എല്ലാ റെയിൽവേ സ്റ്റേഷനുകളിലെയും സിഗ്നൽ സംവിധാനം പരിശോധിക്കും

Mail This Article
ഷൊർണൂർ ∙ രാജ്യത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലെയും റിലേ റൂമുകൾ പരിശോധിച്ചു ന്യൂനതകൾ 14നു മുൻപ് അറിയിക്കാൻ റെയിൽവേ ബോർഡ് സോണുകൾക്കു നിർദേശം നൽകി. ഇലക്ട്രോണിക് ഇന്റർ ലോക്കിങ് സിസ്റ്റം സമഗ്രമായി പരിശോധിക്കണം. ഡബിൾ ലോക്കിങ് സംവിധാനം കാര്യക്ഷമമാണോ എന്നു നോക്കണം.
ബാലസോർ ദുരന്തത്തിനു കാരണമായ സിഗ്നൽ തകരാർ, 2021 ജനുവരി 14നു മംഗളൂരു റെയിൽവേ സ്റ്റേഷനു സമീപം റിപ്പോർട്ട് ചെയ്ത തകരാറിനു സമാനമാണെന്നു റെയിൽവേ കണ്ടെത്തിയിട്ടുണ്ട്. മംഗളൂരുവിൽ വലിയ അപകടമുണ്ടായില്ലെങ്കിലും സിഗ്നൽ സങ്കേതത്തിൽ സംഭവിച്ച പാളിച്ച രണ്ടിടത്തും ഒരേ തരത്തിലാണ്. ഇതോടെയാണു സമഗ്ര പരിശോധനയ്ക്കു നിർദേശം നൽകിയത്.
വൈ ആകൃതിയിൽ, മുകളിലേക്കു രണ്ട് ലൂപ് ലൈനുകളും താഴേക്ക് ഒരു മെയിൻ ലൈനുമാണ് ക്രോസിങ്ങിലുള്ളത്. മംഗളൂരൂവിൽ ലൂപ് ലൈനിലെ സിഗ്നൽ കൃത്യമാവുകയും മെയിൻ ലൈനിലെ സിഗ്നലിനു തകരാർ സംഭവിക്കുകയും ചെയ്തു. അന്നു സ്റ്റേഷനിലേക്കു പ്രവേശിക്കുന്ന ട്രെയിനിനാണു തെറ്റായ സിഗ്നൽ ലഭിച്ചത്. അതേസമയം, മംഗളൂരു സ്റ്റേഷനിൽ നിന്നു പുറത്തേക്കു പോകുന്ന ട്രെയിനിനു തെറ്റായ സിഗ്നൽ ലഭിച്ചെങ്കിൽ കൂട്ടിയിടി സംഭവിക്കുമായിരുന്നു എന്ന് അന്നു നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേ തരത്തിലുള്ള അപാകതയാണ് ബാലസോർ അപകടത്തിലും സംഭവിച്ചത്. ലൂപ് ലൈനിലെ സിഗ്നൽ തെറ്റിയതോടെ ട്രെയിനുകൾ കൂട്ടിയിടിക്കുകയായിരുന്നു.
ആദ്യമായാണ് ഒരു അപകടത്തിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപക പരിശോധന നടത്തി നേരിട്ടു ബോർഡിനെ അറിയിക്കാനുള്ള നിർദേശം വരുന്നത്. പരിശോധനയ്ക്കായി ഒരു ടീം റിലേ റൂമിൽ കയറുമ്പോൾ സോണുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എസ്എംഎസ് സന്ദേശം ലഭിക്കും വിധമാണു ക്രമീകരണം. വിവിധ റെയിൽവേ സ്റ്റേഷൻ പരിധികളിലെ ഗൂംടൈസ് എന്നറിയപ്പെടുന്ന, ട്രാക്കുകൾക്ക് അരികിലെ ഹൗസിങ് സിഗ്നലിങ് ഉപകരണങ്ങളുടെ പരിശോധനയ്ക്കു സവിശേഷ ശ്രദ്ധ പുലർത്തണമെന്നും ഉത്തരവിൽ പറയുന്നു.
English Summary : Signal system of all railway stations may be check