തിരഞ്ഞെടുപ്പുകൾ അടുത്തതോടെ പെൻഷൻ പരിഷ്കരണത്തിന് കേന്ദ്രം
Mail This Article
ന്യൂഡൽഹി ∙ ജീവനക്കാരുടെ വിഹിതം കൂടി ചേർത്തുള്ള നിലവിലെ ദേശീയ പെൻഷൻ പദ്ധതിക്കെതിരെ (എൻപിഎസ്) ഉയർന്ന വ്യാപക പ്രതിഷേധം തണുപ്പിക്കാൻ പെൻഷൻ പരിഷ്കരണത്തിന് കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടാണു നീക്കം. ഏറ്റവും അവസാനം വാങ്ങിയ ശമ്പളത്തിന്റെ 40–45% ചുരുങ്ങിയ പെൻഷനായി ലഭിക്കും വിധം പെൻഷൻ സമ്പ്രദായം പരിഷ്കരിക്കാനാണ് ആലോചന. പരിഷ്കരിച്ച സമ്പ്രദായത്തിലും ജീവനക്കാർ വിഹിതം നൽകേണ്ടിവരുമെങ്കിലും എൻപിഎസിനെക്കാൾ ഉയർന്ന പെൻഷൻ ലഭ്യമാകുമെന്നു കേന്ദ്രസർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പോർമുഖം തുറക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണു ജീവനക്കാരെ ഒപ്പം നിർത്താനുള്ള നീക്കം. രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ ഈ വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇതു ഗുണം ചെയ്യുമെന്നാണു ബിജെപിയുടെ കണക്കുകൂട്ടൽ.
അതേസമയം, വിഹിതം അടയ്ക്കാതെ തന്നെ ജീവനക്കാർക്ക് അവസാന ശമ്പളത്തിന്റെ 50% പെൻഷനായി നൽകിയിരുന്ന പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണമെന്ന ആവശ്യം പ്രായോഗികമല്ലെന്നാണു കേന്ദ്രത്തിന്റെ നിലപാട്. അധികാരത്തിലെത്തിയാൽ പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുമെന്നാണു കോൺഗ്രസ് വാഗ്ദാനം. ഇതു സംബന്ധിച്ച പ്രഖ്യാപനവും ഉടനെയുണ്ടാകും.
പഴയ പെൻഷൻ പുനഃസ്ഥാപിക്കുമെന്ന വാഗ്ദാനം ഹിമാചൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. അവിടെ അധികാരത്തിലേറിയതിനുപിന്നാലെ അതു നടപ്പാക്കുകയും ചെയ്തു. രാജ്യത്തുടനീളം പഴയ പെൻഷൻ എന്ന മുദ്രാവാക്യം കോൺഗ്രസ് ഉയർത്താനുള്ള സാധ്യത മുന്നിൽക്കണ്ടാണു പരിഷ്കരിച്ച പെൻഷനു കേന്ദ്രം രൂപം നൽകുന്നത്.
ക്ഷേമപദ്ധതികളിൽ ആളെക്കൂട്ടാൻ ഓട്ടം
ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപേ കേന്ദ്ര സർക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളിലേക്ക് പരമാവധി ആളുകളെ ചേർക്കാനുള്ള ദൗത്യത്തിനു വിവിധ മന്ത്രാലയങ്ങൾ വേഗം കൂട്ടി. ആയുഷ്മാൻ ഭാരത് (ആരോഗ്യം), പ്രധാനമന്ത്രി ഫസൽ ബീമാ യോജന, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (കൃഷി) എന്നീ പദ്ധതികളിലേക്കു പരമാവധി ആളുകളെ ചേർക്കുകയാണു ലക്ഷ്യം. ‘ക്ഷേമ സർക്കാർ’ എന്ന തിരഞ്ഞെടുപ്പു മുദ്രാവാക്യമുയർത്തുകയാണു ലക്ഷ്യം.
English Summary: Government of India to revise pension seeing lok sabha election 2024