ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യദ്രോഹക്കുറ്റം നേരിയ മാറ്റങ്ങളോടെ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ (ഐപിസി) നിലനിർത്തണമെന്നു ദേശീയ ലോ കമ്മിഷൻ ശുപാ‍ർശ ചെയ്തു. രാജ്യദ്രോഹം സംബന്ധിച്ച 124എ വകുപ്പു പ്രകാരം കേസെടുക്കുന്നതും നിലവിലെ കേസുകളിൽ തുടർനടപടി സ്വീകരിക്കുന്നതും സുപ്രീം കോടതി മരവിപ്പിച്ചിരിക്കെയാണു നിയമം ഒഴിവാക്കേണ്ടതില്ലെന്ന ശുപാർശ. നിയമത്തിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹർജിയിൽ ഇടക്കാല ഉത്തരവിലൂടെയായിരുന്നു കോടതിയുടെ നടപടി. 

കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി അധ്യക്ഷനായ ലോ കമ്മിഷനിൽ മലയാളിയായ ജസ്റ്റിസ് കെ.ടി.ശങ്കരനും അംഗമാണ്. നിയമം കാലഹരണപ്പെട്ടുവെന്ന നിരീക്ഷണം നേരത്തേ കോടതി തന്നെ നടത്തിയെങ്കിലും ഇതൊഴിവാക്കാൻ കേന്ദ്ര സർക്കാർ തയാറായിരുന്നില്ല. എതിർസ്വരം ഇല്ലാതാക്കാൻ സർക്കാർ നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന വിമർശനങ്ങൾക്കിടെയായിരുന്നു ഇത്. 

ലോ കമ്മിഷന്റെ അനുകൂല ശുപാർശ വന്നതോടെ, ക്രിമിനൽ നിയമങ്ങൾ പരിഷ്കരിക്കാനുള്ള ബില്ലിൽ രാജ്യദ്രോഹ കുറ്റം സംബന്ധിച്ച നിയമവും ഉൾപ്പെടാനുള്ള സാധ്യതയേറി. നിയമത്തിന്റെ കാര്യത്തിൽ കോടതി തീരുമാനമെടുക്കരുതെന്നും പുനഃപരിശോധനയ്ക്കു തയാറാണെന്നുമായിരുന്നു സർക്കാർ കോടതിയിൽ സ്വീകരിച്ച നിലപാട്. രാജ്യദ്രോഹ നിയമത്തിനെതിരെ റിട്ട. മേജർ ജനറൽ എസ്.ജി.വൊംബത്കരെ, എഡിറ്റേഴ്സ് ഗിൽഡ് എന്നിവ നൽകിയ ഹർജികൾ ഓഗസ്റ്റ് 8നു സുപ്രീം കോടതി പരിഗണിക്കും. 

ലോ കമ്മിഷൻ ശുപാർശ:

∙ രാജ്യദ്രോഹ കുറ്റത്തിനുള്ള ശിക്ഷ കൂട്ടണം. ജീവപര്യന്തമോ 7 വർഷം വരെ തടവോ പിഴയോ ശിക്ഷയായി നൽകണമെന്നാണു പുതിയ ശുപാർശ. നിലവിൽ ജീവപര്യന്തമോ 3 വർഷം വരെ തടവോ ആണു ശിക്ഷ. 

∙ രാജ്യദ്രോഹ കുറ്റത്തിലെ വിവിധ വകുപ്പുകൾ ദുരുപയോഗം ചെയ്യുന്നതു തടയാൻ കേന്ദ്ര സർക്കാർ മാർഗരേഖ കൊണ്ടുവരണം. 

∙ കേസ് റജിസ്റ്റർ ചെയ്യുന്നതിനു മുൻപ് ഇൻസ്പെക്ടറിൽ കുറയാത്ത റാങ്കുള്ളയാൾ പ്രാഥമികാന്വേഷണം നടത്തണം. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 7 ദിവസത്തിനുള്ളിൽ പ്രാഥമികാന്വേഷണം നടത്തി സർക്കാരിനു റിപ്പോർട്ട് നൽകണം. സർക്കാർ അനുമതിയോടെ വേണം എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ. 

∙ 124എ വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന 1962 ലെ കേദാർനാഥ് കേസിലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ നിയമത്തിന്റെ ലക്ഷ്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവയെ ഒരുപോലെ പരിഗണിച്ചു വ്യക്തത വരുത്തണം. വാക്കോ പ്രവൃത്തിയോ അക്രമത്തിനു കാരണമാകുകയോ പൊതുസമാധാനം തകർക്കുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് ഇതു രാജ്യദ്രോഹമാകുക. ഇതു നിയമത്തിൽ വ്യക്തമായിരിക്കണം. ഇല്ലെങ്കിൽ നിയമം ആശയക്കുഴപ്പം സൃഷ്ടിക്കാനും ദുരുപയോഗം ചെയ്യപ്പെടാനുമുള്ള സാധ്യതയുണ്ട്.

English Summary: Sedition law should be retained, needs to be more stringent; recommends National Law Commission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com