മണിപ്പുർ: ബാലനെയും അമ്മയെയും ആംബുലൻസിൽ ചുട്ടുകൊന്നു

Mail This Article
കൊൽക്കത്ത ∙ ആഭ്യന്തരമന്ത്രി അമിത്ഷായുടെ സന്ദർശനത്തിനുശേഷവും അക്രമങ്ങൾ തുടരുന്ന മണിപ്പൂരിൽ തലയ്ക്കുവെടിയേറ്റ് ആശുപത്രിയിലേക്കുപോയ 8 വയസ്സുകാരനെയും അമ്മയേയും മെയ്തെയ് കലാപകാരികൾ ആംബുലൻസിൽ ചുട്ടുകൊന്നു. ഒപ്പമുണ്ടായിരുന്ന ബന്ധുവും വെന്തുമരിച്ചു. കൺമുന്നിൽ നടന്ന ഈ സംഭവം പൊലീസ് രഹസ്യമാക്കി വച്ചെങ്കിലും അസം റൈഫിൾസാണ് പുറത്തുകൊണ്ടുവന്നത്. ഇംഫാൽ വെസ്റ്റിൽ ഞായറാഴ്ച വൈകിട്ടു നടന്ന ഈ ക്രൂരത പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നുവെന്ന് കേന്ദ്ര ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
കാങ്ചൂപിലെ അസം റൈഫിൾസിന്റെ ദുരിതാശ്വാസ ക്യാംപിൽ കഴിയുമ്പോൾ തലയ്ക്കു വെടിയേറ്റ ടോൺസിങ് ഹാങ്സിങിന്റെ ചികിൽസയ്ക്കാണ് അമ്മ മീന ഹാൻസിങ്ങും (45) ബന്ധു ലിഡിയ ലൗറെംബാമും (37) ഇംഫാലിലേക്കു പുറപ്പെട്ടത്. വഴി മധ്യേ മെയ്തെയ് മേഖലയിൽ ആംബുലൻസ് തടഞ്ഞുനിർത്തിയാണ് കലാപകാരികൾ തീവച്ചത്. ഇംഫാൽ വെസ്റ്റ് എസ്പി ഇബോംച സിങ്ങിന്റെ സാന്നിധ്യത്തിലായിരുന്നു അക്രമമെന്നാണു റിപ്പോർട്ട്.
ടോൺസിങ്ങിന്റെ പിതാവ് കുക്കി വംശജനാണ്. അമ്മയും ബന്ധുവും മെയ്തെയ് ക്രിസ്ത്യനും. മെയ്തെയ് വിഭാഗക്കാരിയായ അമ്മ കൂടെയുള്ളതിനാൽ ഇംഫാലിൽ അക്രമം ഉണ്ടാകില്ല എന്നു കരുതിയാണു കുട്ടിയെ റീജനൽ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് കൊണ്ടുപോയത്. ഏതാനും കിലോമീറ്റർ അസം റൈഫിൾസ് ആംബുലൻസിന് സുരക്ഷ ഉറപ്പാക്കിയിരുന്നു. പിന്നീട് സുരക്ഷ പൊലീസിനു കൈമാറി.
വൈകിട്ട് 6.30 ന് ഇംഫാൽ വെസ്റ്റിൽ ഇസോയി സെംബയിൽ രണ്ടായിരത്തോളം വരുന്ന മെയ്തെയ് ആൾക്കുട്ടം ആംബുലൻസ് തടഞ്ഞു തീയിടുകയായിരുന്നു. അക്രമാസക്തരായ ജനക്കൂട്ടത്തെ തടയാൻ പൊലീസ് വേണ്ടപോലെ ശ്രമിച്ചില്ലെന്നാണ് വെളിപ്പെടുത്തൽ.
ഇംഫാൽ വെസ്റ്റിനോടു ചേർന്നുള്ള കാങ്ചുപ് മേഖലയിൽ അനവധി കുക്കികൾ അസം റൈഫിൾസ് ക്യാംപിൽ കഴിയുന്നുണ്ട്. ക്യാംപിലേക്ക് മെയ്തെയ് വിഭാഗം പലതവണ വെടിയുതിർത്തതായി അസം റൈഫിൾസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനിടെയാണു ടോൺസിങ്ങിനു വെടിയേറ്റത്.
ഒരു മാസമായി മണിപ്പൂരിൽ നടക്കുന്ന വംശീയ കലാപത്തിൽ മരണം 100 പിന്നിട്ടു. വംശീയഹത്യ അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുക്കി വനിതകൾ ഡൽഹിയിൽ അമിത്ഷായുടെ വസതിക്കു മുൻപിൽ പ്രകടനം നടത്തി.
English Summary : Boy and mother burnt to death in ambulance in Manipur