ADVERTISEMENT

ന്യൂഡൽഹി ∙ ബിജെപി എംപിയും ദേശീയ റെസ്‌ലിങ് ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരായ കേസുകൾ ഇപ്പോഴും പരിഗണനയിലാണെന്നും അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് കോടതിയിൽ നൽകുമെന്നും ഡൽഹി പൊലീസ് വിശദീകരിച്ചു. ബ്രിജ്ഭൂഷനെതിരെ തെളിവില്ലെന്ന വാർത്ത ശരിയല്ലെന്നായിരുന്നു പൊലീസിന്റെ ആദ്യ വിശദീകരണം. ഇതു പിൻവലിച്ച ശേഷമാണ് കേസുകൾ ഇപ്പോഴും പരിഗണനയിലാണെന്ന പുതിയ പ്രസ്താവന ഇറക്കിയത്. 

ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ പരാതിയിൽ ബ്രിജ്ഭൂഷനെതിരെ തെളിവുകൾ കിട്ടാത്തതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്ന് ഉന്നത പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയ വാർത്താ ഏജൻസി ഇന്നലെ ഉച്ചയോടെ റിപ്പോർട്ട് ചെയ്തിരുന്നു. 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകുമെന്നായിരുന്നു വിശദീകരണം. ഈ വാർത്ത ചർച്ചയായതോടെ ഡൽഹി പൊലീസ് വിശദീകരണവുമായി രംഗത്തെത്തി. ‘ഇത്തരത്തിലുള്ള വാർത്തകൾ ശരിയല്ല. ഏറെ ഗൗരവമേറിയ കേസിലെ അന്വേഷണം പുരോഗമിക്കുകയാണ്’ – പൊലീസ് ട്വീറ്റ് ചെയ്തു. ഡൽഹി പൊലീസ് പിആർഒ മാധ്യമപ്രവർത്തകരുടെ ഔദ്യോഗിക വാട്സാപ് ഗ്രൂപ്പിലും ഈ വിശദീകരണമാണു നൽകിയത്. പെട്ടെന്ന് ഈ ട്വീറ്റ് നീക്കം ചെയ്തു. വാട്സാപ് ഗ്രൂപ്പിലെ സന്ദേശവും പിൻവലിച്ചു. 

പിന്നീടാണു പിആർഒ പുതിയ വിശദീകരണം നൽകിയത്. ‘വനിതാ ഗുസ്തി താരങ്ങളുടെ പരാതിയിലുള്ള കേസുകൾ പരിഗണനയിലാണ്. വിവരം കോടതിയിൽ സമർപ്പിക്കും. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ റിപ്പോർട്ട് സമർപ്പിക്കുന്നതിനു മുൻപ് എന്തെങ്കിലും പറയുന്നത് ഉചിതമല്ല.’ പൊലീസ് അന്വേഷണം പൂർത്തിയാക്കുന്നതു വരെ കാത്തിരിക്കാൻ താരങ്ങൾ തയാറാകണമെന്നു കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പ്രതികരിച്ചു.

തെളിവുണ്ടെങ്കിൽ തൂക്കിലേറ്റൂ: ബ്രിജ്ഭൂഷൺ

ബാരാബങ്കി (യുപി) ∙ ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ പരാതി തെളിയിക്കപ്പെട്ടാൽ തൂക്കിലേറി മരിക്കാൻ തയാറെന്നു ബ്രിജ്ഭൂഷൻ ശരൺ സിങ് പറഞ്ഞു. ‘4 മാസമായി എന്നെ തൂക്കിലേറ്റാൻ ശ്രമിക്കുകയാണ് അവർ. എന്നാൽ സർക്കാർ അതു ചെയ്യുന്നില്ല. മെഡലുകൾ ഗംഗയിൽ ഒഴുക്കിയതിന്റെ പേരിൽ ബ്രിജ്ഭൂഷനെ തൂക്കിലേറ്റില്ല. നിങ്ങളുടെ കയ്യിൽ തെളിവുണ്ടോ, അതു കോടതിക്കു നൽകൂ. അവർ എന്നെ തൂക്കിലേറ്റട്ടെ’– കൈസർഗഞ്ചിൽ നിന്നുള്ള പാർലമെന്റ് അംഗവും റെസ്‌ലിങ് ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷൻ രാംനഗറിൽ പൊതുപരിപാടിയിൽ പറഞ്ഞു.

ഗുസ്തിയിൽ 20–ാം സ്ഥാനത്തായിരുന്ന ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തിയതിനു പിന്നിൽ തന്റെ കഠിനാധ്വാനവുമുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇതിനിടെ, പോക്സോ നിയമം ഭേദഗതി ചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ബ്രിജ്ഭൂഷൻ  5നു സന്യാസിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. പോക്സോ നിയമം ദുരുപയോഗം ചെയ്യുന്നുവെന്നും നിയമം ഭേദഗതി ചെയ്യാൻ സർക്കാരിൽ സമ്മർദം ചെലുത്തുമെന്നും ഏതാനും ദിവസം മുൻപു ബ്രിജ്ഭൂഷൻ പറഞ്ഞിരുന്നു. 5നു നടക്കുന്ന സമ്മേളനത്തിൽ 11 ലക്ഷത്തോളം സന്യാസിമാർ പങ്കെടുക്കുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. 

അന്വേഷണം വേണം:  ഒളിംപിക് കമ്മിറ്റി

ന്യുഡൽഹി ∙ ഗുസ്തി താരങ്ങളുടെ പരാതിയിൽ രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി)യും ഇടപെട്ടു. ഗുസ്തി താരങ്ങളെ കയ്യേറ്റം ചെയ്തത് ഏറെ ആശങ്കപ്പെടുത്തുന്നുവെന്നും താരങ്ങൾ നൽകിയ പരാതിയിൽ ശക്തമായ അന്വേഷണം നടത്തണമെന്നും ഐഒസി പ്രതികരിച്ചു. താരങ്ങളെ സംരക്ഷിക്കാൻ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) രംഗത്തു വരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ, പി.ടി.ഉഷ അധ്യക്ഷയായ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ മൗനം പാലിക്കുന്ന സാഹചര്യത്തിലാണ് ഐഒസിയുടെ ഇടപെടൽ.

English Summary : Cases against Brij Bhushan Sharan Singh under consideration said delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com