റെസ്‌ലിങ് ഫെഡറേഷൻ: അനിതയും സഞ്ജയ് സിങ്ങും ഏറ്റുമുട്ടും
Mail This Article
ന്യൂഡൽഹി ∙ ലൈംഗികാതിക്രമ ആരോപണത്തിൽ നടപടി നേരിടുന്ന ബിജെപി എംപി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ വിശ്വസ്തൻ സഞ്ജയ് സിങ്ങും 2010 കോമൺവെൽത്ത് ഗെയിംസിലെ സ്വർണ മെഡൽ ജേതാവ് അനിത ഷെറോണും ഇന്ത്യൻ റെസ്‌ലിങ് ഫെഡറേഷൻ (ഡബ്ലിയുഎഫ്ഐ) പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കും. ബ്രിജ് ഭൂഷണിനെതിരെ സമരരംഗത്തുണ്ടായിരുന്ന ബജ്റംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്ക് തുടങ്ങിയവരുടെ പിന്തുണയോടെയാണു അനിത ഷെറോൺ (38) മത്സരിക്കുന്നതെന്നാണു വിവരം. ബ്രിജ് ഭൂഷണിനെതിരായ കേസിലെ സാക്ഷികൂടിയാണിവർ.
ഭരണസമിതിയിലേക്കു മത്സരിക്കാൻ മുൻ ഇന്ത്യൻ താരം കർത്താർ സിങ്ങും പത്രിക നൽകി. 2 ഏഷ്യൻ ഗെയിംസ് സ്വർണ മെഡലുകൾ നേടിയിട്ടുള്ള കർത്താർ സിങ് മുൻപു ഫെഡറേഷൻ സെക്രട്ടറി ജനറൽ പദവി വഹിച്ചിട്ടുണ്ട്. ഇത്തവണ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കാണു പത്രിക നൽകിയിരിക്കുന്നത്. 4 വൈസ് പ്രസിഡന്റ് പദവികളിലേക്ക് മത്സരിക്കാൻ 5 പേരാണു രംഗത്തുള്ളത്.
ഭരണസമിതിയിലെ 15 പദവികളിലേക്കും ബ്രിജ് ഭൂഷണിന്റെ വിശ്വസ്തർ പത്രിക നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പിനു ചുമതല വഹിക്കുന്ന ജസ്റ്റിസ് എം.എം.കുമാർ ഇന്നലെയാണ് അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചത്. 12നാണു തിരഞ്ഞെടുപ്പ്.
English Summary : Wrestling Federation, Anita and Sanjay Singh will fight