ADVERTISEMENT

ബാലസോർ ∙ രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ ദുരന്തത്തിനു കാരണം മാനുഷിക പിഴവെന്നു സൂചന. അപകടത്തിനു തൊട്ടുമുൻപായി ബഹനാഗ ബസാർ സ്റ്റേഷനിലെ സിഗ്നലിങ് സിസ്റ്റത്തിലെ പോയിന്റ് സംവിധാനത്തിൽ അറ്റകുറ്റപ്പണി നടന്നിരുന്നു.

പോയിന്റ് നമ്പർ 17 എയിലെ പാളിച്ചയാണ് അപകടത്തിനിടയാക്കിയത്. ട്രെയിനുകളുടെ ദിശ നിർണയിക്കുന്നതാണു പോയിന്റ് സംവിധാനം. പച്ച സിഗ്നൽ ലഭിക്കുമ്പോൾ ട്രെയിൻ മെയിൻ ലൈനിലൂടെ കടന്നുപോകുന്ന തരത്തിലാണു പോയിന്റ് സംവിധാനം ഇവിടെ പ്രവർത്തിക്കേണ്ടിയിരുന്നത്. എന്നാൽ ബഹനാഗ ബസാറിൽ നേർവിപരീതമാണു സംഭവിച്ചത്. 

പച്ച സിഗ്നൽ തെളിഞ്ഞപ്പോൾ ട്രെയിൻ മെയിൻ ലൈനിൽനിന്നു തിരിഞ്ഞ്, ചരക്കുട്രെയിൻ നിർത്തിയിട്ടിരുന്ന ലൂപ് ലൈനിലേക്കു കയറി. സിഗ്നൽ ജോലികളിൽ മേലിൽ നടപടിക്രമങ്ങൾ കൃത്യമായി ഉറപ്പാക്കാൻ മുഴുവൻ ജീവനക്കാർക്കും റെയിൽവേ ബോർഡ് കർശന നിർദേശം നൽകി.

കൊറമാണ്ഡൽ എക്സ്പ്രസ് ലൂപ് ലൈനിലേക്കു കയറുമ്പോൾ റെയിൽവേ സ്റ്റേഷന് ഒരു കിലോമീറ്ററിനു മുൻപുള്ള ഡിസ്റ്റൻസ് സിഗ്നലും സ്റ്റേഷനിലേക്ക് പ്രവേശിക്കും മുൻപുള്ള ഹോം സിഗ്നലും സ്റ്റാർട്ടർ സിഗ്നലും പച്ചയായി കത്തിക്കിടന്നു. കൊറമാണ്ഡൽ ലൂപ്പിലേക്കു കയറുമ്പോൾ വേഗം 128 കിലോമീറ്ററായിരുന്നു. ബഹനാഗ ബസാറിൽ സ്റ്റോപ്പില്ലാത്തതിനാൽ മെയിൻ ലൈനിലൂടെ 130 കിലോമീറ്റർ വരെ വേഗത്തിൽ കടന്നുപോകാം. 

രണ്ടു യാത്രാ ട്രെയിനുകളുടെയും ലോക്കോപൈലറ്റുമാർക്കു പിഴവു സംഭവിച്ചിട്ടില്ലെന്നാണു ലഭ്യമായ വിവരങ്ങൾപ്രകാരം വിദഗ്‌ധർ വിലയിരുത്തുന്നത്. സൗത്ത് ഈസ്റ്റേൺ സർക്കിൾ റെയിൽവേ സേഫ്റ്റി കമ്മിഷണറുടെ നേതൃത്വത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചു.

ഡേറ്റാ ലോഗറിൽ എല്ലാം ഭദ്രം, പക്ഷേ...

റെയിൽവേയുടെ ഡേറ്റാ ലോഗർ വിഡിയോ ദൃശ്യങ്ങളിൽ അപകടം വ്യക്തമായി കാണാം. സ്റ്റേഷനിലേക്കു ട്രെയിനുകൾ വരികയും പോവുകയും ചെയ്യുമ്പോൾ അതിനുള്ള ക്രമീകരണങ്ങൾ വ്യക്തമാക്കുന്നതാണ് ഡേറ്റാ ലോഗർ റിപ്പോർട്ട്.

∙ സ്റ്റേഷനിലെ 4 ട്രാക്കുകളിൽ ഇരുവശങ്ങളിലുമുള്ള രണ്ടു ട്രാക്കുകൾ ചുവന്ന നിറത്തിലാണ്. ട്രെയിനുകൾ നിർത്തിയിട്ടിരിക്കുന്നുവെന്നാണ് ഇതു വ്യക്തമാക്കുന്നത്. ഇവ ഗുഡ്സ് ട്രെയിനുകളാണ്. ഇതിനിടെ എതിർദിശങ്ങളിൽനിന്നായി രണ്ടു ട്രെയിനുകൾ സ്റ്റേഷനിലേക്ക് എത്തുന്നതും കാണാം.

∙ നടുവിലെ രണ്ടു ട്രാക്കുകൾക്കു മഞ്ഞ നിറമാണ് വിഡിയോയിലുള്ളത്. സ്റ്റേഷനിലേക്കു വരുന്ന ട്രെയിനുകളെ സ്വീകരിക്കാൻ ട്രാക്കുകൾ സജ്ജമാണ് എന്നർഥം. മഞ്ഞനിറം കാണിക്കുന്ന ട്രാക്കിലേക്കു ട്രെയിനുകൾ പ്രവേശിക്കുന്നതോടെ സ്വാഭാവികമായും ചുവപ്പാകും. ഡേറ്റാ ലോഗറിൽ നാലു ട്രാക്കുകളും ഒരു ഘട്ടത്തിൽ ചുവപ്പിലേക്കു മാറുന്നതു കാണാം. എന്നാൽ കൊറമാണ്ഡൽ ഇതനുസരിച്ചല്ല നീങ്ങിയത്. ഈ പിഴവു സംഭവിച്ചതെങ്ങനെ എന്നാണു വിശദ അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടത്.

ലോക്കോ പൈലറ്റുമാർക്കും ഗാർഡുകൾക്കും പരുക്ക്

കൊൽക്കത്ത ∙ ദുരന്തത്തിൽപെട്ട 2 ട്രെയിനുകളുടെയും ലോക്കോ പൈലറ്റുമാർക്കും ഗാർഡുകൾക്കും പരുക്ക്. ഇവർ ആശുപത്രികളിൽ ചികിത്സയിലാണെന്നു റെയിൽവേ അറിയിച്ചു. അപകടത്തിൽപെട്ട ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോ പൈലറ്റ് പരുക്കില്ലാതെ രക്ഷപ്പെട്ടു.

പ്രധാനമന്ത്രി അപകടസ്ഥലം സന്ദർശിച്ചു; കുറ്റക്കാർക്ക് കടുത്ത ശിക്ഷ: മോദി

ബാലസോർ ∙ ട്രെയിൻ ദുരന്തത്തിൽ കുറ്റക്കാരെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും കടുത്തശിക്ഷ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അപകടത്തിൽനിന്നു പാഠം ഉൾക്കൊണ്ടു പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്നു മോദി പറഞ്ഞു.

അപകടസ്ഥലം സന്ദർശിച്ച മോദി, രക്ഷാപ്രവർത്തകരോടും റെയിൽവേ ഉദ്യോഗസ്ഥരോടും ആശയവിനിമയം നടത്തി. പരുക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത നാട്ടുകാർക്കു പ്രധാനമന്ത്രി നന്ദി പറഞ്ഞു. 

വൈകിട്ട് 3.45 നു വ്യോമസേനയുടെ ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി അപകടസ്ഥലത്തെത്തിയത്. ട്രെയിനുകൾ കൂട്ടിയിടിച്ചതിന്റെ ഏതാനും മീറ്റർ അകലെ പാടത്തു ഹെലികോപ്റ്ററിൽ ഇറങ്ങിയ മോദി ഏതാനും മിനിറ്റ് ഇവിടെ ചെലവഴിച്ചു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും ഒപ്പമുണ്ടായിരുന്നു. ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളോടും സംസാരിച്ചു. അപകടത്തിൽപെട്ടവർക്കു മികച്ച ചികിത്സ ഉറപ്പാക്കാൻ കാബിനറ്റ് സെക്രട്ടറിയോടും ആരോഗ്യ സെക്രട്ടറിയോടും നിർദേശിച്ചു.

മരിച്ചവരുടെ കുടുംബങ്ങൾക്ക് 12 ലക്ഷം

ന്യൂഡൽഹി ∙ ബാലസോർ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കു റെയിൽവേ 10 ലക്ഷം രൂപയും പ്രധാനമന്ത്രി 2 ലക്ഷം രൂപയും സഹായധനം പ്രഖ്യാപിച്ചു. ഗുരുതര പരുക്കുള്ളവർക്കു 2 ലക്ഷം വീതവും നിസ്സാര പരുക്കുള്ളവർക്ക് 50,000 രൂപ വീതവും റെയിൽവേ നൽകും. പരുക്കേറ്റവർക്കു പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നും 50,000 രൂപ വീതം നൽകും.

English Summary: Massive Train tragedy in Balasore in Odisha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com