ലോക ഗുസ്തി: പ്രമുഖ താരങ്ങൾ പിൻമാറിയേക്കും

Mail This Article
ന്യൂഡൽഹി ∙ ലോക ഗുസ്തി ചാംപ്യൻഷിപ്പിൽ നിന്നു ബജ്റംഗ് പുനിയയും വിനേഷ് ഫോഗട്ടും പിൻമാറിയേക്കും. െസപ്റ്റംബർ 16നു ബൾഗേറിയയിൽ ആരംഭിക്കുന്ന ലോക ചാംപ്യൻഷിപ്പിലേക്ക് എൻട്രികൾ ഈ മാസം 16നുള്ളിൽ നൽകണം. ഇതിനു മുൻപു ട്രയൽസ് നടത്തേണ്ടതുണ്ട്. എന്നാൽ, ഇതിൽ പങ്കെടുക്കുന്നതിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണു ബജ്റംഗ് പുനിയയുമായി ബന്ധപ്പെട്ടവർ പറയുന്നത്.
അതേസമയം, മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ പിന്തുണയോടെ റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ഡബ്ലിയുഎഫ്ഐ) പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന സഞ്ജയ് സിങ്ങിനെ പരാജയപ്പെടുത്താൻ ഗുസ്തി താരങ്ങൾ ഊർജിതമായി രംഗത്തിറങ്ങി. താരങ്ങളായ ബജ്റംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്ക് എന്നിവർ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ബന്ധപ്പെട്ട് ഇദ്ദേഹത്തിനു വോട്ട് ചെയ്യരുതെന്ന് അഭ്യർഥിച്ചു. ഇന്നലെ കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായും താരങ്ങൾ കൂടിക്കാഴ്ച നടത്തി. ആഭ്യന്തര മന്ത്രി അമിത് ഷായെ കാണാനും ശ്രമിക്കുന്നുണ്ട്.
2010 കോമൺവെൽത്ത് ഗെയിംസിലെ സ്വർണ മെഡൽ ജേതാവ് അനിത ഷെറോണാണു സഞ്ജയ് സിങ്ങിനെതിരെ മത്സരിക്കുന്നത്. ബ്രിജ് ഭൂഷണിനെതിരായ ലൈംഗികാതിക്രമക്കേസിലെ സാക്ഷി കൂടിയാണ് അനിത. നാളെയാണു തിരഞ്ഞെടുപ്പ്.
English Summary: Wrestlers will not participate in World Wresling Competition