ADVERTISEMENT

ന്യൂഡൽഹി ∙ ബിജെപി എംപിയും റെസ്‌ലിങ് ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നൽകിയതു വ്യാജ പരാതിയാണെന്നു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവ് വെളിപ്പെടുത്തി. മകളോടു നീതിപൂർവമായ സമീപനമല്ല ബ്രിജ് ഭൂഷണ് ഉണ്ടായിരുന്നതെന്നും അതിനു മറുപടി നൽകുകയെന്ന ലക്ഷ്യത്തോടെയാണു വ്യാജപരാതി നൽകിയതെന്നും അദ്ദേഹം ദേശീയ വാർത്താ ഏജൻസിയോടു പറഞ്ഞു.

പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു ബ്രിജ് ഭൂഷണിനെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് റജിസ്റ്റർ ചെയ്തത്. ഈ മൊഴി മജിസ്ട്രേട്ടിനു മുന്നിലും ആവർത്തിച്ചിരുന്നു. എന്നാൽ, ഏതാനും ദിവസം മുൻപാണു പെൺകുട്ടി പുതിയ മൊഴി നൽകിയത്. ആദ്യ പരാതിയിൽ പറയുന്ന തരത്തിൽ ലൈംഗികാതിക്രമം ഉണ്ടായിട്ടില്ലെന്നാണു പിതാവിന്റെ വിശദീകരണം.

‘കേന്ദ്രസർക്കാർ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. അണ്ടർ 17 ഏഷ്യൻ ചാംപ്യൻഷിപ് യോഗ്യതാഘട്ടത്തിലെ തോൽവിയെക്കുറിച്ചു സുതാര്യമായ അന്വേഷണം നടത്തുമെന്നും പറഞ്ഞിട്ടുണ്ട്. ഈ ഘട്ടത്തിലെങ്കിലും തെറ്റു തിരുത്തേണ്ടത് എന്റെ കടമയാണ്. കോടതിയിൽ എത്തുന്നതിനു മുൻപു തന്നെ സത്യം പുറത്തുവരട്ടെ’– പിതാവ് പറഞ്ഞു. 2022 ൽ ലക്നൗവിൽ നടന്ന അണ്ടർ 17 ഏഷ്യൻ ചാംപ്യൻഷിപ് യോഗ്യതാ റൗണ്ടിന്റെ ഫൈനലിൽ പെൺകുട്ടി തോറ്റിരുന്നു. ഇന്ത്യൻ ടീമിൽ സിലക്‌ഷൻ ലഭിക്കാതെ വന്നതോടെയാണു ബ്രിജ് ഭൂഷണിനോടു വിരോധമായതെന്നാണു പിതാവിന്റെ വിശദീകരണം. റഫറിയുടെ തീരുമാനത്തിനു പിന്നിൽ ബ്രിജ് ഭൂഷണിന്റെ ഇടപെടലായിരുന്നുവെന്നും പറഞ്ഞു.

English Summary: Filed false complaint against Brij Bhushan says father of minor wrestler

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com