പ്രതിരോധ രംഗത്ത് റഷ്യൻ ആശ്രിതത്വം കുറയ്ക്കും; യുഎസും ഫ്രാൻസുമായി കൂടുതൽ സഹകരണം

HIGHLIGHTS
  • യുഎസ്, ജർമനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുമായി കൂടുതൽ സഹകരണം
narendra-modi-7
നരേന്ദ്ര മോദി
SHARE

ന്യൂഡൽഹി ∙ യുക്രെയ്നുമായുള്ള യുദ്ധത്തെത്തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ റഷ്യയുടെ മേൽ ഏർപ്പെടുത്തിയ ഉപരോധവുമായി സഹകരിക്കുന്നില്ലെങ്കിലും ആയുധരംഗത്ത് റഷ്യയെ ആശ്രയിക്കുന്നതു കുറച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇന്ത്യ. 

റഷ്യയിൽ നിന്ന് എണ്ണ വാങ്ങി സംഭരിക്കുന്നുണ്ടെങ്കിലും ദീർഘകാല ആയുധക്കരാറുകൾക്കായി പടിഞ്ഞാറേക്കു നോക്കുകയാണ് ഇന്ത്യ. ജൂൺ 21ന് ആരംഭിക്കുന്ന നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിനിടയിൽ തേജസ്സ് യുദ്ധവിമാനത്തിന്റെ രണ്ടാം പതിപ്പിനാവശ്യമായ ജെറ്റ് എൻജിൻ സംബന്ധിച്ച കരാർ പൂർത്തിയാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞദിവസം യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ഡൽഹിയിൽ നടത്തിയ ചർച്ചകളിൽ ഇക്കാര്യത്തിൽ ധാരണയായിട്ടുണ്ടെന്നാണു വിവരം. ഏതാണ്ട് അതേ സമയത്ത് ഡൽഹിയിലെത്തിയ ജർമൻ പ്രതിരോധമന്ത്രി ബോറിസ് പിസ്റ്റോറിയസിന്റെ ലക്ഷ്യം 6 മുങ്ങിക്കപ്പൽ വിൽക്കുകയായിരുന്നു. 

ജനറൽ ഇലക്ട്രിക്കിന്റെ ‍ജിഇ–414 എൻജിനിലാണ് ഇന്ത്യയ്ക്ക് താൽപര്യം. തേജസ്സിനു പുറമേ, വികസനത്തിലുള്ള ആധുനിക മീഡിയം കോംബാറ്റ് വിമാനത്തിനും ഉതകുന്നതാകും ഈ എൻജിൻ. എൻജിൻ നൽകാൻ യുഎസ് മുൻപേ തയാറായിരുന്നെങ്കിലും ഇന്ത്യയിൽ നിർമിക്കാനുള്ള സാങ്കേതികവിദ്യ കൈമാറാൻ മടിയായിരുന്നു. ഇപ്പോൾ അക്കാര്യത്തിലും ധാരണയായിട്ടുണ്ടെന്നാണു സൂചന. ഇന്ത്യ സ്വന്തമായി വികസിപ്പിക്കുന്ന കാവേരി എൻജിൻ ഇനിയും തയാറായിട്ടില്ല. കാവേരി പൂർണതയിലെത്തിക്കാൻ ഫ്രാൻസിലെ സഫ്രാൻ (പഴയ സ്നെക്മ) കമ്പനിയുമായി സഹകരിച്ചുവരികയാണ്. 

ജർമനിയുടെ തീസ്സെൻക്രുപ്പ് കമ്പനിയാണ് മുങ്ങിക്കപ്പൽ നിർമിക്കാൻ ഇന്ത്യയിലെ മാസഗൺ ഡോക്സുമായി സഹകരിക്കുന്നത്. ഫ്ര‍ഞ്ച് സഹകരണത്തോടെയുള്ള സ്കോർപീൻ നിർമാണമാണ് നിലവിലുള്ള മുങ്ങിക്കപ്പൽ പദ്ധതി. റഷ്യയുടെ അമുർ മുങ്ങിക്കപ്പലിൽ ഇന്ത്യയ്ക്ക് താൽപര്യമുണ്ടായിരുന്നെങ്കിലും നറുക്കു വീണത് തീസ്സെൻക്രുപ്പിനാണ്. റഷ്യയുമായി ആയുധ ഇടപാടുകൾ വിലക്കിക്കൊണ്ട് അമേരിക്ക പ്രഖ്യാപിച്ച കാറ്റ്സ ഉപരോധം നിലനിൽക്കുകയാണ്. എന്നാൽ, നയതന്ത്രനീക്കത്തിലൂടെ നിലവിലുള്ള ഇടപാടുകൾക്ക് ഉപരോധത്തിൽ നിന്ന് ഇന്ത്യ ഒഴിവ് നേടിയിട്ടുണ്ട്. 

റഷ്യയിൽ നിന്നുള്ള എസ്–400 മിസൈലുകളുടെ കൈമാറ്റത്തിൽ കാലതാമസമുണ്ടാകുന്നുണ്ട്. ഉപരോധം മൂലം റഷ്യയുമായുള്ള പണമിടപാടുകൾ സങ്കീർണമായതാണ് ഒരു കാരണം. റഷ്യയുടെ ശ്രദ്ധ സ്വന്തം യുദ്ധാവശ്യങ്ങളിലേക്കു തിരിഞ്ഞതാണ് മിസൈൽ വൈകാനുള്ള പ്രധാനകാരണമായി ഇന്ത്യൻ പ്രതിരോധവകുപ്പ് ഉദ്യോഗസ്ഥന്മാർ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ വാങ്ങിയിരുന്ന ആയുധങ്ങളുടെ യന്ത്രഭാഗങ്ങളും അനുബന്ധ സാമഗ്രികളും ലഭിക്കാത്തതിനുള്ള കാരണവും ഇതാണത്രേ. 

English Summary: India to reduce dependency on Russia regarding weapons

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS