ADVERTISEMENT

ന്യൂഡൽഹി ∙ രാജസ്ഥാനിൽ ഇടഞ്ഞുനിൽക്കുന്ന സച്ചിൻ പൈലറ്റുമായി കോൺഗ്രസ് ദേശീയ നേതൃത്വം ചർച്ച നടത്തും. പല സന്ദർഭങ്ങളിലും സച്ചിനെ സഹായിക്കുന്ന നിലപാടാണ് ഹൈക്കമാൻഡ് സ്വീകരിച്ചിട്ടുള്ളതെന്നും പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന നടപടി ഉണ്ടാകരുതെന്നും നേതൃത്വം ആവശ്യപ്പെടും. സംസ്ഥാനത്തെ പദവിക്കു പുറമേ, മുൻ ബിജെപി സർക്കാരിന്റെ കാലത്തെ അഴിമതിക്കെതിരെ അന്വേഷണം നടത്തണമെന്നതടക്കമുള്ള ആവശ്യങ്ങളിൽ നടപടി വേണമെന്നു സച്ചിൻ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങളിൽ ഹൈക്കമാൻഡിന്റെ ഉറപ്പു ലഭിച്ചാൽ അനുനയത്തിനു സച്ചിൻ തയാറാകും. 

സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെയാണു ചർച്ചയ്ക്കായി പാർട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്. വേണുഗോപാൽ കഴിഞ്ഞ ദിവസങ്ങളിൽ സച്ചിനുമായി ഫോണിൽ സംസാരിച്ചിരുന്നു. താൻ കോൺഗ്രസ് വിടില്ലെന്നാണ് അറിയിച്ചിരിക്കുന്നതെങ്കിലും സച്ചിൻ ചിലതെല്ലാം മറച്ചുവയ്ക്കുന്നുവെന്ന സംശയം ദേശീയ നേതൃത്വത്തിനുണ്ട്. ഈ സാഹചര്യത്തിലാണ് അദ്ദേഹവുമായി നേരിട്ടു കൂടിക്കാഴ്ച നടത്താനൊരുങ്ങുന്നത്. 

ഈ മാസം 11ന് അച്ഛൻ രാജേഷ് പൈലറ്റിന്റെ ചരമവാർഷിക ദിനത്തിൽ പുതിയ പാർട്ടി പ്രഖ്യാപിക്കാൻ സമ്മേളനം വിളിക്കുമെന്ന അഭ്യൂഹങ്ങളോട് സച്ചിൻ ഇനിയും പ്രതികരിച്ചിട്ടില്ല. ഇതിനിടെ, സച്ചിൻ കോൺഗ്രസ് വിടുകയോ പാർട്ടിയെ തകർക്കുകയോ ചെയ്യില്ലെന്ന് രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി സുഖ്ജിന്ദർ സിങ് രൺധാവ പറഞ്ഞു. 

English Summary: High Command invites Sachin Pilot for talks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com