‘യുപിയിൽ തളച്ചിടുന്നത് പാർട്ടിക്കു ഗുണം ചെയ്യില്ല’; പ്രിയങ്ക ഗാന്ധി ദേശീയ ചുമതലയിലേക്ക്

HIGHLIGHTS
  • തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കു മേൽനോട്ടം വഹിക്കുന്ന സമിതിയെ നയിക്കും
Priyanka Gandhi | Photo: Twitter, @INCIndia
പ്രിയങ്ക ഗാന്ധി (Photo: Twitter, @INCIndia)
SHARE

ന്യൂഡൽഹി ∙ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പദവിയിൽ നിന്ന് പ്രിയങ്ക ഗാന്ധി ഒഴിയുന്നു. ദേശീയതലത്തിൽ പാർട്ടി ദൗത്യങ്ങൾ ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണിത്. യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ദയനീയ തോൽവിക്കു പിന്നാലെ കഴിഞ്ഞ ഒക്ടോബറിൽ പ്രിയങ്ക ചുമതലയൊഴിഞ്ഞതായി വിവരമുണ്ടെങ്കിലും പാർട്ടി ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 

4 പ്രധാന സംസ്ഥാനങ്ങളിൽ ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പും പിന്നാലെ ലോക്സഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെ, പ്രിയങ്കയെ യുപിയിൽ തളച്ചിടുന്നത് പാർട്ടിക്കു ഗുണം ചെയ്യില്ലെന്ന് നേതാക്കൾക്കിടയിൽ അഭിപ്രായമുണ്ട്. സംഘടനാതലത്തിൽ കോൺഗ്രസ് ദുർബലമായ യുപിയിൽ കഠിനാധ്വാനം ചെയ്തിട്ടും അതിന്റെ ഫലം തിരഞ്ഞെടുപ്പിൽ ലഭിക്കാത്തതിനാൽ അവിടെ നിന്നു പുറത്തു കടന്ന് ദേശീയ ചുമതല ഏറ്റെടുക്കുന്നതാണ് പ്രിയങ്കയുടെ രാഷ്ട്രീയ ഭാവിക്കും ഗുണം ചെയ്യുകയെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. 

രാഹുൽ ഗാന്ധിയെ പോലെ കോൺഗ്രസിന്റെ കരുത്തുറ്റ പ്രചാരകയായ പ്രിയങ്കയുടെ സേവനം തിരഞ്ഞെടുപ്പ് നടക്കുന്ന എല്ലായിടത്തും ഉപയോഗിക്കാനാണു പാർട്ടി തീരുമാനം. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കു മേൽനോട്ടം വഹിക്കാൻ പാർട്ടി ദേശീയതലത്തിൽ രൂപീകരിക്കുന്ന സമിതിയുടെ ചുമതല പ്രിയങ്കയ്ക്കു നൽകിയേക്കും. സോണിയ ഗാന്ധി സജീവ രാഷ്ട്രീയത്തിൽ നിന്നൊഴിഞ്ഞ സാഹചര്യത്തിൽ സ്ത്രീ വോട്ടർമാരെ കേന്ദ്രീകരിച്ചുള്ള കോൺഗ്രസ് പ്രചാരണത്തിന്റെ മുഖമായി പ്രിയങ്കയെ ഉയർത്തിക്കാട്ടും. ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ട് ഒട്ടേറെ വാഗ്ദാനങ്ങൾ കോൺഗ്രസ് തയാറാക്കുന്നുണ്ട്. ഇതിൽ പ്രിയങ്കയുടെ സജീവ ഇടപെടലുണ്ട്. 

അടുത്തിടെ കോൺഗ്രസ് വിജയിച്ച ഹിമാചൽ, കർണാടക നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്രചാരണരംഗത്തെ പ്രിയങ്കയുടെ സജീവ സാന്നിധ്യം പാർട്ടിക്കു ഗുണം ചെയ്തിരുന്നു. ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവിടങ്ങളിൽ കോൺഗ്രസിന്റെ താരപ്രചാരകയായി മുന്നിൽ നിൽക്കും. വരും മാസങ്ങളിൽ ഭാരത് ജോഡോ പദയാത്രയുടെ രണ്ടാം ഘട്ടത്തിലേക്കു രാഹുൽ കടക്കുമ്പോൾ തിരഞ്ഞെടുപ്പ്, സംഘടനാ പ്രവർത്തനങ്ങളിൽ പ്രിയങ്ക ശ്രദ്ധ കേന്ദ്രീകരിക്കും. 

English Summary: Priyanka leaves Uttar Pradesh for National Charge

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS