ഗുണ്ടാനേതാവിനെ കോടതിവളപ്പിൽ വെടിവച്ചുകൊന്നു; വെടിവച്ചത് അഭിഭാഷക വേഷത്തിലെത്തിയ അക്രമി
Mail This Article
ലക്നൗ ∙ ഉത്തർപ്രദേശിൽ ഗുണ്ടാത്തലവനും ബിജെപി നേതാക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായ സഞ്ജീവ് മഹേശ്വരിയെ (ജീവ–48) കോടതി വളപ്പിൽ വെടിവച്ചുകൊന്നു. രാഷ്ട്രീയ നേതാവും മാഫിയ തലവനുമായ മുക്താർ അൻസാരിയുടെ വലംകൈയായ സഞ്ജീവ് മഹേശ്വരിയെ മറ്റൊരു കേസിന്റെ വിചാരണയ്ക്കായി ലക്നൗ കൈസർബാഗിലെ കോടതിയിൽ എത്തിച്ചപ്പോഴാണ് അഭിഭാഷക വേഷത്തിലെത്തിയ അക്രമി വെടിവച്ചത്. ജോൻപുർ സ്വദേശിയായ ശ്യാമ യാദവ് എന്ന അക്രമിയെ അഭിഭാഷകർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു. വെടിവയ്പിൽ ഒരു പൊലീസുകാരനും 2 വയസ്സുകാരിക്കും പരുക്കേറ്റു. ഇതിൽ പെൺകുട്ടിയുടെ നില ഗുരുതരമാണ്.
ബിജെപി നേതാക്കളായ ബ്രഹ്മദത്ത് ദ്വിവേദി (1997), കൃഷ്ണാനന്ദ് റായ് (2005) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ സഞ്ജീവ് ഉൾപ്പെട്ടിരുന്നു. ഇതിൽ, കൃഷ്ണാനന്ദ് എംഎൽഎയെ കൊലപ്പെടുത്തിയ കേസിൽ മുക്താർ അൻസാരി ശിക്ഷിക്കപ്പെട്ടു. ഈ കേസിൽ സഞ്ജീവിനെ കോടതി വിട്ടയച്ചിരുന്നു.
2017 ൽ ഹരിദ്വാറിൽ വ്യവസായി അമിത് ദീക്ഷിതിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ച ഇയാൾ ലക്നൗ ജയിലിലായിരുന്നു. ഇന്നലെ മറ്റൊരു കേസുമായി ബന്ധപ്പെട്ടു എസ്‍സി/എസ്ടി പ്രത്യേക കോടതിയിൽ ഹാജരാക്കിയപ്പോഴാണു വെടിയേറ്റത്. പടിഞ്ഞാറൻ യുപിയിലെ ഗുണ്ടാത്തലവൻ ആയ ഇയാൾക്കെതിരെ 22 കേസുകൾ നിലവിലുണ്ട്. ഏപ്രിലിൽ, ഗുണ്ടാ നേതാവും സമാജ്‍വാദി പാർട്ടി എംപിയുമായിരുന്ന അതീഖ് അഹമ്മദ്, സഹോദരൻ അഷ്റഫ് എന്നിവരെ പൊലീസ് നോക്കി നിൽക്കെ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു.
English Summary: Gangster Sanjeev Maheshwari murdered at lucknow court premises