കണ്ണീർ തോരാതെ ബാലസോർ; തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങൾ, ഉറ്റവരെ തേടി ബന്ധുക്കൾ

odisha-balasore-train-tragedy-2
ദുരന്തപാതയിൽ: ഒഡീഷയിലെ ബാലസോറിൽ കൊറമാണ്ഡൽ എക്സ്പ്രസ്, ബെംഗളൂരു–ഹൗറ എക്സ്പ്രസ്, ചരക്കു ട്രെയിൻ എന്നിവ ഉൾപ്പെട്ട അപകടത്തിന്റെ ഡ്രോൺ ക്യാമറ ദൃശ്യം. ചിത്രം: പിടിഐ
SHARE

ബാലസോർ (ഒഡീഷ) ∙ ഒന്നിനു മുകളിൽ ഒന്നൊന്നായി 3 ട്രെയിനുകളുടെ കോച്ചുകൾ. അപകടം കഴിഞ്ഞ് 24 മണിക്കൂർ പിന്നിട്ടിട്ടും കോച്ചുകൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങൾ. സ്കൂളുകളിലും ആശുപത്രിയിലും ചിതറി കിടക്കുന്ന ഇരുനൂറിലധികം മൃതദേഹങ്ങൾ. ഉറ്റവരെ തിരഞ്ഞ് ഓടിനടക്കുന്ന ബന്ധുക്കൾ. ഒഡീഷയിലെ ബാലസോറിലെ ബഹനാഗ സ്റ്റേഷനും പരിസരവും ദുരന്തഭൂമിയായി മാറി. 

രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയായെന്ന് ഉച്ചയോടെ റെയിൽവേ അധികൃതർ അറിയിച്ചെങ്കിലും വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമ്പോഴും കോച്ചുകൾക്കുള്ളിൽ മൃതദേഹങ്ങൾ കാണാമായിരുന്നു. ട്രെയിൻ അപകടം നടന്നതിന്റെ തൊട്ടടുത്ത്, കൊയ്ത്തു കഴിഞ്ഞ പാടത്ത് വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററിൽ വന്നിറങ്ങിയ പ്രധാനമന്ത്രി ഏതാനും മിനിറ്റ് അപകടസ്ഥലം നോക്കിക്കണ്ടു. പിന്നീട് ജില്ലാ ആശുപത്രിയിലെത്തി ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു. 

ദുരന്തം നടന്ന ട്രാക്കിൽ നിന്ന് 200 മീറ്റർ അകലെയുള്ള ബഹനാഗ ഹൈസ്കൂളിന്റെ ഓഡിറ്റോറിയത്തിലാണു മൃതദേഹങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. ഒന്നിനു പിറകെ ഒന്നായി എത്തിച്ച മൃതദേഹങ്ങൾ പലതിലും ശരീരഭാഗങ്ങൾ ചതഞ്ഞരഞ്ഞിരുന്നു. ഇവ പ്ലാസ്റ്റിക് കൂടുകളിലേക്കു മാറ്റി. മറ്റുള്ളവ വെള്ളത്തുണിയിൽ പൊതിഞ്ഞു. ഇന്നലെ വൈകിട്ടും തിരിച്ചറിയാത്ത മൃതദേഹങ്ങളാണ് സ്കൂളിൽ കൂട്ടിയിട്ടിരിക്കുന്നത്. ഫ്രീസർ സംവിധാനമില്ലാത്തതിനാൽ പലതും ചീഞ്ഞു തുടങ്ങിയിരുന്നു. 

ദുരന്തമറിഞ്ഞ് ബംഗാളിൽ നിന്നും മറ്റും വന്ന നൂറുകണക്കിനു പേർ, ഉറ്റവർക്കായി അലറിക്കരഞ്ഞ് തിരഞ്ഞുനടന്നു. ബാലസോർ ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലും സോറോ ആശുപത്രിയിലുമാണ് ഭൂരിപക്ഷം പേരെയും ആദ്യം എത്തിച്ചത്. ചിലരെ പിന്നീട് കട്ടക്കിലെയും ഭുവനേശ്വറിലെയും കൊൽക്കത്തയിലെയും ആശുപത്രികളിലേക്കു മാറ്റി. സമീപമുള്ള കെട്ടിടങ്ങളും കല്യാണമണ്ഡപങ്ങളും താൽക്കാലിക ആശുപത്രികളാക്കി മാറ്റിയിരിക്കുകയാണ്. കര, നാവിക സേനകളും പ്രത്യേക ആശുപത്രികൾ സജ്ജമാക്കിയിട്ടുണ്ട്. 

ദുഃഖം അറിയിച്ച് ലോകനേതാക്കൾ

ന്യൂഡൽഹി ∙ ഒഡീഷ ട്രെയിൻ ദുരന്തത്തിൽ ലോകനേതാക്കൾ ഇന്ത്യയെ അനുശോചനം അറിയിച്ചു. ട്രെയിൻ‌ ദുരന്തത്തിലുണ്ടായ ജീവഹാനിയിൽ മാർ‌പാപ്പ അഗാധമായ ദുഃഖം രേഖപ്പെടുത്തി. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ, കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, നേപ്പാൾ പ്രധാനമന്ത്രി പ്രചണ്ഡ, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്, തുടങ്ങിയവരും അനുശോചനം അറിയിച്ചു.

English Summary: Odisha Balasore train tragedy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS