ലൈംഗികബന്ധം: പ്രായം കുറയ്ക്കണമെന്ന് ബോംബെ ഹൈക്കോടതി

Mail This Article
മുംബൈ ∙ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായം പല രാജ്യങ്ങളും കുറച്ചിട്ടുണ്ടെന്നും നമ്മുടെ രാജ്യവും പാർലമെന്റും ലോകമെമ്പാടും നടക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ബോംബെ ഹൈക്കോടതി അഭിപ്രായപ്പെട്ടു. 17 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ 25 വയസ്സുകാരനെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് നിരീക്ഷണം.
പരസ്പര സമ്മതത്തോടെയാണ് ബന്ധത്തിലേർപ്പെട്ടതെന്നു പ്രതിയും പെൺകുട്ടിയും അറിയിച്ചിരുന്നു. ശരിഅത്ത് നിയമമനുസരിച്ച് തന്നെ പ്രായപൂർത്തിയായ ആളായാണ് പരിഗണിക്കുന്നതെന്നും പെൺകുട്ടി മൊഴി നൽകി. കുട്ടികൾക്കു നേരെയുളള ലൈംഗിക കുറ്റകൃത്യങ്ങൾ തടയാനുള്ള പോക്‌സോ നിയമം ചുമത്തിയുള്ള കേസുകൾ വർധിച്ചുവരുന്നതിലും ജസ്‌റ്റിസ് ഭാരതി ഡാംഗ്രെ ഉത്കണ്ഠ രേഖപ്പെടുത്തി.
കോടതി പറഞ്ഞത്:
ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള കൗമാരക്കാരുടെ അവകാശവും ലൈംഗിക അതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കപ്പെടാനുള്ള അവരുടെ അവകാശവും ഒരേ പോലെ മാനിക്കപ്പെടണം. വിവാഹപ്രായവും ലൈംഗിക ബന്ധത്തിനുള്ള സമ്മതവും വേർതിരിച്ചു കാണണം. 1940 മുതൽ 2012 വരെ, ഇന്ത്യയിൽ 16 വയസ്സായിരുന്നു ലൈംഗിക ബന്ധത്തിനുള്ള പ്രായം. എന്നാൽ, പോക്‌സോ നിയമം ഇത് 18 വയസ്സായി ഉയർത്തി. ഭൂരിഭാഗം രാജ്യങ്ങളിലും 14 – 16 വയസ്സാണ്.
English Summary: Bombay high court says high time to reduce age of consent for sexual relationship