‘ദൈവത്തെയും പഠിപ്പിച്ചുകളയും!’ : മോദിയെ കളിയാക്കി രാഹുൽ

Mail This Article
സാൻഫ്രാൻസിസ്കോ ∙ ദൈവത്തേക്കാൾ കൂടുതൽ കാര്യങ്ങൾ അറിയുന്ന ഒരാൾ ഇന്ത്യയിലുണ്ട്– നരേന്ദ്രമോദി എന്നാണ് അദ്ദേഹത്തിന്റെ പേര്. അടുത്തുകിട്ടിയാൽ ദൈവത്തെയും മോദി പഠിപ്പിച്ചുകളയും– കലിഫോർണിയയിലെ സാന്താ ക്ലാരയിൽ ഇന്ത്യൻ സദസ്സിനു മുന്നിൽ രാഹുൽ ഗാന്ധി പറഞ്ഞു. 6 ദിവസത്തെ യുഎസ് സന്ദർശനത്തിനെത്തിയ രാഹുൽ നരേന്ദ്രമോദിക്കെതിരെ കടുത്ത വിമർശനമാണ് നടത്തിയത്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ക്ഷണം സ്വീകരിച്ച് രാഹുൽ എത്തിയത്.
‘എല്ലാ കാര്യങ്ങളും അറിയാമെന്ന് ഭാവിക്കരുതെന്ന് മഹാത്മാ ഗാന്ധി, ശ്രീനാരായണ ഗുരു തുടങ്ങിയ മഹാന്മാർ പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇന്ത്യയിൽ ചിലരുണ്ട്. ദൈവത്തേക്കാൾ കൂടുതൽ അറിയാമെന്നാണ് അവരുടെ ഭാവം. നമ്മുടെ പ്രധാനമന്ത്രി അങ്ങനെയൊരാളാണ്. ദൈവത്തിനൊപ്പമിരുത്തിയാൽ ഈ ലോകം എങ്ങനെയാണ് പ്രവർത്തിക്കേണ്ടതെന്ന് അദ്ദേഹം ദൈവത്തെ പഠിപ്പിക്കും! അതു കേട്ടാൽ, താൻ സൃഷ്ടിച്ച ലോകം ഇങ്ങനെയായിരുന്നോ എന്ന് ദൈവത്തിനു തന്നെ ആശയക്കുഴപ്പമാകും. ചരിത്രകാരൻമാരെ ചരിത്രവും ശാസ്ത്രജ്ഞരെ ശാസ്ത്രവും സൈന്യാധിപന്മാരെ യുദ്ധതന്ത്രങ്ങളും വരെ പഠിപ്പിക്കും– രാഹുൽ പരിഹസിച്ചു.
ഇന്ത്യയിലെ യഥാർഥ പ്രശ്നങ്ങൾ തൊഴിലില്ലായ്മയും വിദ്വേഷ പ്രചാരണവും വിലക്കയറ്റവുമാണ്. അതിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് പാർലമെന്റിൽ കണ്ടതു പോലുള്ള കാര്യങ്ങൾ ബിജെപി ചെയ്യുന്നത്. എൺപതുകളിൽ യുപിയിൽ ദലിതർ ആക്രമിക്കപ്പെട്ടതിനു സമാനമാണ് ഇപ്പോൾ രാജ്യത്ത് മുസ്ലിംകൾക്കു നേരെ നടക്കുന്നതും. സിഖുകാരും ക്രൈസ്തവരും ദലിതരും ഗോത്ര വിഭാഗക്കാരുമടക്കമുള്ള ന്യൂനപക്ഷങ്ങൾ ഇന്ത്യയിൽ ആക്രമിക്കപ്പെടുകയാണ്. കോൺഗ്രസ് രാജ്യത്ത് അധികാരത്തിലേറിയാൽ സ്ത്രീ സംവരണ നിയമവും ജാതി സെൻസസും നടപ്പാക്കും – രാഹുൽ പറഞ്ഞു.
കലിഫോർണിയയ്ക്കു പുറമേ സിലിക്കൺ വാലി, വാഷിങ്ടൻ, ന്യൂയോർക്ക് എന്നിവിടങ്ങളും സന്ദർശിക്കുന്ന അദ്ദേഹം, രാഷ്ട്രീയ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷൻ സാം പിത്രോദയും രാഹുലിനെ അനുഗമിക്കുന്നുണ്ട്. ഈ മാസം 21 മുതൽ 24 വരെ നരേന്ദ്ര മോദിയും യുഎസ് സന്ദർശിക്കുന്നുണ്ട്. അതേ സമയം, ഒന്നിനെക്കുറിച്ചും അറിവില്ലെങ്കിലും എല്ലാറ്റിന്റെയും വിദഗ്ധനായി മാറിയ വ്യാജ ഗാന്ധിയാണു രാഹുൽ എന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കുർ തിരിച്ചടിച്ചു. വിദേശത്ത് രാജ്യത്തെ അപകീർത്തിപ്പെടുത്താനാണ് ശ്രമമെന്നും മന്ത്രി ആരോപിച്ചു.
‘ഐക്യമുണ്ടെങ്കിൽ ബിജെപിയുടെ തോൽവി ഉറപ്പ്’
പ്രതിപക്ഷം ശരിയായ രീതിയിൽ കൈകോർത്താൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാനാകുമെന്ന് രാഹുൽ ഗാന്ധി. പ്രതിപക്ഷ ഐക്യത്തിനായുള്ള കോൺഗ്രസിന്റെ ശ്രമങ്ങൾ നല്ല രീതിയിൽ മുന്നോട്ടു നീങ്ങുകയാണ്. ബിജെപിക്കു ബദലായുള്ള വീക്ഷണം രാജ്യത്തിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രസംഗത്തിനിടെ രാഹുലിനു നേർക്ക് ഖലിസ്ഥാൻ അനുകൂലികളുടെ പ്രതിഷേധമുണ്ടായി. ഭാരത് ജോഡോ യാത്രയെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് സദസ്സിലുള്ള 2 പേർ ഖലിസ്ഥാൻ പതാക ഉയർത്തി ബഹളം വച്ചത്. സിഖ് കൂട്ടക്കൊലയെയും ഇന്ദിരാ ഗാന്ധിയെയും പരാമർശിച്ചായിരുന്നു ബഹളം. വിദ്വേഷത്തിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറക്കാനാണു താൻ വന്നിരിക്കുന്നതെന്ന് പുഞ്ചിരിയോടെ രാഹുൽ പ്രതികരിച്ചു. പിന്നാലെ സദസ്സിലെ മറ്റുള്ളവർക്കൊപ്പം ‘ജോഡോ, ജോഡോ, ഭാരത് ജോഡോ’ എന്ന് മുദ്രാവാക്യം വിളിച്ചു. പ്രതിഷേധക്കാരെ സുരക്ഷാ ഉദ്യോഗസ്ഥർ സദസ്സിൽ നിന്ന് നീക്കിയ ശേഷമാണു രാഹുൽ പ്രസംഗം തുടർന്നത്.
English Summary : Rahul Gandhi says modi may teach god