റെസ്‌ലിങ് ഫെഡറേഷൻ: ബ്രിജ് ഭൂഷണിന്റെ പാനലിൽ 18 പേർ
Mail This Article
ന്യൂഡൽഹി ∙ ലൈംഗികാതിക്രമ ആരോപണത്തിൽ നടപടി നേരിടുന്ന ബിജെപി എംപി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ 18 അനുയായികൾ ദേശീയ റെസ്‌ലിങ് ഫെഡറേഷൻ (ഡബ്യൂഎഫ്ഐ) തിരഞ്ഞെടുപ്പിൽ മത്സരിക്കും. ഓഗസ്റ്റ് 12ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നലെയായിരുന്നു. അതേസമയം തന്റെ കുടുംബത്തിൽ നിന്നുള്ള ആരും മത്സരത്തിനില്ലെന്നു ബ്രിജ് ഭൂഷൺ പറഞ്ഞു.
പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ തുടങ്ങിയ എല്ലാ പ്രധാന പദവികളിലേക്കും ബ്രിജ് ഭൂഷണിന്റെ പാനൽ മത്സരിക്കുന്നുണ്ട്. 6 വൈസ് പ്രസിഡന്റ്, 2 ജോയിന്റ് സെക്രട്ടറി, 7 എക്സിക്യൂട്ടീവ് അംഗ പദവികളിലേക്കും ഇവർ പത്രിക നൽകിയെന്നാണു വിവരം.
കഴിഞ്ഞ ദിവസം ബ്രിജ് ഭൂഷൺ വിളിച്ചു ചേർത്ത യോഗത്തിൽ 22 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തിരുന്നു. ഓരോ സംസ്ഥാന ഫെഡറേഷനിലെയും 2 അംഗങ്ങൾക്കാണു ദേശീയ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനുള്ള അവകാശം. ഫലത്തിൽ 42 വോട്ട് വീതം ബ്രിജ് ഭൂഷണിന്റെ പാനലിനൊപ്പമുണ്ട്. അസം, ഹിമാചൽപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തിരുന്നില്ല.
English Summary : Wrestling Federation, 18 members on Brij Bhushan's panel