ADVERTISEMENT

പാലക്കാട് ∙ ഒഡീഷയിൽ ഒരു വലിയ അപകടം സംഭവിച്ചേക്കുമെന്നു റെയിൽവേ ഭയന്നിരുന്നു. ഏതാനും ദിവസങ്ങൾക്കു മുൻപ് നടന്ന ഉന്നതതല യോഗം ഇക്കാര്യം ചർച്ച ചെയ്യുകയും ചെയ്തു. ഒഡീഷയിലെ ഭുവനേശ്വർ ആസ്ഥാനമായി പ്രവർത്തിക്കുന്ന, ബാലസോർ ഉൾപ്പെടുന്ന ഈസ്റ്റ് കോസ്റ്റ് റെയിൽവേ മേഖലയാണ് ഏറ്റവും അപകടസാധ്യതയുള്ളതായി അന്നു വിലയിരുത്തിയത്. സമീപമുള്ള സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയും അപകടമേഖലയാണെന്നു വിലയിരുത്തി രണ്ടു മേഖലകളുടെയും മേധാവികൾക്ക് അപകടസാധ്യതാ മുന്നറിയിപ്പും നൽകി. 

ഒരു വർഷത്തിനിടെ രാജ്യത്തു ചെറുതും വലുതുമായ 210 അപകടങ്ങൾ നടന്നതായാണു റെയിൽവേയുടെ കണക്ക്. ജീവഹാനി കുറവാണെങ്കിലും അപകടങ്ങളിലെ വർധന സുരക്ഷാ‌വീഴ്ച സൂചിപ്പിക്കുന്നതാണ്. അപകടങ്ങളിൽ 90 ശതമാനവും സംഭവിച്ചതു ട്രെയിനുകൾ സിഗ്നൽ മറികടന്നതു മൂലമാണ്. ഷൊർണൂരിലേക്കുള്ള വേണാട് എക്സ്പ്രസ് കഴി​ഞ്ഞയാഴ്ച മാവേലിക്കരയ്ക്കടുത്തു ചെറിയനാട് സ്റ്റേഷനിൽ നിർത്താതെ പോയത് ഇത്തരത്തിലൊന്നായി കരുതുന്നു. 

വാജ്പേയി സർക്കാരിൽ, ഇപ്പോഴത്തെ ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ റെയിൽവേ മന്ത്രിയായിരിക്കെ സുരക്ഷയ്ക്കായി ഓരോ ടിക്കറ്റിനും പ്രത്യേക സെസ് ഏർപ്പെടുത്തിയിരുന്നു. തുടർന്നു വന്ന യുപിഎ സർക്കാർ സെസ് എന്ന പേര് ഒഴിവാക്കി തുക ടിക്കറ്റ് നിരക്കിൽ ലയിപ്പിച്ചു. അതുവരെ പിരിച്ച സെസ് വരവിൽ കാണിച്ച് അന്നത്തെ മന്ത്രി ലാലുപ്രസാദ് യാദവ് ലാഭം കാട്ടി. 

തുടർന്നുവന്ന മമതാ ബാനർജിയും ഇതേവഴി പിന്തുടർന്നു. ഓരോ കോച്ചും പരമാവധി ഉപയോഗിക്കാനായി ബ്രേക്ക് പവർ സർട്ടിഫിക്കറ്റ് (ഓരോ സർവീസും പൂർത്തിയാകുമ്പോൾ ട്രെയിനിന്റെ ബ്രേക്ക് പരിശോധിച്ച് അതിന്റെ കാര്യക്ഷമത ഉറപ്പുവരുത്തുന്ന സർട്ടിഫിക്കറ്റ്) പോലും ഇല്ലാതെ ട്രെയിനുകൾ ഓടിത്തുടങ്ങിയതും ഇക്കാലത്താണ്. വില കുറഞ്ഞ ചൈനീസ് ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തു സിഗ്നലിങ്ങിനും കോച്ച് നിർമാണത്തിനും അടക്കം ഉപയോഗിക്കാൻ തുടങ്ങി. സുരക്ഷാവെല്ലുവിളിയായ ഈ ഉൽപന്നങ്ങൾ ഇപ്പോൾ തിടുക്കത്തിൽ മാറ്റിവരികയാണ്.

രണ്ടു പതിറ്റാണ്ടായി റെയിൽവേയിൽ നിയമനങ്ങൾ കുറഞ്ഞതോടെ, വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന ജീവനക്കാരുടെ ജോലിഭാരവും സുരക്ഷാ ഭീഷണിയായി റെയിൽവേ ബോർഡ് വിലയിരുത്തിയിട്ടുണ്ട്. ലോക്കോ പൈലറ്റുമാരും ഗാർഡുമാരും മൂന്നോ നാലോ ദിവസം തുടർച്ചയായി ജോലി ചെയ്യേണ്ടി വരുന്നു. 

ഇത് അവരുടെ കാര്യക്ഷമതയെയും പെട്ടെന്നു പ്രതികരിക്കാനുള്ള കഴിവിനെയും ഇല്ലാതാക്കുന്നു. റെയിൽവേ ട്രാക്കുകൾ പരിശോധിക്കേണ്ട ഉദ്യോഗസ്ഥരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ട്. ഒഡീഷ, ഛത്തീസ്ഗഡ് മേഖലയെയാണു ജീവനക്കാരുടെ ക്ഷാമം കാര്യമായി ബാധിക്കുന്നത്. 

അഭിമാന പദ്ധതിയായ വന്ദേഭാരതിലാണ് ഇപ്പോൾ റെയിൽവേയുടെ മുഴുവൻ ശ്രദ്ധയും. ഇതുവരെ 19 വന്ദേഭാരത് ട്രെയിനുകൾ ഓടിത്തുടങ്ങി. 2023 ഓഗസ്റ്റ് 15നു മുൻപ് 75 വന്ദേഭാരത് എന്ന ലക്ഷ്യത്തിലെത്താൻ കുതിക്കുമ്പോഴാണു ബാലസോർ ദുരന്തം.

English Summary: Railway feared a tragedy in Odisha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com