഘടനകളുമായും പൗരപ്രമുഖരുമായും ചർച്ച നടത്തി. മണിപ്പുർ ജനസംഖ്യയുടെ ഭൂരിപക്ഷം വരുന്ന മെയ്തെയ് വിഭാഗവും ഗോത്രവംശജരായ കുക്കികളും തമ്മിലാണ് കലാപം നടന്നത്. ഔദ്യോഗിക കണക്കനുസരിച്ച് 80 പേർ കൊല്ലപ്പെട്ടു. 

വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കും ജുഡീഷ്യൽ അന്വേഷണത്തിന് നേതൃത്വം നൽകുക. കലാപത്തിന്റെ കാരണം, പിന്നിൽ പ്രവർത്തിച്ചവർ ആര് എന്നീ കാര്യങ്ങൾ അന്വേഷിക്കും. സമാധാനം പുനഃസ്ഥാപിക്കാൻ ഗവർണറുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിക്കും. ആഭ്യന്തരവകുപ്പിൽ നിന്ന് ഒരു ജോയിന്റ് സെക്രട്ടറിയെയും വിവിധ മന്ത്രാലയങ്ങളിൽ നിന്ന് ഡയറക്ടർ റാങ്കിലുള്ള 5 ഉദ്യോഗസ്ഥരെയും മണിപ്പുരിലേക്ക് അയയ്ക്കും. മെയ്തെയ് വിഭാഗം നിയന്ത്രിക്കുന്ന ബിരേൻ സിങ് സർക്കാരിൽ വിശ്വാസമില്ലെന്ന് കുക്കി വിഭാഗം അറിയിച്ചതിനെത്തുടർന്നാണ് കേന്ദ്ര ഉദ്യോഗസ്ഥരെ അയയ്ക്കുന്നത്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകും. ഈ തുക നേരിട്ട് ബാങ്ക് അക്കൗണ്ടിൽ എത്തിക്കും. 

ഇതിനിടെ, മണിപ്പുർ ഡിജിപിയും കുക്കി വിഭാഗക്കാരനുമായ പി.ഡൊംഗലിനെ അപ്രധാന തസ്തികയിലേക്ക് മാറ്റി. ആഭ്യന്തര വകുപ്പിൽ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി തസ്തിക സൃഷ്ടിച്ചാണ് അദ്ദേഹത്തെ മാറ്റിയത്. ത്രിപുര കേഡർ ഐപിഎസ് ഉദ്യോഗസ്ഥനും സിആർപിഎഫ് ഐജിയുമായ രാജീവ് സിങ്ങിനെ ഡിജിപിയായി നിയമിച്ചു. കലാപത്തിന്റെ രണ്ടാം ദിവസം തന്നെ ഡൊംഗലിനെ ക്രമസമാധാനച്ചുമതലയിൽ നിന്ന് മാറ്റിയിരുന്നു. 

ഹൈക്കോടതി വിധി കാരണമായി: അമിത് ഷാ

ഇംഫാൽ ∙ മെയ്തെയ് വിഭാഗത്തിന് പട്ടികവർഗ പദവി നൽകുന്നതു സംബന്ധിച്ച മണിപ്പുർ ഹൈക്കോടതിയുടെ ഉത്തരവ് തിടുക്കപ്പെട്ടതായിരുന്നുവെന്നും ഇതാണ് വംശീയകലാപത്തിന് തുടക്കമിട്ടതെന്നും അമിത് ഷാ പറഞ്ഞു. നടന്നത് 2 വിഭാഗങ്ങൾ തമ്മിലുള്ള വംശീയകലാപമാണ്. സുരക്ഷാ ഏജൻസികളും കുക്കി സായുധഗ്രൂപ്പുകളും തമ്മിലുള്ള സംഘട്ടനമായിരുന്നില്ല.– അദ്ദേഹം പറഞ്ഞു.

കുക്കി ഭീകരരും സുരക്ഷാ ഏജൻസികളും തമ്മിലുള്ള സംഘട്ടനമാണ് നടന്നതെന്ന മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ ‌നിലപാടാണ് ആഭ്യന്തരമന്ത്രി തള്ളിയത്. മെയ്തെയ് വിഭാഗത്തിന് പട്ടികവർഗ പദവി നൽകുന്നതിനെക്കുറിച്ച് നാലാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നായിരുന്നു ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടത്. ഹൈക്കോടതി വിധി വസ്തുതാപരമായി തെറ്റാണെന്ന് സുപ്രീം കോടതി പിന്നീട് പറഞ്ഞിരുന്നു.

English Summary: Amit Shah orders for judicial and cbi investigation in manipur violence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com